X

സംസ്ഥാനത്ത് ഗുരുതരമായ സാഹചര്യം; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎ

തിരുവനന്തപുരം: സംസ്ഥാനത്തെ ഗുരുതരമായ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഇതാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്‍കുമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.എബ്രഹാം വര്‍ഗീസ് അറിയിച്ചു.

സംസ്ഥാനത്തെ കോവിഡ് വ്യാപനം ഗുരുതരമാണ്. രോഗവ്യാപനം തടയാന്‍ കര്‍ശനമായ നടപടികള്‍ കൈക്കൊള്ളണം. ഇതിനായി ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നല്‍കും-എബ്രഹാം വര്‍ഗീസ് പറഞ്ഞു.

പ്രതിദിന കോവിഡ് ഏഴായിരത്തിനുമപ്പുറം കടന്ന ഗുരുതര സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. സമ്പര്‍ക്ക രോഗബാധയിലും വലിയ തോതില്‍ വര്‍ധനയുണ്ടാകുന്നു. ഉറവിടമറിയാത്ത രോഗങ്ങളും പെരുകുന്നതോടെ വലിയ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്.

അതേസമയം സംസ്ഥാനത്ത് ലോക്ഡൗണ്‍ അടക്കം പരിഗണിക്കണോ എന്ന വിഷയം ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരുന്നുണ്ട്. വീണ്ടുമൊരു ലോക്കഡൗണ്‍ ഏര്‍പെടുത്തുന്നതില്‍ ഭൂരിപക്ഷ രാഷ്ട്രീയ നേതൃത്വത്തിനും എതിര്‍പുണ്ട്. അങ്ങനെയെങ്കില്‍ നിലവിലെ നിയമങ്ങള്‍ കര്‍ശനമാക്കും. നിയമങ്ങളും നിയന്ത്രണങ്ങളും ഏര്‍പെടുത്തുന്നതിനായി പൊലീസിന് കൂടുതല്‍ ചുമതല നല്‍കും. വൈകീട്ട് നാലരക്കാണ് സര്‍വകക്ഷി യോഗം.

web desk 1: