X
    Categories: Views

ഹരിത തേജസ്സിന്റെഎഴുപതാണ്ട്

‘വര്‍ഗം, നിറം, ലിംഗം, ഭാഷ, മതം, രാഷ്ട്രീയവും മറ്റുമുള്ള അഭിപ്രായങ്ങള്‍, ദേശീയവും സാമൂഹികവുമായ സ്ഥാനം, സമ്പത്ത്, ജനനം പോലുള്ള നിലകള്‍ എന്ന വ്യത്യാസമേതുമില്ലാതെ, ഈ ‘പ്രഖ്യാപന’ത്തില്‍ മുന്നോട്ടുവെക്കുന്ന സ്വാതന്ത്ര്യം എല്ലാവര്‍ക്കും ബാധകമാണ്.’ 1948 ഡിസംബര്‍ പത്തിന് 58 രാജ്യങ്ങള്‍ പങ്കെടുത്ത ഐക്യരാഷ്ട്രസഭ പാസാക്കിയ ‘മനുഷ്യാവകാശം സംബന്ധിച്ച അന്താരാഷ്ട്ര പ്രഖ്യാപന’ത്തിന്റെ രണ്ടാം വകുപ്പിലെ വാചകമാണിത്.

ഇതിന് കൃത്യം ഒന്‍പതുമാസം മുമ്പ്, 1948 മാര്‍ച്ച് പത്തിന് ചെന്നൈയില്‍ രൂപീകൃതമായ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ മുഖ്യ ആശയ സംഹിതകളായി രേഖപ്പെടുത്തപ്പെട്ട വാക്യങ്ങള്‍ നോക്കുക: ‘ഇന്ത്യയുടെ സ്വാതന്ത്ര്യവും അഭിമാനവും നിലനിര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനും സഹായിക്കുകയും രാഷ്ട്രത്തിലെ ജനങ്ങളുടെ അന്തസ്സും ക്ഷേമവും സുഖവും വര്‍ധിപ്പിക്കുന്നതിന് പരിശ്രമിക്കുകയും ചെയ്യുക, രാഷ്ട്രത്തിലെ മുസ്‌ലിംകളുടെയും ഇതര ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളുടെയും എല്ലാ ന്യായമായ അവകാശങ്ങളും താല്‍പര്യങ്ങളും കരസ്ഥമാക്കുകയും രക്ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യുക, ഇന്ത്യയിലെ മുസ്‌ലിംകളുടെയും മറ്റു സമുദായക്കാരുടെയും ഇടയില്‍ പരസ്പര വിശ്വാസവും സന്മനസ്സും സ്‌നേഹവും മതിപ്പും രഞ്ജിപ്പും വളര്‍ത്തുക.’ ഇന്ത്യക്ക് ഭരണഘടനപോലും തയ്യാറായിട്ടില്ലാത്ത കാലത്താണ,് രാജ്യത്ത് സജീവമായ രണ്ടു പാര്‍ട്ടികള്‍ മാത്രമുള്ളപ്പോള്‍ മുസ്‌ലിംലീഗിന്റെ മഹാരഥന്മാരായ സാരഥികള്‍ ചെന്നൈ രാജാജി ഹാളില്‍ ചേര്‍ന്ന് രാജ്യത്തെ മുസ്‌ലിംകളാദി പൗരന്മാരുടെ ക്ഷേമൈശ്വര്യങ്ങള്‍ക്കും രഞ്ജിപ്പിനും പരിശ്രമിക്കുമെന്ന ചരിത്രപ്രഖ്യാപനം നടത്തിയത്.

മുസ്‌ലിംകള്‍ക്ക് സംഘടന വേണ്ടെന്നു വാദിച്ചവര്‍ക്കു കൂടിയുള്ള ചുട്ട മറുപടിയാണ് ഏഴു പതിറ്റാണ്ടായി രാഷ്ട്ര ശരീരത്തോടൊപ്പം ഒട്ടിനില്‍ക്കുന്ന മുസ്‌ലിംകളുടെയും ലീഗിന്റെയും മതേതരമനസ്സ്. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് അസ്തിത്വ-അഭിമാനബോധം പകരാനായി എന്നതാണ് ഈ സംഘശക്തിയുടെ പ്രധാന നേട്ടം. ന്യൂനപക്ഷങ്ങള്‍ രാഷ്ട്ര ശരീരത്തിലെ അര്‍ബുദമാണെന്നും അതിനെ പിഴുതെറിയണമെന്നും പറയുന്ന ഫാസിസ്റ്റ് കുടിലതക്ക് ഇന്ധനം പകരാന്‍ മതേതര നിയമങ്ങള്‍ അംഗീകരിക്കാനാവില്ല, സോഷ്യലിസം മുസ്‌ലിമിന്റേതല്ല, ആയുധമാണ് പരിഹാരം എന്നൊക്കെ പറഞ്ഞുനടന്ന അല്‍പബുദ്ധികളെ പച്ചതൊടീക്കാതിരിക്കാനും മാറിച്ചിന്തിപ്പിക്കാനും പാര്‍ട്ടിക്ക് കഴിഞ്ഞു. അതിലോല വികാരങ്ങള്‍ക്ക് വശംവദമാകുന്നവര്‍ക്കിടയില്‍ ആദര്‍ശത്തിന്റെ ചങ്കുറപ്പോടെ നിലനില്‍ക്കാന്‍ മുസ്‌ലിംലീഗിനിന്നും സാധ്യമാകുന്നത് അതിന്റെ സാംസ്‌കാരികവും വിദ്യാഭ്യാസപരവും ഭരണപരവുമായ നടപടികള്‍കൊണ്ടുകൂടിയാണ്.

