ദുബായ്: ദുബായ് ക്രീക്കില്‍ മലയാളി മുങ്ങി മരിച്ചു. കൊല്ലം സ്വദേശിയായ സഹദ് അബ്ദുള്‍ സലാമാണ് മീന്‍ പിടിക്കുന്നതിനിടയില്‍ കാല്‍ തെറ്റി വീണ് മരിച്ചത്. സംഭവം അറിഞ്ഞയുടനെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും സഹദിന്റെ മൃതദേഹമാണ് കണ്ടെത്താനായത്. ശരീരം ഫോറന്‍സിക് മെഡിസിന്റെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് മാറ്റി.

സഹദും സുഹൃത്തുക്കളും ജദ്ദാഹ് ജില്ലയിലെ ഒരു ക്രീക്കില്‍ മീന്‍ പിടിക്കാന്‍ പോവുകയായിരുന്നു. അതിനിടയില്‍ കാല്‍ വഴുതി വീണ് മരിക്കുകയായിരുന്നുവെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെ ബന്ധുക്കള്‍ക്ക് കൈമാറും. കൊല്ലം സ്വദേശിയായ സഹദിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.