ദുബൈ: ആയിക്കണക്കിന് വാഹനങ്ങള്‍ അതിവേഗത്തില്‍ സഞ്ചരിക്കുന്ന യുഎഇയുടെ നട്ടെല്ലായ ശൈഖ് സായിദ് റോഡ് വ്യത്യസ്തവും മനോഹരവുമായി ഒരു കാഴ്ചക്കാണ് ഇന്ന് സാക്ഷ്യം വഹിച്ചത്. മോട്ടോര്‍ വാഹനങ്ങളെല്ലാം ഒഴിവാക്കി സൈക്കിളുകള്‍ മാത്രമാണ് ഇന്ന് രാവിലെ ഈ റോഡിലൂടെ സഞ്ചരിച്ചത്. ദുബൈ കിരീടാവകാശി ശൈഖ് ഹമദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂമിന്റെ നേതൃത്വത്തിലായിരുന്നു സൈക്കിള്‍ റൈഡ്.

നൂറുകണക്കിന് റൈഡര്‍മാരാണ് സൈക്കിളുകളുമായി റൈഡിനെത്തിയത്. ചരിത്രത്തിലാദ്യമായാണ് ശൈഖ് സായിദ് റോഡ് സൈക്കിള്‍ റൈഡര്‍മാര്‍ക്ക് മാത്രമായി തുറക്കുന്നത്. പുലര്‍ച്ചെ നാല് മണിക്ക് ആരംഭിച്ച സൈക്കിള്‍ റൈഡ് രാവിലെ എട്ട് മണിക്കാണ് അവസാനിച്ചത്.

ഓരോരുത്തരും കുറഞ്ഞത് നാല് കിലോ മീറ്ററെങ്കിലും സൈക്കിള്‍ ഓടിക്കണം, സ്വന്തം ഹെല്‍മറ്റും സൈക്കിളും കൊണ്ടുവരണം, മാസ്‌ക് ധരിക്കണം തുടങ്ങിയ നിബന്ധനകള്‍ സംഘാടകര്‍ ആദ്യമേ റൈഡിനെത്തുന്നവരെ അറിയിച്ചിരുന്നു.

പരിസ്ഥിതി സൗഹൃദമാകാനും മലിനീകരണം കുറക്കാനുമായി ദുബൈ ഒരു ബൈക്ക് സൗഹൃദ നഗരമാക്കി മാറ്റണമെന്ന് ഓഗസ്റ്റില്‍ തന്നെ ശൈഖ് ഹമദാന്‍ നിര്‍ദേശിച്ചിരുന്നു. ദുബൈ വിഷന്‍ 2021ന്റെ ഭാഗമായാണ് ശൈഖ് ഹമദാന്‍ ഈ നിര്‍ദേശം പുറപ്പെടുവിച്ചത്. ജോലി ചെയ്യാനും താമസിക്കാനും പറ്റിയ ലോകത്തെ മികച്ച സ്ഥലമാക്കി ദുബൈ മാറ്റുക എന്ന ഉദ്ദേശത്തോടെയാണ് ദുബൈ വിഷന്‍ 2021 ആസൂത്രണം ചെയ്തിരിക്കുന്നത്.