X

ഹൈക്കോടതി സംരക്ഷണം ഉറപ്പുനല്‍കിയ വീടും അംഗപരിമിതന്റെ കടയും അടിച്ചു തകര്‍ത്ത് ഡിവൈഎഫ്‌ഐ

തിരുവല്ല: ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പൊലീസ് സംരക്ഷണമുള്ള വീട് അടിച്ചു തകര്‍ത്ത് ഡിവൈഎഫ്‌ഐ. സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെയും ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെയും നേതൃത്വത്തിലായിരുന്നു ആക്രമണം എന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ജനല്‍ച്ചില്ല് തറഞ്ഞു കയറി വീട്ടിലുണ്ടായിരുന്ന ഏഴു വയസ്സുകാരന് പരിക്കേറ്റു. കുറ്റൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ മുള്ളിപ്പാറയില്‍ ചക്കശ്ശേരിയില്‍ വീട്ടില്‍ പി.കെ. സുകുമാരന്റെ വീടും വാഹനങ്ങളുമാണ് തകര്‍ത്തത്.

സംഭവത്തില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി സാബു, ലോക്കല്‍ കമ്മിറ്റി അംഗം മോഹന്‍കുമാര്‍ എന്നിവരടക്കം 15 പേരെ പ്രതിയാക്കി പൊലീസ് കേസെടുത്തു. സുകുമാരന്റെ പരാതിയിലാണ് നടപടി.

സുകുമാരന്റെ കൊച്ചുമകന്‍ ശ്രാവണിനാണ് പരിക്കേറ്റത്. വീടിന്റെ ജനാലകള്‍ മുഴുവന്‍ അടിച്ചു പൊട്ടിച്ചു. ഞായറാഴ്ച രാത്രി പത്തു മണിയോടെയാണ് ആക്രമണമുണ്ടായത്. സുകുമാരന്റെ ഭൂമിയില്‍ മതില്‍ കെട്ടുന്നതിനെതിരെ പ്രാദേശിക സി.പി.എം നേതൃത്വം എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന്, സുകുമാരന്‍ കോടതിയെ സമീപിച്ച് അനുകൂലവിധി സമ്പാദിച്ചു. രണ്ടാഴ്ച മുമ്പ് മതില്‍ നിര്‍മാണം ആരംഭിച്ചതോടെ സി.പി.എം പ്രവര്‍ത്തകര്‍ ഭീഷണിയുമായി വീണ്ടുമെത്തി.

ഇതേതുടര്‍ന്ന് ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് സുകുമാരന്‍ ഹൈക്കോടതിയെ സമീപിച്ചു. കോടതി ഉത്തരവിെന്റ അടിസ്ഥാനത്തില്‍ തിരുവല്ല പൊലീസിന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞയാഴ്ചയാണ് മതില്‍ കെട്ടിയത്.

സുകുമാരന്റെ വീടിനടുത്തുള്ള ശാരീരിക വെല്ലുവിളി നേരിടുന്ന മട്ടയ്ക്കല്‍ രവീന്ദ്രന്റെ പെട്ടിക്കടയും അക്രമികള്‍ തകര്‍ത്തു.

Test User: