ബംഗളൂരു: അഴിമതിക്കേസുമായി ബന്ധപ്പെട്ട ആരോപണത്തില്‍ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറിന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ്. ബംഗളൂരു, കനകപുര എന്നിവിടങ്ങളില്‍ ഡികെയുമായി ബന്ധമുള്ള 15 ഇടത്താണ് സിബിഐ റെയ്ഡ് നടത്തിയത്. ശിവകുമാറിന്റെ സഹോദരനും ബംഗളൂരു റൂറല്‍ എംപിയുമായ ഡി കെ സുരേഷിന്റെ വീട്ടിലും റെയ്ഡ് ടത്തി.

ബംഗളൂരു സദാശിവം നഗറിലുള്ള ശിവകുമാറിന്റെ വീട്, കനകപുരയിലും ബംഗളൂരുവിലുമുള്ള ഡികെ സുരേഷന്റെ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് സിബിഐ എത്തിയത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത ധനാപഹരണക്കേസില്‍ കഴിഞ്ഞ വര്‍ഷം ശിവകുമാറിനെ ജയിലിലാക്കിയിരുന്നു. 2019 സെപ്തംബര്‍ മൂന്നിനാണ് കേസില്‍ ശിവകുമാറിനെ അറസ്റ്റ് ചെയ്തിരുന്നത്.

റെയ്ഡിന് പിന്നാലെ ഡികെയ്ക്ക് പിന്തുണയുമായി കര്‍ണാടക കോണ്‍ഗ്രസ് രംഗത്തു വന്നു. പൊതുജന ശ്രദ്ധ തിരിക്കാന്‍ ബിജെപി പ്രതികാര രാഷ്ട്രീയം കളിക്കുകയാണ് എന്നാണ് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചത്. ഉപതെരഞ്ഞെടുപ്പിനു വേണ്ടിയുള്ള കോണ്‍ഗ്രസ് ശ്രമങ്ങളെ ഇല്ലാതാക്കാനാണ് ബിജെപിയുടെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിബിഐയെ കളിപ്പാവയാക്കി മോദി-യെദ്യൂരപ്പ സഖ്യം നടത്തുന്ന രാഷ്ട്രീയനാടകമാണ് ഇതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പ്രതികരിച്ചു. യെദ്യൂരപ്പ സര്‍ക്കാറിന്റെ അഴിമതികളുടെ ചുരുളഴിക്കുകയാണ് സിബിഐ ചെയ്യേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.