മതത്തെയും ജാതിയെയും വര്‍ഗീയപ്പട്ടം ചാര്‍ത്തി നിഷിദ്ധമാക്കിയ സവര്‍ണ പൊതുബോധത്തിനു മുന്നിലേക്കാണ് മുസ്‌ലിംകളുടെയും അധ:സ്ഥിത വിഭാഗങ്ങളുടെയും ഉയിര്‍ത്തെഴുന്നേല്‍പ്പുകള്‍. പട്ടിണിക്കോലങ്ങളെ ചൂണ്ടിക്കാട്ടിയാണ് നവ ഫാസിസത്തിന്റെ വക്താക്കള്‍ ഇന്ന് അദൃശ്യമായ ‘മുസ്‌ലിം ശത്രു’ വിനുനേരെ വാളോങ്ങുന്നതെന്നത് കൗതുകകരം. ബ്രിട്ടീഷ് പാദസേവകരായിരുന്ന ആര്‍.എസ്.എസ്സിന്റെയും, തക്കംനോക്കി ജനാധിപത്യം പറയുന്ന കമ്യൂണിസ്റ്റുകളുടെയും ഇടയിലാണ് അതിലുമെത്രയോമുമ്പേ ജനാധിപത്യവും സോഷ്യലിസവും അംഗീകരിക്കാനും അത് സ്വയം നടപ്പില്‍വരുത്താനും മുസ്‌ലിംലീഗ് മുന്നിട്ടിറങ്ങിയത്. ബ്രിട്ടീഷ്-നാടുവാഴിത്ത നുകത്തിനുകീഴില്‍ മലയാളി മുസ്‌ലിംകളുടെയും ദലിത് ആദിയായ സമൂഹങ്ങളുടെയും കൊടിയ ജീവല്‍പരീക്ഷണങ്ങള്‍ക്കിടയില്‍ താങ്ങുംതണലുമായി നില്‍ക്കാന്‍ കഴിഞ്ഞതാണ് കേരളത്തിലെ മുസ്‌ലിംലീഗിന്റെ അംഗീകാരത്തിന്റെ കാതല്‍. മലബാര്‍ കലാപാനന്തര കാലത്ത് മുസ്‌ലിം ലേബര്‍ യൂണിയനും മുസ്‌ലിംമജ്‌ലിസും കേരളത്തിലെ മുസ്‌ലിം സംഘടിത, രാഷ്ട്രീയ ബോധത്തിന് സജീവത പകര്‍ന്നുവെന്ന് റോളണ്ട് ഇ.മില്ലറെ പോലുള്ള ഗവേഷകര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
മുമ്പുണ്ടായിരുന്നതും നിലവിലുള്ളതുമായ മുസ്‌ലിംലീഗിന്റെ സ്വാധീന മേഖലകളിലാണ് ഹിന്ദുത്വ വര്‍ഗീയതക്ക് ഇന്നും വേരോട്ടം ലഭിക്കാത്തതെന്നത് വിമര്‍ശകര്‍ കണ്ണുതുറന്നു കാണണം. ഇന്ന് കേരളത്തിലേക്ക് അന്നം തേടിയെത്തുന്നവരാകട്ടെ തൊഴിലാളിവര്‍ഗ പാര്‍ട്ടികളുടെ കോട്ടകൊത്തളങ്ങളില്‍നിന്നും. മുസ്‌ലിംലീഗിന്റെ വേര് പടരാത്തതാണ് ഉത്തരേന്ത്യയിലെ മുസ്‌ലിംകളാദി പിന്നാക്ക-ദലിത് സമൂഹത്തിന്റെ നരകയാതനകളുടെ മറുപുറം. പ്രാദേശിക കക്ഷികളുടെ വോട്ടുബാങ്കുകളായി വഴിയോരങ്ങളില്‍ കഴിയുന്ന ഉത്തരേന്ത്യന്‍ മുസ്‌ലിം പശ്ചാത്തലത്തിലും കേരളത്തിലെ മുസ്‌ലിംലീഗിന്റെ സാന്നിധ്യത്തിലും നിന്നുവേണം ഇന്ത്യന്‍ മതേതരത്വത്തെക്കുറിച്ച് അപഗ്രഥിക്കാന്‍. വേദനാനിര്‍ഭരമായ 1992ലെ ബാബരി മസ്ജിദ് ധ്വംസനത്തില്‍പോലും കേരളം സംഘര്‍ഷരഹിതമായി, ശാന്തിതീരമായി നിന്നപ്പോള്‍ മറ്റ് പ്രദേശങ്ങളിലൊക്കെ ന്യൂനപക്ഷങ്ങള്‍ സഹിക്കാവുന്നതിലധികം അനുഭവിച്ചു.

കോണ്‍ഗ്രസും കമ്യൂണിസ്റ്റുകളുമായി ആശയഭിന്നതകള്‍ക്കകത്തുനിന്ന് കൊണ്ടുതന്നെ യോജിച്ചുപ്രവര്‍ത്തിക്കാനും പരസ്പരം പൊരുതാനും മുസ്‌ലിംലീഗിനായത് കടുകിട തെറ്റാത്ത അതിന്റെ ദിശാബോധം കൊണ്ടായിരുന്നു. ആദ്യഘട്ടമൊഴിച്ചാല്‍ കോണ്‍ഗ്രസിന്റെ നിലപാടുകള്‍ മിക്കപ്പോഴും മതേതര മുന്നണിരാഷ്ട്രീയത്തിന്റെ ശക്തിസ്രോതസ്സായി. ഒന്നുമുതല്‍ ഇന്നുവരെയുള്ള ലോക്‌സഭകളിലും കേരളനിയമസഭകളിലും പ്രാതിനിധ്യം ഉറപ്പിക്കാന്‍ മുസ്‌ലിംലീഗിന് കഴിഞ്ഞു. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, നിയമസഭാസ്പീക്കര്‍ പദവികളും, ലോക്‌സഭാംഗങ്ങളും സംസ്ഥാന മന്ത്രിമാരും തമിഴ്‌നാട്ടിലടക്കം നിയമസഭാസാമാജികരുമൊക്കെയായി എത്തിനില്‍ക്കുന്നു പാര്‍ട്ടിയുടെ ഔദ്യോഗിക-രാഷ്ട്രീയ തേരോട്ടം. 2004 മുതല്‍ പത്തുവര്‍ഷം തുടര്‍ച്ചയായി കേന്ദ്ര മന്ത്രിസഭയില്‍ വിദേശം, റെയില്‍വെ, മാനവവിഭവശേഷി ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്യാനും രാജ്യത്തെ എണ്ണമറ്റ നിയമനിര്‍മാണങ്ങളില്‍ ക്രിയാത്മകമായ പങ്കുവഹിക്കാനും പാര്‍ട്ടിക്ക് കഴിഞ്ഞു. ഐക്യരാഷ്ട്രസഭയില്‍വരെ ആ ശബ്ദമെത്തി. കേരളത്തില്‍ വിദ്യാഭ്യാസം, വ്യവസായം, പൊതുമരാമത്ത്, തദ്ദേശഭരണം തുടങ്ങിയവവഴി അസൂയാവഹമായ കര്‍ത്തവ്യ നിര്‍വഹണമാണ് പാര്‍ട്ടി നടത്തിയത്. കിട്ടിയ തക്കത്തിന് ചരിത്രം തിരുത്തിയെഴുതുന്നവര്‍ക്കിടയില്‍ ഇതെത്ര മാതൃകാപരം!

വിവിധ സംസ്ഥാനങ്ങളിലായി പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തില്‍ നടന്നുവരുന്ന വിദ്യാഭ്യാസ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കുപുറമെ ബൈത്തുറഹ്മ ഭവനപദ്ധതി തുടങ്ങിയ ജീവകാരുണ്യ- ആശ്വാസ പദ്ധതികള്‍ പലരും ഇന്ന് അനുകരിക്കാന്‍ ശ്രമിക്കുന്നതില്‍ അഭിമാനമുണ്ട്. തീവ്രവാദികളുടെ തോളില്‍കയ്യിട്ട് ലീഗിനെ ഇനി പാര്‍ലമെന്റ് കാണിക്കില്ലെന്നു പറഞ്ഞവര്‍ ഇനി ആ സഭകളില്‍ കണികാണാനുണ്ടാകുമോ എന്നാണ് ഇപ്പോഴുയര്‍ന്നിരിക്കുന്ന ചോദ്യം. മത രാഷ്ട്രീയവാദമുയര്‍ത്തി മൂന്നിലൊന്നുമാത്രം വോട്ടുനേടിയവര്‍ രാജ്യം ഭരിക്കുമ്പോള്‍ പാവപ്പെട്ടവര്‍ക്കും മത പണ്ഡിതര്‍ക്കുമെതിരെ ഭരണകൂട-പരിവാര്‍ ശക്തികള്‍ നടത്തുന്ന വേട്ടകള്‍ക്കെതിരെ പൗരാവകാശത്തിനു പൊരുതാന്‍ മുസ്‌ലിംലീഗ് മുന്നിലുണ്ട്. രാജ്യത്തെ പതിനാലര ശതമാനത്തോളമുള്ള സമുദായത്തിനുവേണ്ടി ശബ്ദിക്കാന്‍ മഹത്തായൊരു ഭരണഘടനയും മതേതരമായ പൊതുസമൂഹവും കാവലായി ഉണ്ടാകുമെന്നതാണ് ഇന്ത്യന്‍ മുസ്‌ലിമിന്റെ നവകാല പ്രത്യാശ; മുസ്‌ലിംലീഗിന്റെയും.

chandrika: