X
    Categories: gulfNews

ആഗോള സമ്മേളനങ്ങള്‍ക്കുള്ള ആകര്‍ഷക കേന്ദ്രമായി വീണ്ടും ദോഹ

അശ്റഫ് തൂണേരി

ദോഹ: ലോക രാജ്യങ്ങള്‍ക്കിടയില്‍ ആഗോള സമ്മേളനങ്ങള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കുമുള്ള ആകര്‍ഷക കേന്ദ്രമായി വീണ്ടും ദോഹ. ടൂറിസം വ്യവസായങ്ങള്‍ക്കായുള്ള ലോകത്തെ മുന്‍നിര വ്യാപാര പ്രദര്‍ശനങ്ങളിലൊന്നായ ഐമെക്സ് ഫ്രാങ്ക്ഫര്‍ട്ട് 2023-ല്‍ ആണ് ഖത്തര്‍ ടൂറിസം നേതൃത്വത്തിലുള്ള പവലിയനുകള്‍ ശ്രദ്ധയാകര്‍ഷിച്ചത്. ഖത്തറിലെ പൊതു-സ്വകാര്യ മേഖലയിലുള്ള പതിനഞ്ചോളം കമ്പനികള്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ പങ്കെടുത്തു.

പല ആഗോള പരിപാടികളും കായിക മേളകളും മത്സരങ്ങളും നടത്തിയ അനുഭവസമ്പത്തിനു പുറമെ 2022 ഫിഫ ലോകകപ്പ് വിജയകരമായി സംഘടിപ്പിച്ചതോടെ ലോക രാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധനേടുകയായിരുന്നു ഖത്തറും തലസ്ഥാനമായ ദോഹയും. ലോകോത്തരമായ അടിസ്ഥാന വികസന സൗകര്യങ്ങളാണ് ഖത്തറില്‍ ഉള്ളത്. കൂടാതെ അത്യന്താധുനികമായ സജ്ജീകരണങ്ങളും സാങ്കേതിക സൗകര്യങ്ങളുമുള്ള കണ്‍വെന്‍ഷന്‍ സെന്ററുകളും ഹാളുകളും ഹോട്ടലുകളും ലഭ്യമാണ്. ക്രൂയിസ് ടൂറിസം രംഗത്തുള്‍പ്പെടെ വിനോദസഞ്ചാര മേഖലയിലും ഈയ്യിടെ വന്‍കുതിച്ചുചാട്ടമാണ് ഖത്തര്‍ നടത്തിയത്. ഈ വര്‍ഷത്തെ അറബ് ടൂറിസത്തിന്റെ തലസ്ഥാനം കൂടിയാണ് ദോഹ. ഐമെക്സ് ഫ്രാങ്ക്ഫര്‍ട്ട് 2023- പ്രദര്‍ശനം ഖത്തര്‍ ടൂറിസത്തിന് അവരുടെ ഏറ്റവും പുതിയ ഓഫറുകളും ഉത്പ്പന്നങ്ങളും വിവിധ സേവനങ്ങളും വ്യത്യസ്ത രാജ്യങ്ങളിലെ വ്യവസായ പ്രൊഫഷണലുകള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള വേദിയായി മാറി.

ഖത്തര്‍ എയര്‍വേയ്‌സ്, ദി റിറ്റ്‌സ് കാള്‍ട്ടണ്‍ ദോഹ, ഷാര്‍ഖ് വില്ലേജ്, എസ്.പി.എ, ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്റര്‍, ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, അറേബ്യന്‍ അഡ്വഞ്ചേഴ്‌സ്, തൗഫീഖ് ഹോളിഡേയ്‌സ്, 365 ഖത്തര്‍ അഡ്വഞ്ചേഴ്‌സ്, പെനിന്‍സുല കോംപാസ് ടൂറിസം, ജസ്റ്റ് അസ് ആന്റ് ഓട്ടോ, ഷെരാട്ടണ്‍ ദോഹ റിസോര്‍ട് ആന്റ് കണ്‍വെന്‍ഷന്‍ ഹോട്ടല്‍, ദി സെന്റ് റീജിസ് ദോഹ, വാള്‍ഡ്രോഫ് അസ്റ്റോറിയ ലുസൈല്‍ദോഹ, ഇന്‍ര്‍കോണ്ടിനെന്റല്‍ ദോഹ ബീച്ച് ആന്റ് സ്പാ തുടങ്ങിയ സ്ഥാപനങ്ങളാണ് പ്രദര്‍ശനത്തില്‍ പങ്കാളികളായത്.

webdesk11: