Connect with us

kerala

ആഭ്യന്തര കോമഡിയും പൂഞ്ഞാര്‍ കോളാമ്പിയും

പിണറായി വിജയന്‍ സര്‍ക്കാരിനും സി.പി.എമ്മിനും ഇക്കാര്യത്തില്‍ മൗനം സമ്മതമാണ്.

Published

on

നാഴികക്ക് നാല്‍പത് വട്ടം കളം മാറിച്ചവിട്ടിയ റെക്കോഡുള്ളതിനാല്‍ കേരള രാഷ്ട്രീയത്തിലെ എടുക്കാചരക്കായത് മാത്രമാണ് പി.സി ജോര്‍ജെന്ന രാഷ്ട്രീയ നേതാവിന്റെ രാഷ്ട്രീയ സമ്പാദ്യം. ലൈംലൈറ്റില്‍ നിന്നും അകന്നതോടെ സ്വന്തം പാര്‍ട്ടിയായ ജനപക്ഷം ചാണക പക്ഷമാക്കി ബി.ജെ.പിയിലാണ് ജോര്‍ജ്ജും മകനും ഒടുവില്‍ അഭയം തേടിയത്. നാക്കിന് എല്ലില്ലാത്തതിനാല്‍ വായില്‍ തോന്നുന്നത് കോതക്ക് പാട്ടെന്ന നിലയില്‍ എന്തും വിളിച്ചു പറയും. എല്ലാത്തിനും തെളിവുണ്ടെന്ന് വീമ്പ് പറയും ഒടുവില്‍ സിനിമയില്‍ ശങ്കരാടി കാണിക്കുന്ന പോലെ കൈ രേഖ ഉയര്‍ത്തിക്കാണിക്കും ഇതാണ് പി.സി സ്‌റ്റൈല്‍. ഇടത് മാറി വലത് മാറി ഒടുവില്‍ ചാണകക്കുഴിയില്‍ വി ണതോടെ ഇപ്പോള്‍ വര്‍ഗീയ വിഷം ചീറ്റുക എന്ന എളുപ്പ പണിയാണ് പി.സി പയറ്റുന്നത്. കൂട്ടിന് ക്രിസംഘികളും സാക്ഷാല്‍ സംഘികളുമുള്ളതിനാല്‍ യഥേഷ്ടം മേഞ്ഞ് നടക്കുകയാണ്. ഇപ്പോള്‍ മുസ്ലിംകള്‍ക്കെതിരെ വര്‍ഗീയ വിഷം തുപ്പി നടക്കുകയാണ് ജോര്‍ജ്ജ്. നിരന്തരം വര്‍ഗീയ വിഷം വിളമ്പുന്ന ഒരാള്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കാന്‍ എന്താണ് ഇത്ര വിമു ഖത എന്നതാണ് അത്ഭുതം. മനുഷ്യര്‍ക്കിടയില്‍ ജാതിമത വിഭാഗീയത ഉണ്ടാക്കുക മതത്തിന്റെ അടിസ്ഥാനത്തില്‍ ആളുകളെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള വര്‍ഗീയത പ്രസംഗി ക്കുക എന്നത് ഇന്ത്യന്‍ നിയമപ്രകാരം കുറ്റമാണ്. ആ കുറ്റം ഒരാള്‍ ചെയ്തു എന്ന് തെളിഞ്ഞാല്‍ മുന്‍പില്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ അയാള്‍ക്കെതിരെ പരാതിയില്ലാതെ കേസ് എടുക്കാനും നിയമനടപടികളുമായി മുന്നോട്ടു പോകാ നുള്ള ബാധ്യത ഭരണകുടത്തിനുണ്ട്. എന്നിട്ടും ഇതിനൊന്നും തയ്യാറാവാതെ പി.സിയെ കെട്ടഴിച്ചു വിട്ടിരിക്കുകയാണ് ആഭ്യന്തര വകുപ്പും പൊലീസും. മുഖ്യധാരയില്‍ നിന്ന് ആട്ടി അകറ്റപ്പെട്ട ഒരാള്‍ രാഷ്ട്രീയമായി മോഹഭംഗം വന്ന ഒരാള്‍ എന്തൊക്കെയോ പിച്ചും പേയും വിളിച്ചു പറയുന്നു.

