X

പ്രകൃതി ക്ഷോഭത്തില്‍ ജാഗ്രത വെടിയരുത്-എഡിറ്റോറിയല്‍

മൂന്നു വര്‍ഷത്തെ ഇടവേളക്കുശേഷം കേരളം വീണ്ടുമൊരു മഹാപ്രളയത്തിലേക്ക് നീങ്ങുകയാണോ. 2018ലേതുപോലെ കാലവര്‍ഷം പതിവില്‍നിന്ന് വ്യത്യസ്തമായി രണ്ടു മാസത്തോളം വൈകിയാണ് ആരംഭിച്ചതെങ്കിലും മഴയും കാറ്റും സംഹാരം വിതക്കുകയാണെന്നാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇതിനകം ലഭിച്ചുകൊണ്ടിരിക്കുന്ന മരണങ്ങളുടെയും സ്വത്തു നാശത്തിന്റെയും വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. 2018ലെയും തൊട്ടടുത്ത വര്‍ഷത്തെയും പ്രളയങ്ങള്‍ വരുത്തിവെച്ച ഭവിഷ്യത്തില്‍നിന്ന് കേരളം വിമുക്തമാകാനിരിക്കെയായിരുന്നു കോവിഡ് മഹാമാരിയുടെ രൂപത്തില്‍ മറ്റൊരു പാതകം കേരളത്തിന്റെ സാധാരണ ജീവിതത്തെ താറുമാറാക്കിയത്. അതില്‍നിന്ന് നേരിയൊരു ശമനം കണ്ടുതുടങ്ങിയെന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് ഏതാനും ദിവസമായി തിമിര്‍ത്തുപെയ്യുന്ന മഴ കൂടുതല്‍ നാശനഷ്ടങ്ങളിലേക്ക് മലയാളിയെ ക്ഷണിക്കുന്നത്. ഒഴുക്കില്‍പെട്ടും മരം വീണും മൂന്നുദിവസത്തിനിടെ സംസ്ഥാനത്ത് ഡസനിലധികംപേര്‍ മരണപ്പെട്ടതായാണ് വിവരം. ഏതാനും പേരെ ഇനിയും കണ്ടുകിട്ടാനുമുണ്ട്. കണ്ണൂരിലും കോട്ടയത്തും പാലക്കാട്ടും ഉണ്ടായ ഉരുള്‍പൊട്ടലുകള്‍ കവളപ്പാറകളും കൂട്ടിക്കലുകളും ആവര്‍ത്തിക്കപ്പെടുമോ എന്ന ആശങ്ക ഉയര്‍ത്തുന്നു. ഒഴുക്കില്‍പെട്ട് രണ്ടര വയസുകാരിയടക്കം മരണമടഞ്ഞതും ആലുവയിലും ചാലക്കുടിയിലും കുട്ടനാട്ടും വെള്ളം കയറുന്നതും മഹാപ്രളയത്തിന് സമാനമായ സ്ഥിതിയെയാണ് സൂചിപ്പിക്കുന്നത്. ഇതുയര്‍ത്തിവിടുന്ന ആശങ്കയെ ശമിപ്പിക്കാനും ജനങ്ങള്‍ക്ക് ദേശഭേദമില്ലാതെ സംരക്ഷണം നല്‍കാനുമായിരിക്കണം സര്‍ക്കാരിന്റെയും ബന്ധപ്പെട്ടവരുടെയും സേവനം വിനിയോഗിക്കപ്പെടേണ്ടത്. 2018ല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ ഇത്തവണ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള മുന്‍കരുതല്‍ എത്രയും പെട്ടെന്ന ്‌സ്വീകരിച്ചേ മതിയാകൂ. അണക്കെട്ടുകളില്‍ പലതിലും വെള്ളം ഉയര്‍ന്നുകൊണ്ടിരിക്കുന്നതും അവ തുറന്നുവിടുന്നതും പരിസരത്തെ ആളുകളെ അറിയിച്ചുകൊണ്ടായിരിക്കണമെന്നതാണ് ഇതില്‍ പ്രധാനം. പ്രകൃതിക്ക് ഭരണകൂടമെന്നോ പൗരന്മാരെന്നോ വ്യത്യാസമില്ലാത്തതിനാല്‍ ജീവനും സ്വത്തും സംരക്ഷിക്കേണ്ട പ്രാഥമിക ബാധ്യത ജനങ്ങള്‍ക്കാണെന്നതും ഈയവസരത്തില്‍ ഒരാളും മറന്നുപോകരുത്.

പ്രവചിച്ചതനുസരിച്ചാണെങ്കിലും മൂന്നു ദിവത്തിനുള്ളില്‍ ഇത്രയുംപേര്‍ അപകടത്തിനിരയായതിന് കാരണം എവിടെയൊക്കെയോ ഇപ്പോഴും നാം അനവധാനത കാട്ടുന്നുണ്ടെന്നതിന്റെ സൂചനയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുന്‍കൂട്ടി ഉണര്‍ന്നിരുന്നെങ്കില്‍ മരണം ഇതിലും കുറയ്ക്കാമായിരുന്നു. പത്തു ജില്ലകളില്‍ ചുവപ്പു ജാഗ്രത പ്രഖ്യാപിച്ചിട്ടും 15 ഓളം പേര്‍ എങ്ങനെ മരിച്ചുവെന്ന് പഠിക്കണം. കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ക്കാണ് ഒന്നാമത്തെ ഉത്തരവാദിത്തം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി കൊടുത്തതുകൊണ്ട് മാത്രമായില്ല. വീടുകളിലും പരിസരങ്ങളിലും കുരുന്നുകളും കൗമാരക്കാരും അരുതാത്തയിടത്തേക്ക് പോകുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടത് രക്ഷിതാക്കളുടെയും പരിസരവാസികളുടെയും ഉത്തരവാദിത്തമാണ്. അതേപോലെയാണ് കടലില്‍ തിരയില്‍പെട്ട് കാണാതായവരുടെ കാര്യവും. മുന്നറിയിപ്പ് നല്‍കിയിട്ടും കടലില്‍ പോയവര്‍ക്ക് പറയാന്‍ ന്യായങ്ങളുണ്ടാകാമെങ്കിലും ജീവന്റെ കാര്യത്തില്‍ അതൊന്നും പര്യാപ്തമാകുന്നില്ല. കോഴിക്കോട്ട് കടലില്‍ പോയവരെ കാണാതായെന്ന വാര്‍ത്തയും മുനമ്പത്ത് വഞ്ചി മുങ്ങിയതും ഓര്‍മിപ്പിക്കുന്നത് ഇനിയും നാം പലതും പഠിച്ചിട്ടില്ലെന്നാണ്.

അണക്കെട്ടുകളില്‍ മുല്ലപ്പെരിയാറിലും ഇടുക്കിയിലും പറമ്പിക്കുളത്തും വയനാട്ടിലും സ്ഥിതി ആശങ്കയുടെ നിലയിലാണ്. 135 അടിയിലാണ് മുല്ലപ്പെരിയാറിലെ നിലവിലെ ജലനിരപ്പ്. ഇത് ഓരോ നിമിഷവും ഉയരാം. രാത്രിയാണ് മഴ പെരുക്കുന്നതെന്നതിനാല്‍ വെള്ളം തുറന്നുവിടുന്നത് പകല്‍ സമയങ്ങളില്‍ അറിയിപ്പ് നല്‍കിയാകണം. പെരിയാര്‍തീരത്ത് ആലുവയിലും ചാലക്കുടിയിലും അപ്പര്‍കുട്ടനാട്, കുട്ടനാട് ഭാഗങ്ങളിലും 2018നും 19നും സമാനമായ സ്ഥിതിയുണ്ടായേക്കാമെന്ന് കരുതിയുള്ള മുന്‍കരുതലുകള്‍ ഇപ്പോഴേ എടുക്കേണ്ടതുണ്ട്. ഭാരതപ്പുഴയില്‍ വെള്ളമുയരാനുള്ള സാധ്യത പറമ്പിക്കുളവുമായി ബന്ധപ്പെട്ടാണ്. ഇത് അത്രയും വലിയതോതിലുള്ള ഭീഷണിയുയര്‍ത്തുന്നില്ല. ചാലക്കുടിയിലും ആലുവയിലും പറവൂര്‍ ഭാഗത്തും വേണ്ടത്ര ശുഷ്‌കാന്തിയോടെ റവന്യൂവിഭാഗം പ്രവര്‍ത്തിക്കണം. ആറു ഡാമുകളില്‍ ഇതിനകം റെഡ്അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നൂറോളം ദുരിതാശ്വാസ ക്യാമ്പുകളാണ് ഇതിനോടകം തുറന്നിരിക്കുന്നത്. മഴ ശമിച്ചാലും വെള്ളം ഒഴുകിയെത്താനിരിക്കുന്നതേ ഉള്ളൂ എന്നത് മനസിലാക്കിവേണം കൂടുതല്‍ പേരെ മാറ്റിപ്പാര്‍പ്പിക്കാന്‍. ആദിവാസികളുടെ കാര്യത്തിലടക്കം ദുരിതബാധിതര്‍ക്കുവേണ്ട ഭക്ഷണസാധനങ്ങളും മറ്റും എത്തിക്കുന്നതിന് പണം ഒരു തടസമായിക്കൂടാ. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കേന്ദ്ര സേനകളുടെ നിതാന്ത സേവനവും ഉറപ്പുവരുത്തേണ്ടതുണ്ട്. മൂന്നു ദിവസത്തേക്ക് കൂടി മഴ തുടരുമെന്നും വടക്കന്‍ ജില്ലകളിലാകും ശക്തമാകുകയെന്നും പറയുമ്പോള്‍ ഈ ഭാഗത്തെ സംവിധാനങ്ങളും സന്ദര്‍ഭത്തിന്റെ ഗൗരവത്തിനൊത്ത് ഉയരണം. അതിനാകട്ടെ എല്ലാവരുടെയും ഇനിയുള്ള കൂട്ടായ പരിശ്രമം.

web desk 3: