X

യുപിയില്‍ ബി.ജെ.പി ഇനി വോട്ട് ചോദിച്ചുവരണ്ടയെന്ന് 38 സമുദായ സംഘടനകള്‍

ലക്‌നൗ: യുപിയില്‍ ബി.ജെ.പി ഇനി വോട്ട് ചോദിച്ചുവരണ്ടയെന്ന് സമുദായ സംഘടനകള്‍. എസ്.സി-എസ്.ടി നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ ഭേദഗതിയാണ് ഓള്‍ ഇന്ത്യ ബ്രാഹ്മണ്‍ മഹാസഭയുള്‍പ്പെടെ 38 സംഘടനകളെ പ്രകോപിപ്പിച്ചത്. കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ മധ്യ ലക്‌നൗവിലെ ഹസ്രത്ജംഗില്‍ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു.

കഴിഞ്ഞദിവസം പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുന്നതിനുള്ള വ്യവസ്ഥയ്‌ക്കെതിരെ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ നിയമത്തില്‍ ഭേദഗതി വരുത്തിയാണു കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടത്.
ഈ ഭേദഗതി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്നാണു ഓള്‍ ഇന്ത്യ ബ്രാഹ്മണ്‍ മഹാസഭയുള്‍പ്പെടെ 38 സംഘടനകളുടെ ആവശ്യം. അല്ലാത്തപക്ഷം വരാനിരിക്കുന്ന തെരഞ്ഞെടുപ്പികളില്‍ ബി.ജെ.പി ഇതിന്റെ പ്രത്യാഘാതം അനുഭവിക്കുമെന്നും സംഘടനകള്‍ മുന്നറിയിപ്പു നല്‍കി.

വനിതാ കമ്മിഷന്‍, ദലിത് കമ്മിഷന്‍, ന്യൂനപക്ഷ കമ്മിഷന്‍ പോലെ സവര്‍ണ കമ്മിഷനും വേണമെന്നു ബ്രാഹ്മണ്‍ മഹാസഭ ദേശീയ പ്രസിഡന്റ് കമലേഷ് തിവാരി പ്രതിഷേധത്തില്‍ സംസാരിക്കവെ ആവശ്യപ്പെട്ടു. രാജ്യത്തെ 85 ശതമാനം ജനങ്ങളെയും ബി.ജെ.പി ചതിച്ചുവെന്നും അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും തിവാരി പറഞ്ഞു. ജനങ്ങളുടെ താല്‍പര്യം മനസ്സിലാക്കാത്ത ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് സംസാരിക്കുന്നതെന്നും മോഹന്‍ ഭഗവത് മാനസിക തകരാറിനു ചികിത്സ തേടണമെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ അഭിസംബോധന ചെയ്തുള്ള നിവേദനം സംഘടനകള്‍ ഗവര്‍ണര്‍ക്കു കൈമാറി. പട്ടികജാതി, പട്ടികവര്‍ഗ നിയമത്തിലെ ഭേദഗതിക്കെതിരെ ശക്തമായ സമരത്തിലാണു യുപിയില്‍ വിവിധ സംഘടനകള്‍. യു.പിയിലെ ബരബങ്കി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വോട്ടുചോദിച്ചു മന്ത്രിമാര്‍ ഗ്രാമങ്ങളിലേക്കു പ്രവേശിക്കരുതെന്ന പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.

വോട്ടുചോദിച്ചു മന്ത്രിമാര്‍ ഗ്രാമങ്ങളില്‍ വന്നിട്ട് എന്തെങ്കിലും ദോശകരമായി സംഭവിച്ചാല്‍ അതിനു മന്ത്രിമാര്‍ തന്നെയായിരിക്കും ഉത്തരവാദികളെന്നാണ് പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്.

chandrika: