X

മഴക്കെടുതി: 5168 പേരെ മാറ്റിപ്പാര്‍പ്പിച്ചു, മൂന്നു വീടുകള്‍കൂടി പൂര്‍ണമായി തകര്‍ന്നു

മഴക്കെടുതി രൂക്ഷമായതിനെത്തുടര്‍ന്നു സംസ്ഥാനത്ത് ഇതുവരെ 5168 പേരെ സുരക്ഷിക കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. 178 ദുരിതാശ്വാസ ക്യാംപുകള്‍ ഇതിനായി തുറന്നു. മൂന്നു വീടുകള്‍ കൂടി ഇന്നു (03 ഓഗസ്റ്റ്) പൂര്‍ണമായും 72 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. ഇതോടെ കഴിഞ്ഞ ഞായറാഴ്ച മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ സംസ്ഥാനത്തു പൂര്‍ണമായി തകര്‍ന്ന വീടുകളുടെ എണ്ണം 30 ആയി. 198 വീടുകള്‍ക്കു ഭാഗീക നാശനഷ്ടവുമുണ്ടായി.

തൃശൂരിലാണ് ഏറ്റവും കൂടുതല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചത്. ഇവിടെ 37 ക്യാംപുകളിലായി 1451 പേരെ മാറ്റി. തിരുവനന്തപുരത്ത് മൂന്നു ക്യാംപുകളിലായി 41 പേര്‍ കഴിയുന്നുണ്ട്. പത്തനംതിട്ടയില്‍ 32 ക്യാംപുകളിലായി 645 പേരെയും ആലപ്പുഴയില്‍ ഒമ്പതു ക്യാംപുകളിലായി 167 പേരെയും കോട്ടയത്ത് 36 ക്യാംപുകളിലായി 783 പേരെയും മാറ്റിപ്പാര്‍പ്പിച്ചു.

ഇടുക്കിയില്‍ തുറന്ന ഏഴു ദുരിതാശ്വാസ ക്യാംപുകളിലേക്ക് 128 പേരെ മാറ്റിപ്പാര്‍പ്പിച്ചു. എറണാകുളത്ത് 19 ക്യാംപുകളില്‍ 687 പേരുണ്ട്. പാലക്കാട് മൂന്നു ക്യാംപുകളിലായി 57 പേരെയും മലപ്പുറത്ത് നാലു ക്യാംപുകളിലായി 58 പേരെയും കോഴിക്കോട് 10 ക്യാംപുകളിലായി 429 പേരെയും വയനാട് 13 ക്യാംപുകളിലായി 572 പേരെയും കണ്ണൂരില്‍ നാലു ക്യാംപുകളിലായി 105 പേരെയും കാസര്‍കോഡ് ഒരു ക്യാംപില്‍ 45 പേരെയും മാറ്റിപ്പാര്‍പ്പിച്ചു.

കോട്ടയം, ഇടുക്കി, വയനാട് ജില്ലകളില്‍ ഓരോ വീടുകളാണ് ഇന്നു (03 ഓഗസ്റ്റ്) പൂര്‍ണമായി തകര്‍ന്നത്. തിരുവനന്തപുരം 10, കൊല്ലം 6, പത്തനംതിട്ട 12, ആലപ്പുഴ 8, ഇടുക്കി 2, എറണാകുളം 7, തൃശൂര്‍ 13, പാലക്കാട് 1, മലപ്പുറം 2, കോഴിക്കോട് 4, വയനാട് 6, കാസര്‍കോഡ് 1 എന്നിങ്ങനെയാണു വിവിധ ജില്ലകളില്‍ ഭാഗീകമായി തകര്‍ന്ന വീടുകളുടെ എണ്ണം.

സംസ്ഥാനത്ത് കാലാവസ്ഥാ മുന്നറിയിപ്പിന്റെ ഭാഗമായി നല്‍കിയ റെഡ് അലേര്‍ട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിന്‍വലിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ നാളെ (ഓഗസ്റ്റ് 04) ഓറഞ്ച് അലേര്‍ട്ട് ആയിരിക്കും. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ ആന്ധ്രാപ്രദേശിനും വടക്കന്‍ തമിഴ്‌നാടിനും സമീപത്തായി മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നു. ഇതിന്റെ സ്വാധീനത്താല്‍ ഓഗസ്റ്റ് ഏഴു 7 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും (ഓഗസ്റ്റ് 03, 04) വരെയും കര്‍ണാടക തീരങ്ങളില്‍ ഇന്നു മുതല്‍ ഓഗസ്റ്റ് അഞ്ചു വരെയും മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

web desk 3: