X

ഫ്രഞ്ച് ഓപ്പണ്‍ കിരീടം ജോക്കോവിച്ചിന്; 23 ഗ്രാന്‍സ്‌ലാം, റെക്കോര്‍ഡ്

ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് പുരുഷ സിംഗിള്‍സ് കിരീടം സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക് ജോക്കോവിച്ചിന്. ഫൈനലില്‍ നാലാം സീഡ് നോര്‍വേയുടെ കാസ്പര്‍ റൂഡിനെയാണ് ജോക്കോവിച്ച് തോല്‍പ്പിച്ചത്. മൂന്നു സെറ്റുകളും സ്വന്തമാക്കിയായിരുന്നു ജോക്കോയുടെ ഏകപക്ഷീയ വിജയം. സ്‌കോര്‍: 76 (7/1), 63, 75.

ജോക്കോവിച്ചിന്റെ 23ാം ഗ്രാന്‍സ്ലാം കിരീടനേട്ടമാണ് ഇത്. ഇതോടെ ഏറ്റവുമധികം ഗ്രാന്‍സ്ലാം കിരീടം നേടുന്ന താരമെന്ന ലോക റെക്കോര്‍ഡ് ജോക്കോവിച്ച് സ്വന്തമാക്കി. മത്സരത്തിനു മുന്‍പ് 22 ഗ്രാന്‍സ്‌ലാം കിരീടങ്ങളുമായി ജോക്കോവിച്ചും റാഫേല്‍ നദാലും ഒപ്പത്തിനൊപ്പമായിരുന്നു. കരിയറിലെ കന്നി ഗ്രാന്‍സ്‌ലാം കിരീടം ലക്ഷ്യമിട്ടാണ് ഇരുപത്തിനാലുകാരന്‍ കാസ്പര്‍ റൂഡ് ഫൈനല്‍ പോരാട്ടത്തിന് ഇറങ്ങിയത്. എന്നാല്‍ മൂന്നാം തവണയും താല്‍ക്കാനായിരുന്നു വിധി. കഴിഞ്ഞവര്‍ഷത്തെ ഫ്രഞ്ച് ഓപ്പണിലും യുഎസ് ഓപ്പണിലും ഫൈനലിലെത്തിയിരുന്നെങ്കിലും കലാശപ്പോരാട്ടത്തില്‍ റൂഡിന് അടിതെറ്റിയിരുന്നു.

ഇതുവരെ 70 ഗ്രാന്‍സ്‌ലാം ടൂര്‍ണമെന്റുകള്‍ കളിച്ച മുപ്പത്തിയാറുകാരന്‍ ജോക്കോവിച്ച് 34ാം തവണയാണ് ഫൈനല്‍ കളിച്ചത്. സെമിയില്‍ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ഫൈനലിലെത്തിയത്.

webdesk13: