X
    Categories: MoreViews

ആധാര്‍; സ്‌റ്റേയില്ല സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി

 

ന്യൂഡല്‍ഹി: സര്‍ക്കാര്‍ സേവനങ്ങളെ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന് സ്‌റ്റേയില്ല. അതേസമയം ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2018 മാര്‍ച്ച് 31വരെ നീട്ടുന്നതായി സുപ്രീംകോടതി അറിയിച്ചു. ആധാറിന്റെ നിയമസാധുത ചോദ്യം ചെയ്തുള്ള 28 റിട്ട് ഹര്‍ജികളിന്മേല്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച ഇടക്കാല വിധിയിലാണ് ഇക്കാര്യം പറയുന്നത്.

ആധാറിന്റെ നിയമസാധുത സംബന്ധിച്ച കേസില്‍ അന്തിമ തീര്‍പ്പ് വരും വരെ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യമാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് തള്ളിയത്. പുതുതായി ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നവര്‍ക്ക് ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കുന്നതിന് മാര്‍ച്ച് 31 വരെ സമയം നല്‍കണമെന്ന ആവശ്യവും കോടതി നിരസിച്ചു. നിലവില്‍ ആധാര്‍ ഉള്ളവര്‍ക്ക് അത് നല്‍കി മാത്രമേ പുതിയ ബാങ്ക് അക്കൗണ്ട് ആരംഭിക്കാവൂ. ആധാര്‍ ഇല്ലാത്തവര്‍ക്ക് അതില്ലാതെ പുതിയ ബാങ്ക് അക്കൗണ്ട് ആരംഭിക്കാമെങ്കിലും മാര്‍ച്ച് 31ന് മുമ്പ് ആധാര്‍ സ്വന്തമാക്കി ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. ആധാര്‍ എന്റോള്‍ ചെയ്തവര്‍ തല്‍ക്കാലത്തേക്ക് എന്റോള്‍മെന്റ് നമ്പര്‍ നല്‍കണം. അല്ലാത്തവര്‍ എന്‍ റോള്‍ ചെയ്യുന്ന മുറക്ക് എന്റോള്‍മെന്റ് നമ്പര്‍ ബാങ്കില്‍ ഹാജരാക്കണമെന്നും കോടതി വ്യക്തമാക്കി. ആധാര്‍ കേസിലെ വിശദമായ വാദംകേള്‍ക്കല്‍ 2018 ജനുവരി 17ന് പുനരാരംഭിക്കുമെന്നും കോടതി പറഞ്ഞു. നിയമ സാധുത സംബന്ധിച്ച വിഷയത്തിലേക്കോ, സ്വകാര്യതയും മൗലികാവകാശവും ലംഘിക്കുന്നതാണെന്ന വിഷയത്തിലേക്കോ കോടതി ഇന്നലെ കടന്നില്ല.

ആധാറിന്റെ നിയമസാധുത സംബന്ധിച്ച തര്‍ക്കത്തില്‍ എത്രയും വേഗത്തില്‍ വ്യക്തത വരേണ്ടത് പൗരന്റെയും സര്‍ക്കാറിന്റെയും ആവശ്യമാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് നിരീക്ഷിച്ചു. സ്വകാര്യത മൗലികാവകാശമാണെന്ന ഓഗസ്റ്റ് 24ലെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി ആധാറിന്റെ നിയമസാുധത സംബന്ധിച്ച കേസില്‍ നിര്‍ണായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിയുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും സ്വകാര്യതയുടെയും മൗലികാവകാശങ്ങളുടേയും ഗുരുതരമായ ലംഘനമാണെന്നായിരുന്നു പരാതിക്കാരുടെ ആരോപണം.

chandrika: