X
    Categories: gulfNews

ഡോ. പി.എ. ഇബ്രാഹിം ഹാജി അനുസ്മരണം; ഇന്റര്‍ സ്‌കൂള്‍ ഡിബേറ്റ് മത്സരം സംഘടിപ്പിക്കുന്നു

കുവൈത്ത് ഇന്ത്യ ഇന്റെനാഷണല്‍ സ്‌കൂള്‍ സ്ഥാപകന്‍ ഡോ. പി.എ. ഇബ്രാഹിം ഹാജിയുടെ സ്മരാണാര്‍ത്ഥം കുവൈത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു ഇന്റര്‍ സ്‌കൂള്‍ ഡിബേറ്റ് മത്സരം സംഘടിപ്പിക്കുന്നു. ‘മീഡിയ സ്വാതന്ത്രമോ, അല്ലയോ?’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് കുവൈത്തിലെ 13 സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ ഈ മത്സരത്തിന് അണിചേരുന്നത്. വര്‍ത്തമാന കാലത്തു അന്താരാഷ്ട്രീയ തലത്തിലും ദേശീയ തലത്തിലും നിലനില്‍ക്കുന്ന സംഭവ വികാസങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ വിഷയം തെരഞ്ഞെടുത്തത്. ഈ വിഷയത്തെ സംബന്ധിച്ചു സംസാരിക്കാന്‍ കേരളത്തിലെ മുന്‍ ജലസേചന വകുപ്പ് മന്ത്രിയും കൊല്ലം ലോക്സഭാ അംഗവും പ്രമുഖ വാക്മിയുമായ എന്‍ കെ പ്രേമചന്ദ്രന്‍ കുവൈത്തിലെത്തും. ഡോ: പി എ ഇബ്രാഹിം ഹാജി അനുസ്മരണ പ്രഭാഷണം നടത്തുന്നതിന് കേരളാ പ്രതിപക്ഷ ഉപനേതാവും നിയമസഭാ അംഗവുമായ ഡോ: എം കെ മുനീറും കുവൈത്തിലെത്തുന്നുണ്ട്. മെയ് 5 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്കാണ് ഡിബേറ്റ് ആരംഭിക്കുക. കുവൈത്തിലെ മാധ്യമ രംഗത്തും നിയമ രംഗത്തും പ്രവര്‍ത്തിക്കുന്ന മൂന്നു പ്രമുഖരാണ് മത്സരത്തിന് വിധിനിര്‍ണയിക്കുന്നത്. ജേതാക്കള്‍ക്കുള്ള ട്രോഫി രണ്ടാം ദിനമായ ശനിയാഴ്ച വിശിഷ്ടാതിഥികള്‍ സമ്മാനിക്കും. അന്ന് തന്നെ കഴിഞ്ഞ വര്‍ഷത്തെ CBSE പൊതു പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടിയ 3 വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡോ: പി എ ഇബ്രാഹിം ഹാജി സ്മാരക ട്രോഫിയും സമ്മാനിക്കും.

2002ല്‍ കുവൈത്തിലെ മംഗഫില്‍ സ്ഥാപിതമായ ഇന്‍ഡ്യ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ 21 വര്‍ഷം പൂര്‍ത്തിയാക്കി ഒട്ടേറെ വിജയഗാഥകള്‍ രചിച്ചുകൊണ്ട് മുന്നേറുകയാണ്. പഠനനിലവാരത്തില്‍ പോലെതന്നെ അച്ചടക്കത്തിലും സ്വഭാവരൂപീകരണത്തിലും ഈ വിദ്യാലയം വഹിക്കുന്ന പങ്ക് നിസ്തുലമാണ്. അക്കാഡമിക് രംഗത്ത് തന്നെ സയന്‍സ് വിഷയത്തില്‍ ഈ വിദ്യാലയത്തിലെ ഒരു വിദ്യാര്‍ത്ഥിനി ഗള്‍ഫ് മേഖലയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയതും അന്നത്തെ മാനവ വിഭവശേഷി മന്ത്രിയായിരുന്ന സ്മൃതി ഇറാനി സ്‌കൂള്‍ അധികൃതരെ നേരില്‍ അഭിനന്ദനം അറിയിച്ചതും അവിസ്മരണീയമാണ്. ഇന്ത്യയിലും വിദേശത്തും ഇന്ന് തല ഉയര്‍ത്തി നില്‍ക്കുന്ന അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാരഥിയും പുത്തന്‍ കാഴ്ചപ്പാടുകളുടെ ശില്പിയുമായ ഡോ: പി എ ഇബ്രാഹിം ഹാജി 1993ല്‍ കുവൈത്ത് സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന് മുന്നില്‍ ഈ ആശയം പങ്ക് വെച്ചതിന്റെ സാഫല്യമാണ് 2002ല്‍ ആരംഭിച്ച ഈ വിദ്യാലയം. അദ്ദേഹം ഒരു വര്‍ഷം മുന്നേ കാലയവനികക്ക് മുന്നില്‍ മറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ സ്‌കൂള്‍ ഡയറക്ടര്‍ മലയില്‍ മൂസ കോയ, പ്രിന്‍സിപ്പാള്‍ കെ വി ഇന്ദുലേഖ, വൈസ് പ്രിന്‍സിപ്പല്‍ ഡോ: കെ സലിം, പേസ് ഗ്രൂപ്പ് പ്രതിനിധി മുഹമ്മദ് ഹിഷാം, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശിഹാബ് നീലഗിരി, മീഡിയ കോര്‍ഡിനേറ്റര്‍ അഫ്താബ് എന്നിവര്‍ പങ്കെടുത്തു.

 

webdesk11: