X

സഭയില്‍ വന്ന് ഇനി ആരും ‘യാചിക്കരുതെന്ന്’ വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: രാജ്യസഭയിലെ അംഗങ്ങളുടെ പെരുമാറ്റത്തില്‍ ചില മാറ്റങ്ങള്‍ വേണമെന്ന നിര്‍ദേശവുമായി സഭാധ്യക്ഷനായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഉപരാഷ്ട്രപതിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ സഭാ സമ്മേളനത്തില്‍ രാജ്യസഭാ ചെയര്‍മാന്‍ കൂടിയായ നായിഡു രാജ്യസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.

സഭയില്‍ കൊളോണിയല്‍ സ്വഭാവമുള്ള പദപ്രയോഗങ്ങള്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത് സ്വതന്ത്ര ഇന്ത്യയാണ്. അതിനനുസരിച്ചായിരിക്കണം സഭയിലെ അംഗങ്ങളുടെ പെരുമാറ്റം. രേഖകള്‍ സഭയില്‍ വെക്കുന്നതിനായി ഇനി മുതല്‍ യാചിക്കുന്നു എന്ന പദം ഉപയോഗിക്കരുത്. പട്ടികപ്പെടുത്തിയ രേഖകള്‍ മേശപ്പുറത്തു വെക്കണം എന്ന് മാത്രം പറഞ്ഞാല്‍ മതി.

മാറ്റം വേണമെന്നത് ഉത്തരവല്ലെന്നും നിര്‍ദേശം മാത്രമാണെന്നും രാജ്യസഭാ ചെയര്‍മാന്‍ കൂടിയായ വെങ്കയ്യ നായിഡു പറഞ്ഞു. ചരമക്കുറിപ്പുകള്‍ വായിക്കുന്നതിലും അദ്ദേഹം മാറ്റം വരുത്തി. മുന്‍ഗാമികളായ ഹാമിദ് അന്‍സാരിയും ഭൈറോണ്‍സിങ് ഷെഖാവത്തും ഇരുന്നുകൊണ്ടാണ് ചരമക്കുറിപ്പ് വായിച്ചിരുന്നത്. എന്നാല്‍ എഴുന്നേറ്റു നിന്നാണ് വെങ്കയ്യ നായിഡു സഭയില്‍ അന്തരിച്ച അംഗങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്ന ചരമക്കുറിപ്പ് വായിച്ചത്.

chandrika: