ദുബൈ: സുലൈമാനി, വിത്ത്, വിത്തൗട്ട്, പൊടിച്ചായ, മസാലച്ചായ… എന്തെല്ലാം തരത്തിലുള്ള ചായയാണ്! എന്നാല്‍ സ്വര്‍ണച്ചായ എന്നു കേട്ടിട്ടുണ്ടോ? അങ്ങനെ ചായയുടെ നീണ്ട വകഭേദങ്ങൡലേക്ക് അതും അവതരിച്ചു. സ്വര്‍ണം ലങ്കുന്ന ചായ. അങ്ങ് ദുബൈയിലാണ് കക്ഷി ജന്മമെടുത്തത്. ദുബൈ കറാമയിലെ ഫുഡ് കാ മൂഡ് റസ്റ്ററന്‍ഡില്‍.

24 കാരറ്റ് സ്വര്‍ണത്തിന്റെ ജ്വാലയുള്ള ചായയാണ് റസ്റ്ററന്‍ഡ് അവതരിപ്പിച്ചത്. ദുബൈയില്‍ പ്രശസ്തമായ കരക് ചായയില്‍ നിന്ന് മറ്റൊരു പതിപ്പ്. ‘കുങ്കുമകരക് ചായ’ (സഫ്‌റോണ്‍ കരക് ടീ) എന്നാണ് ഇതിനെ റസ്റ്ററന്‍ഡ് പരിചയപ്പെടുത്തുന്നത്. റസ്റ്ററന്‍ഡില്‍ കയറി അതൊന്നു മോന്തിക്കുടിക്കാം എന്നു കരുതുന്നവര്‍ രണ്ടു വട്ടം ആലോചിക്കണേ. വില അല്‍പ്പം കൂടുതലാണ്. അമ്പത്തിയൊന്ന് ദിര്‍ഹം. നാട്ടിലെ ആയിരം രൂപ. പരമാവധി അഞ്ചു ദിര്‍ഹം വരെ ഒരു ചായയ്ക്ക് ഈടാക്കുന്ന സ്ഥലത്താണ് 51 ദിര്‍ഹം വച്ച് ചായ വില്‍ക്കുന്നത്.

ടീ ഷെഫായ സന്‍കാര്‍ ഉഛട് ആണ് പുതിയ വിഭവം മെനുവില്‍ അവതരിപ്പിച്ചത്. ദീപാവലിക്ക് മുമ്പ് ആഘോഷപൂര്‍വ്വമാണ് പുതിയ ഷെഫിന്റെ വരവ് റസ്റ്ററന്‍ഡ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

ഇതേക്കുറിച്ച് റസ്റ്ററന്‍ഡ് ഉടമകളില്‍ ഒരാളായ ഭാര്‍വി ഭട്ടിന് പറയാനുള്ളത് ഇങ്ങനെ; ‘അടിസ്ഥാനപരമായി, ദുബൈയെ കുറിച്ച് ചിന്തിക്കുമ്പോള്‍ സ്വര്‍ണമാണ് ഒരു പര്യായമായി വരാറുള്ളത്. സ്വര്‍ണ നഗരമാണ് ദുബൈ. സ്വര്‍ണവുമായി ബന്ധപ്പെട്ട എല്ലാം ശ്രദ്ധയാകര്‍ഷിക്കുമെന്ന് ഞങ്ങള്‍ ചിന്തിച്ചു. അങ്ങനെയാണ് ഇതുണ്ടായത്. ഇത് നല്ല ആശയമാണ് എന്നുറപ്പുണ്ട്’