കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ആക്ഷേപം. പോലീസ് സേനക്കുള്ളില്‍തന്നെ ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടക്കുന്നതായാണ് പുറത്തുവരുന്ന വിവരം. നടന്‍ ദിലീപ് അറസ്റ്റിലായതിനുശേഷമാണ് നീക്കങ്ങള്‍ സജീവമായത്. സംഭവത്തെക്കുറിച്ച് അന്വേഷണസംഘാംഗങ്ങള്‍ മേലുദ്യോഗസ്ഥരെ അറിയിച്ചു.

കേസുമായി ബന്ധപ്പെട്ടുള്ള രണ്ട് കാര്യങ്ങളാണ് പ്രധാനമായും പ്രതികൂലമായത്. കേസിലെ മാഡം എന്ന് പറഞ്ഞ കഥാപാത്രം. ഫെനി ബാലകൃഷ്ണന്‍ ഉന്നയിച്ച ആ മാഡത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുവെന്നത് പ്രചാരണങ്ങളായിരുന്നു. അത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുകയാണുണ്ടായത്. പിന്നീട് ദിലീപിന്റെ ആദ്യ വിവാഹത്തെ സംബന്ധിച്ചുള്ള വാര്‍ത്തകളും പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഇത് തെറ്റായ പ്രചാരണമാണ്. ഇവയെല്ലാം കേസന്വേഷണത്തെ ബാധിച്ചതായാണ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്.

കൊച്ചിയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ കാണിച്ചുവെന്നതും അട്ടിമറി ശ്രമത്തിന്റെ ഭാഗമായുണ്ടായതാണ്. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും മൊഴി നല്‍കിയിട്ടുണ്ട്. അന്വേഷണത്തെ അട്ടിമറിക്കുക, ചില ഉന്നതഉദ്യോഗസ്ഥരുടെ പ്രതിച്ഛായ മോശമാക്കുക എന്നിവയാണ് ഈ വാര്‍ത്തകളുടെ അടിസ്ഥാനമെന്നാണ് നിഗമനം.

ദിലീപിന്റെ കുടുംബവുമായി ബന്ധപ്പെട്ട് നടത്തുന്ന തെറ്റായ പ്രചാരണങ്ങള്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. ഇത് യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താനാണ് ശ്രമിക്കുക. ഇത്തരം ശ്രമങ്ങളെക്കുറിച്ച് എ.ഡി.ജി.പി ബി.സന്ധ്യയും ഡി.ജി.പിയെ അറിയിച്ചിട്ടുണ്ട്. വിവാഹവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പ്രചാരണം മാത്രമാണ്. കേസുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ എന്തിനാണ് അന്വേഷിക്കുന്നതെന്ന് പോലീസ് പറഞ്ഞതായി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.