അയാള്‍ പറയട്ടെ എന്ന രീതിയില്‍ അത്രത്തോളം ലാഘവത്തോടെ ഇതിനു മൗനാനുവാദം നല്‍കുന്നതിന് പിന്നില്‍ സര്‍ക്കാറിന് കൃത്യമായ അജണ്ടയുണ്ടെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഒരു പബ്ലിക് പ്ലാറ്റ്‌ഫോമില്‍ വന്ന് വര്‍ഗീയത പറയുന്നുണ്ടെങ്കില്‍ അയാള്‍ക്കെതിരെ കേസ് എടുക്കുക എന്നത് നിയമപരമായ ഭരണഘടനാപരമായ സര്‍ക്കാരിന്റെ ബാധ്യതയാണ്. എന്നാല്‍ പിണറായി വിജയന്‍ സര്‍ക്കാരിനും സി.പി.എമ്മിനും ഇക്കാര്യത്തില്‍ മൗനം സമ്മതമാണ്.

കേസ് എടുത്ത് പി.സിയെ വളര്‍ത്തണ്ട എന്ന ന്യായവാദത്തിലൂടെ പി.സിയെ പരോക്ഷമായി പിന്തുണച്ചു പോവുകയാണ് സര്‍ക്കാര്‍. കേസ് എടുക്കുക എന്നുള്ളതാണ് നിയമപരമായ കാര്യം. എന്നാല്‍ ഈ ഭരണകുടം അത് ചെയ്യുന്നില്ല. സ്ഥിരമായി ഒരേ കുറ്റം ആവര്‍ത്തിക്കുന്നയാളാണ് പി.സി. നേരത്തെ അനന്തപുരിയിലെ ഹിന്ദു മഹാപരിഷത്തിന്റെ ചടങ്ങില്‍ മറ്റു മതങ്ങളിലെ ആളുകളെ വന്ധീകരിക്കാന്‍ വേണ്ടി എന്തൊക്കെയോ പണികള്‍ മുസ്ലിംകള്‍ ചെയ്യുന്നു എന്ന് പ്രസംഗിച്ച് കേസില്‍ പെടുകയും ആ കേസില്‍ അറ സ്റ്റിലാക്കപ്പെടുകയും ചെയ്തിരുന്നു. അന്ന് കര്‍ശനമായ വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം നല്‍കുന്നത്. അന്നു തന്നെ പ്രോസിക്യൂട്ടര്‍ ഹാജരാവാതെ പി.സിക്കു വേണ്ടി ഒത്തു കളിച്ചുവെന്ന വിവാദം നിലനില്‍ക്കുന്നുണ്ട്. അറസ്റ്റു തന്നെ എ.കെ.ജി സെന്റര്‍ ആക്രമണ കേസില്‍ പ്രതിയെ പിടിക്കാതെ സര്‍ക്കാരും സി.പി.എമ്മും നക്ഷത്രമെണ്ണുന്ന സമയത്താണ്. താല്‍ക്കാലിക രക്ഷപ്പെടലിനു വേണ്ടി മാത്രം. 2023 ല്‍ ഇതിനേക്കാള്‍ വലിയ വര്‍ഗീയ പരാമര്‍ശങ്ങളുമായി ജോര്‍ജ് വിണ്ടും രംഗത്ത് വന്നു. ഇപ്പോഴിതാ 2025 ല്‍ പി.സി വീണ്ടും ഒരു ചാനലിലൂടെ മുസ്ലിംകള്‍ക്കെതിരായിട്ടുള്ള കടുത്ത വര്‍ഗീയ വിഭജന മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് രംഗത്ത് വരുന്നു. പി.സിയെ 153 എ ചുമത്തി ക്കൊണ്ട് അറസ്റ്റു ചെയ്തു പോയാല്‍ ഒരു കോടതിക്കും ജാമ്യം അനുവദിക്കാന്‍ കഴിയില്ല. കാരണം ഇത് അബദ്ധത്തില്‍ പറ്റിയതാണെന്നോ വാക്കുകള്‍ വളച്ചൊടിച്ചതാണെ ന്നോ പറഞ്ഞു ഒഴിവാക്കാന്‍ അയാള്‍ക്ക് ഒരിക്കലും പറ്റില്ല.

കാരണം നിരന്തരമായി അയാള്‍ തീവ്ര വര്‍ഗീയത പറഞ്ഞു കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട് ഇലക്ടറല്‍ പൊളിറ്റിക്സിന്റെ മുഖ്യധാരയില്‍ നിന്ന് ജനം ആട്ടി അകറ്റിയ ഒരാളെന്ന നിലയില്‍ മാത്രം പി.സിയെ കാണാനാവില്ല. ഇന്നയാള്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ കേരളത്തിലെ പ്രധാനപ്പെട്ട നേതാക്കളില്‍ ഒരാളാണ്. അതു കൊണ്ട് തന്നെ ഇത് പി.സിയുടെ വ്യക്തിപരമായ വാദമായി മാത്രം കാണാനാവില്ല. മുമ്പ് അനന്തപുരി സമ്മേളനത്തിന്റെ ഭാഗമായി വര്‍ഗീയത പ്രസംഗിച്ച കേസില്‍ അറസ്റ്റിലായി ജാ മ്യത്തിലായ പി.സിയെ കാണാന്‍ ഒരു മതപുരോഹിതന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചു പുറത്തിറങ്ങി വന്നപ്പോള്‍ അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് ബി.ജെ.പിക്കാര്‍ പൊലീസ് വാഹനം തടഞ്ഞത് വരെ നാം കണ്ടതാണ്.

പി.സി ഒറ്റപ്പെട്ട സംഭവമല്ല. വലിയ പൊളിറ്റിക്കല്‍ പ്രോജക്ടിന്റെ പ്രചാരകനാണ് എന്നത് ഈ സര്‍ക്കാര്‍ മാത്രം മനസിലാക്കുന്നില്ല. അല്ലെങ്കില്‍ അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് സര്‍ക്കാറിനു കൂടി സഹായകരമായ രീതിയില്‍ സമൂഹത്തില്‍ ഛിദ്രത സൃഷ്ടിക്കുക എന്ന പരിപാടിയാണ് നടത്തുന്നത്. സര്‍ക്കാറിനെ നയിക്കുന്നവരും പാര്‍ട്ടിയും അല്ലെങ്കില്‍ തന്നെ പ്രതിപക്ഷത്തിനെതിരെ ഒരു നറേറ്റീവ് സ്യഷ്ടിച്ച് തിരഞ്ഞെടുപ്പില്‍ താല്‍ക്കാലിക ലാഭം കൊയ്യാന്‍ ശ്രമിക്കുകയാണ്. അതിനാല്‍ തന്നെ പി.സിയും പല പി.സിമാരും എന്തു പറഞ്ഞാലും നമ്മള്‍ക്ക് കിട്ടണം വോട്ട് എന്നത് മാത്രമാണ് സര്‍ക്കാര്‍, ഇടത് നിലപാട്. പാലക്കാട് ഇതിന്റെ പ്രമോ സീന്‍ ആയിരുന്നു. ഇനി മുഴുസീന്‍ വരാനിരിക്കുന്നു. ഹണി റോസിന്റെ പരാതിയില്‍ ബോയെ അറസ്റ്റു ചെയത് അകത്താക്കാന്‍ കാണിച്ച വ്യഗ്രത പരസ്യ വര്‍ഗീയത പറയുന്ന പി.സിക്കെതിരെ എന്തേ കാണിക്കാത്തത്. ആഭ്യന്തര വകുപ്പ് ഇത്രമേല്‍ കോമഡിയായി മാറിയ ഒരു ഭരണ കുടം ലോകത്ത് തന്നെ കണ്ടേക്കില്ല.

 

kerala

എഡിഎമ്മിന്റെ മരണം; അഭിഭാഷകനെ ഒഴിവാക്കി കുടുംബം

ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടതിലുണ്ടായ അതൃപ്തിയെ തുടര്‍ന്ന് കുടുംബം അഭിഭാഷകനെ ഒഴിവാക്കുകയായിരുന്നു.

Published

on

എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലെ അഭിഭാഷകനെ ഒഴിവാക്കി കുടുംബം. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടതിലുണ്ടായ അതൃപ്തിയെ തുടര്‍ന്ന് കുടുംബം അഭിഭാഷകനെ ഒഴിവാക്കുകയായിരുന്നു. ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടിരുന്നില്ല എന്ന് കുടുംബം പറയുന്നു. ആവശ്യം സിബിഐ അന്വേഷണം മാത്രമാണെന്നും കുടുംബം വ്യക്തമാക്കി.

ഹര്‍ജിക്കാരിയുടെ താല്‍പര്യത്തിനും അഭിപ്രായത്തിനും വിരുദ്ധമായാണ് അഭിഭാഷകന്‍ ആവശ്യം ഉന്നയിച്ചതെന്നും കുടുംബം പറഞ്ഞു. തങ്ങള്‍ ഉന്നയിക്കാത്ത ആവശ്യം തിരുത്തണമെന്ന് അഭിഭാഷകനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നിഷേധിക്കുകയാണ് ഉണ്ടായതെന്നും കുടുംബം പറയുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ എസ് ശ്രീകുമാറായിരുന്നു കുടുംബത്തിനായി ഹാജരായിരുന്നത്.

സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയാണ് എഡിഎമ്മിന്റെ ഭാര്യ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിരുന്നത്. മരണത്തില്‍ സുതാര്യവും സത്യസന്ധവുമായ അന്വേഷണം വേണമെന്നും കുടുംബത്തിന് നീതി ലഭിച്ചുവെന്ന് പൊതുസമൂഹത്തിന് കൂടി ബോധ്യപ്പെടാനാകണമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

 

 

Continue Reading

kerala

ധനമന്ത്രി ഇന്ന് അവതരിപ്പിച്ചത് ജനത്തെ വഞ്ചിക്കുന്ന ബജറ്റ്: പി.കെ ബഷീര്‍ എംഎല്‍എ

അടിസ്ഥാന സൗകര്യ വികസനത്തിനോ ന്യൂനപക്ഷങ്ങളുടെയും പ്രവാസികളുടെയും ക്ഷേമത്തിനോ പുതുതായി യാതൊന്നും പ്രഖ്യാപിക്കാന്‍ സര്‍ക്കാറിന് സാധിച്ചില്ലെന്നും പി.കെ ബഷീര്‍ എംഎല്‍എ പറഞ്ഞു.

Published

on

ധനമന്ത്രി ഇന്ന് അവതരിപ്പിച്ചത് ജനത്തെ വഞ്ചിക്കുന്ന ബജറ്റാണെന്ന് പി.കെ ബഷീര്‍ എംഎല്‍എ. ഭൂനികുതി കൂട്ടി സാധാരണക്കാരെ ദ്രോഹിക്കാന്‍ ഇത്തവണയും മറന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു ബജറ്റ് വന്നുകഴിഞ്ഞാല്‍ സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ആശ്വാസമാണ് ഉണ്ടാകേണ്ടത്. എന്നാല്‍ കേരള സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ എല്ലാവര്‍ക്കും പേടിയാണെന്നും അദ്ദേഹം പറഞ്ഞു. പേടിച്ചത് പോലെ തന്നെ ഇത്തവണയും ജനദ്രോഹപരമായ നടപടികളാണ് പ്രഖ്യാപിച്ചതെന്നും അദേദഹം വ്യക്തമാക്കി.

വയനാടിന് കേന്ദ്ര സര്‍ക്കാര്‍ ഒന്നും നല്‍കുന്നില്ല എന്ന് വിലപിക്കുന്ന കേരള സര്‍ക്കാര്‍ നല്‍കിയത് വെറും 750 കോടിയാണ്. സന്നദ്ധ സംഘടനകളുടെ പ്രഖ്യാപനങ്ങള്‍ ഇതില്‍ കൂടുതലുണ്ടാകുമെന്നും പി.കെ ബഷീര്‍ എംഎല്‍എ സൂചിപ്പിച്ചു. പണമില്ലെന്നാണ് ഇതിനൊക്കെ ന്യായം പറയുന്നത്. അതേ സര്‍ക്കാര്‍ സാമ്പത്തികമായി മെച്ചപ്പെട്ടു എന്നും ബജറ്റില്‍ പറയുന്നു. ജനം ഏതാണ് വിശ്വസിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

അടിസ്ഥാന സൗകര്യ വികസനത്തിനോ ന്യൂനപക്ഷങ്ങളുടെയും പ്രവാസികളുടെയും ക്ഷേമത്തിനോ പുതുതായി യാതൊന്നും പ്രഖ്യാപിക്കാന്‍ സര്‍ക്കാറിന് സാധിച്ചില്ലെന്നും പി.കെ ബഷീര്‍ എംഎല്‍എ പറഞ്ഞു. ഞങ്ങള്‍ക്ക് ഈ പണി മതിയായി എന്ന മട്ടിലാണ് ബജറ്റ് അവതരണം സംഭവിച്ചതെന്നും ഞങ്ങള്‍ക്കും മതിയായി എന്ന് ജനത്തെക്കൊണ്ട് പറയിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

kerala

ബജറ്റ് സാധാരണക്കാരന് ഇരുട്ടടി: പിഎംഎ സലാം

Published

on

സംസ്ഥാന സർക്കാർ അവതരിപ്പിച്ചത് സാധാരണക്കാരന് ഇരുട്ടടിയാകുന്ന ജനദ്രോഹ ബജറ്റാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പ്രതികരിച്ചു. ഭൂനികുതി സ്ലാബ് 50 ശതമാനം വർധിപ്പിച്ചത് വലിയ ആഘാതമാണ്. പാവങ്ങളെ പിഴിഞ്ഞ് കോടികൾ വരുമാനമുണ്ടാക്കാൻ തന്നെയാണ് സർക്കാർ തീരുമാനമെന്ന് ഈ നീക്കത്തിൽനിന്ന് വ്യക്തമാണ്. കഴിഞ്ഞ കാലങ്ങളിലെന്ന പോലെ ക്ഷേമ പെൻഷൻ ഒരു രൂപ പോലും വർധിപ്പിക്കാത്തത് നിരാശാജനകമാണ്. പൊള്ളയായ വാഗ്ദാനങ്ങൾ കുത്തിനിറച്ച ഒരു ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്.
ക്ഷേമ പെൻഷൻ മുടങ്ങിയിട്ടും സർക്കാർ ആശുപത്രികളിൽ മരുന്നില്ലാതെ വലഞ്ഞിട്ടും പൊതുകടം നാൽപതിനായിരം കോടിയായിട്ടും ധനസ്ഥിതി മെച്ചപ്പെട്ടു എന്ന കള്ളമാണ് ബജറ്റിന്റെ തുടക്കത്തിൽത്തന്നെ പറഞ്ഞത്. സാധാരണക്കാർക്ക് ഗുണപ്രഗദമാകുന്ന യാതൊരു പ്രഖ്യാപനവും ബജറ്റിൽ ഇല്ല.
യാതൊരു ഫലവും സമ്മാനിക്കാത്ത നവകേരള സദസ്സിന്റെ ആർഭാടത്തിന് 500 കോടി അനുവദിച്ചത് ജനദ്രോഹ നടപടിയാണ്. ജലജീവൻ മിഷന് സംസ്ഥാന വിഹിതമായി കൊടുക്കേണ്ടത് 4500 കോടിയാണ്. സംസ്ഥാന വിഹിതം കൊടുക്കാത്തത് കൊണ്ട് കേന്ദ്ര വിഹിതം കേരളത്തിന് കിട്ടിയില്ല. ജലജീവൻ മിഷൻ വർക്ക് എടുത്തവർ ആത്മഹത്യയുടെ വക്കിലാണ്. 4500 കോടി കൊടുക്കാനുണ്ട്. ഇതേപ്പറ്റിയൊന്നും ബജറ്റ് പരാമർശിക്കുന്നില്ല.
ലോക കേരള സഭകളിൽനിന്ന് ലഭിച്ച നിർദേശങ്ങളിൽ ഒന്ന് പോലും പാലിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനമില്ല. തിരിച്ചുവന്ന പ്രവാസികളുടെ പുനരധിവാസം സംബന്ധിച്ചോ മറ്റ് ആനുകൂല്യങ്ങൾ സംബന്ധിച്ചോ ഒന്നും പറയുന്നില്ല. സാമ്പത്തിക ഞെരുക്കം മൂലം പ്രയാസപ്പെടുന്ന തദ്ദേശ സ്ഥാപനങ്ങളെ താങ്ങി നിർത്താനുള്ള യാതൊരു പദ്ധതികളും പറഞ്ഞിട്ടില്ല. തകർന്നടിഞ്ഞ് കിടക്കുന്ന ചെറുകിട വ്യാപാര മേഖല സർക്കാറിന്റെയോ ധനകാര്യ മന്ത്രിയുടെയോ ശ്രദ്ധയിൽ പതിഞ്ഞിട്ടില്ല എന്ന് ബജറ്റ് വ്യക്തമാക്കുന്നു. ഫലത്തിൽ കേരള ജനതക്ക് യാതൊരു ഗുണവും നൽകാത്ത, നൈരാശ്യവും ദ്രോഹവും മാത്രം സമ്മാനിക്കുന്ന ബജറ്റാണിത്. പുതുതായി എന്തെങ്കിലും പ്രതീക്ഷകളെങ്കിലും പങ്കുവെക്കാൻ സാധാരണ ബജറ്റുകളിൽ ശ്രദ്ധിക്കാറുണ്ട്. എന്നാൽ, ഈ ബജറ്റ് നിരാശ മാത്രമാണ് സമ്മാനിച്ചതെന്നും പി.എം.എ സലാം പറഞ്ഞു.

Continue Reading

Trending