X

മാധ്യമങ്ങള്‍ അധികാരം ദുരുപയോഗിക്കുന്നത് ക്രിമിനല്‍ കുറ്റം: പ്രധാനമന്ത്രി

ചെന്നൈ: മാധ്യമ സ്വാതന്ത്ര്യം എന്നാല്‍ വസ്തുതാ വിരുദ്ധമായി എന്തും എഴുതാനുള്ള സ്വാതന്ത്യമല്ലെന്നും അത് ദുരുപയോഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പൊതുതാല്‍പര്യത്തിനുവേണ്ടി ബുദ്ധിപൂര്‍വം ഉപയോഗിക്കാനുള്ളതാണ് മാധ്യമസ്വാതന്ത്ര്യം. മാധ്യമങ്ങള്‍ തങ്ങളുടെ പൊതുസ്വാധീനവും അധികാരവും ദുരുപയോഗം ചെയ്യുന്നതു കുറ്റകരമാണെന്നും രാഷ്ട്രപിതാവിനെ ഉദ്ധരിച്ചാണ് മോദി മുന്നറയിപ്പു നല്‍കിയത്. തമിഴ് പത്രമായ  തന്തി ദിനപത്രത്തിന്റെ 75 ാം വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.


തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ചതിന് പ്രമുഖ കാര്‍ട്ടൂണിസ്റ്റ് ജി.ബാല അറസ്റ്റിലായ വിവാദ സാഹചര്യത്തിലാണ് നിലവിലെ മാധ്യമ പ്രവര്‍ത്തനത്തെ വിമര്‍ശിച്ചുള്ള മോദിയുടെ പ്രസംഗം
“ഇന്ന് നിരവധി തരത്തിലുള്ള മാധ്യമ പ്രവര്‍ത്തനങ്ങളാണ് രാജ്യത്തുള്ളത്. എന്നാല്‍ വാര്‍ത്തകളൊക്കെയും നമ്മുടെ രാഷ്ട്രീയക്കാരെ ചുറ്റിപ്പറ്റി മാത്രമാണ് കൂടുതലും പുറത്തു വരുന്നത്”, മോദി വിമര്‍ശിച്ചു.

‘രാജ്യത്തെ കോടതികള്‍ക്കും, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനുമുള്ള ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്കുമുണ്ട്. ജനതാല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാവണം മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. 125 കോടി ജനങ്ങളുള്ള രാജ്യമാണ് ഇന്ത്യ. അവരുടെ ജീവിതങ്ങളിലേക്കും നേട്ടങ്ങളിലേക്കും മാധ്യമങ്ങള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, മോദി പറഞ്ഞു.

പൊതുതാല്‍പര്യത്തിനുവേണ്ടി ബുദ്ധിയോടെ ശ്രദ്ധാപൂര്‍വം പ്രവര്‍ത്തിക്കേണ്ട ഒന്നാണ് മാധ്യമ സ്വാതന്ത്ര്യം. വാര്‍ത്തയില്‍ വരുന്ന കാര്യങ്ങള്‍ വസ്തുതാപരമാണെന്ന് ഉറപ്പുവരുത്തേണ്ടത് എഡിറ്റര്‍മാരുടെ കടമയാണ്. ഇത്തരം മാധ്യമപ്രവര്‍ത്തനം മാധ്യമങ്ങള്‍ തമ്മിലുള്ള ആരോഗ്യപരമായ മല്‍സരമുണ്ടാ്ക്കുകയും അത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യും, മോദി അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍, ഷിപ്പിങ് മന്ത്രി പൊന്‍ രാധാകൃഷ്ണന്‍, മുഖ്യമന്ത്രി കെ പളനിസാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം തുടങ്ങിയവര്‍  പങ്കെടുത്തു.

chandrika: