ടെല്‍അവീവ്: സഊദി അറേബ്യയിലെ പര്യടനം പൂര്‍ത്തിയാക്കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രാഈലിലെത്തി. ടെല്‍അവീവില്‍ വിമാനമിറങ്ങിയ ട്രംപിനെയും സംഘത്തെയും ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹവും പത്‌നിയും ചേര്‍ന്ന് സ്വീകരിച്ചു. യഥാര്‍ത്ഥ സുഹൃത്തെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ട്രംപിനെ നെതന്യാഹു സ്വാഗതം ചെയ്തത്.

സന്ദര്‍ശത്തിനിടെ ഫലസ്തീന്‍ നേതാക്കളെയും അദ്ദേഹം കാണും. ഇസ്രാഈല്‍-ഫലസ്തീന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ഉത്തേജനം പകരുന്ന വിധം ഏതെങ്കിലും തരത്തിലുള്ള പ്രഖ്യാപനങ്ങള്‍ ട്രംപില്‍നിന്ന് ഉണ്ടാകുമോ എന്നാണ് അന്താരാഷ്ട്ര സമൂഹം കാത്തിരിക്കുന്നത്. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് ഇസ്രാഈലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ഫല്‌സീതനികളെ തള്ളിപ്പറയുകയും ചെയ്ത അദ്ദേഹത്തില്‍നിന്ന് ശുഭകരമായ എന്തെങ്കിലും നീക്കമുണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.
നെതന്യാഹുവുമായി ചര്‍ച്ച നടത്തിയ ശേഷം അധിനിവിഷ്ട കിഴക്കന്‍ ജറൂസലമിലെ രണ്ടു പ്രധാന കേന്ദ്രങ്ങള്‍ ട്രംപ് സന്ദര്‍ശിച്ചു. വെസ്റ്റേണ്‍ വാളി നുമുന്നിലെത്തിയ അദ്ദേഹം മതിലില്‍ കൈവെച്ചു. വെസ്റ്റേണ്‍ വാള്‍ സന്ദര്‍ശിക്കുന്ന ആദ്യ യു.എസ് പ്രസിഡന്റാണ് ട്രംപ്. അദ്ദേഹം വാഷിങ്ടണില്‍നിന്ന് പുറപ്പെടുന്നതിനുമുമ്പ് വെസ്റ്റേണ്‍ വാള്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. മതില്‍ ഇസ്രാഈലിന്റെ ഭാഗമാണെന്ന് സമ്മതിക്കാന്‍ പ്രമുഖ യു.എസ് ഉദ്യോഗസ്ഥര്‍ തന്നെ വിസമ്മതിച്ചിട്ടുണ്ട്. അമേരിക്കയുടെ എംബസി ടെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റുമെന്നതടക്കം നിരവധി വിവാദ പ്രസ്താവനകളിലൂടെ ഫലസ്തീനികളുടെ അപ്രീതി പിടിച്ചുവാങ്ങിയ ട്രംപിന്റെ സന്ദര്‍ശനത്തില്‍ ഫലസ്തീന്‍ നേതാക്കള്‍ നിരാശരാണ്. സമാധാനത്തിന് വിലങ്ങുതടിയായി നില്‍ക്കുന്ന നിയമവിരുദ്ധ അധിനിവേശ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ട്രംപ് ഇസ്രാഈല്‍ ഭരണകൂടത്തോട് ആവശ്യപ്പെടാതെ അനുരഞ്ജനം സാധ്യമല്ലെന്ന് ഫലസ്തീന്‍ നേതാക്കള്‍ വ്യക്തമാക്കി. നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയില്‍ ട്രംപ് അനധികൃത കുടിയേറ്റം തടയണമെന്ന് ആവശ്യപ്പെട്ടാല്‍ ഇസ്രാഈല്‍-ഫലസ്തീന്‍ സമാധാന പ്രക്രിയക്ക് ഗുണം ചെയ്യും. മറിച്ചാണെങ്കില്‍ കാര്യങ്ങള്‍ തകിടം മറിയുമെന്നും അവര്‍ പറഞ്ഞു.
അനുരഞ്ജന ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കാവുന്ന വിശ്വസ്തനായ ഇടനിലക്കാരനല്ല ട്രംപ് എന്ന്് ഹമാസ് വക്താവ് ഫൗസി ബര്‍ഹൂന്‍ അഭിപ്രായപ്പെട്ടു. ഇസ്രാഈലിന്റെ അധിനിവേശ പ്രവര്‍ത്തനങ്ങളെ പൂര്‍ണമായും പിന്താങ്ങുന്ന വ്യക്തിയാണ് ട്രംപ്. ഫലസ്തീന്‍ ജനതയോട് തെറ്റായ നയമാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ഹമാസിനെ ഭീകരപ്രസ്ഥാനമായി വിശേഷിപ്പിച്ച് ട്രംപ് നടത്തിയ പ്രസ്താവന വസ്തുതകള്‍ക്ക് വിരുദ്ധമാണെന്നും ഫൗസി കൂട്ടിച്ചേര്‍ത്തു.