തിരുവനന്തപുരം: മദ്യം, മയക്കുമരുന്ന് സംബന്ധമായ പരാതികള്‍ പരിഹരിക്കാന്‍ എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് ആരംഭിച്ച പരാതിപരിഹാര നമ്പരിലേക്ക് പരാതി പ്രവാഹം. ഫോണ്‍ സന്ദേശങ്ങളായി മാത്രം ഇതുവരെ 12,951 പരാതികളാണ് ലഭിച്ചത്. വാട്‌സാപ്, എസ്എംഎസ്, ഇ–മെയില്‍ വഴി ലഭിച്ച പരാതികള്‍ക്കു പുറമേയാണിത്. കഴിഞ്ഞ ജൂണിലാണ് പരാതികള്‍ അറിയിക്കാന്‍ 9447178000 എന്ന നമ്പര്‍ എക്‌സൈസ് കമ്മിഷണര്‍ ആരംഭിച്ചത്.

കൊല്ലം ജില്ലയില്‍നിന്നാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചിരിക്കുന്നത്. പിന്നില്‍ വയനാടാണ്. ലഭിക്കുന്ന പരാതികള്‍ അതത് ജില്ലകളിലെ എക്‌സൈസ് ഓഫിസര്‍മാര്‍ക്കാണ് കൈമാറുന്നത്. പരാതികള്‍ നിശ്ചിത സമയത്തിനുള്ളില്‍ പരിഹരിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരാതികള്‍ക്കു വേഗത്തില്‍ പരിഹാരമാകുന്നതിനാല്‍ ഓരോ ദിവസവും പരാതികളുടെ എണ്ണം വര്‍ധിക്കുകയാണ്.

പൊതുസ്ഥലത്തെ മദ്യപാനം, മദ്യക്കച്ചവടം, കഞ്ചാവ്– പാന്‍മസാല ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന എന്നിവയെക്കുറിച്ചെല്ലാം പരാതി ലഭിക്കുന്നുണ്ട്. ബവ്‌റിജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലറ്റുകളെക്കുറിച്ചും പരാതിയുണ്ട്. അവ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറും.

ഓരോ ജില്ലയിലും ഇതുവരെ ലഭിച്ച പരാതി

തിരുവനന്തപുരം–1761

കൊല്ലം–1813

പത്തനംതിട്ട–837

ആലപ്പുഴ–1475

കോട്ടയം–995

ഇടുക്കി–648

എറണാകുളം–1016

തൃശൂര്‍–674

പാലക്കാട്–735

മലപ്പുറം–850

കോഴിക്കോട്–955

വയനാട്–242

കണ്ണൂര്‍–518

കാസര്‍ഗോഡ്–432