X

പാര്‍ലിമെന്റ് അംഗങ്ങളുടെ ശബ്ദം ഇല്ലാതാക്കുവാനുള്ള ശ്രമങ്ങളെ ശക്തമായി എതിര്‍ക്കും: മുസ്ലിം ലീഗ്

പാര്‍ലിമെന്റ് അംഗങ്ങളുടെ ശബ്ദം ഇല്ലാതാക്കുവാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കങ്ങളെ പാര്‍ലിമെന്റിന് അകത്തും പുറത്തും ശക്തമായി എതിര്‍ക്കുമെന്ന് മുസ്ലിം ലീഗ് എംപിമാരായ ഇ. ടി. മുഹമ്മദ് ബഷീര്‍, ഡോ.എം.പി. അബ്ദുസ്സമദ് സമദാനി, പി.വി. അബ്ദുല്‍ വഹാബ്, കെ. നവാസ് ഗനി എന്നിവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

പാര്‍ലിമെന്റില്‍ കഴിഞ്ഞ ദിവസം ഉണ്ടായ അക്രമസംഭവങ്ങളെ നിസ്സാരവത്കരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനെതിരെ പാര്‍ലിമെന്റിനകത്ത് പ്രതിഷേധിച്ചതിന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഉള്‍പ്പെടെ 33 പേരെയാണ് ഇന്ന് സസ്‌പെന്റ് ചെയ്തിരിക്കുന്നത്.

മുസ്ലിം ലീഗ് എംപിമാരായ ഇ. ടി.മുഹമ്മദ് ബഷീര്‍, നവാസ് ഗനി അടക്കമുള്ള 33 ലോക്‌സഭാംഗങ്ങളെ ഈ പാര്‍ലമെന്റ് സെഷന്റെ അവസാനം വരെ ലോക്‌സഭ സസ്‌പെന്‍ഡ് ചെയ്തു.

ഇക്കഴിഞ്ഞ ദിവസം പാര്‍ലിമെന്റില്‍ ഉണ്ടായ അക്രമ സംഭവങ്ങളെക്കുറിച്ച് ഇന്ത്യ ഗവണ്‍മെന്റ് ഇതുവരെ എടുത്തുപോന്ന സമീപനങ്ങള്‍ മന:സാക്ഷിയുള്ള ആരെയും ഞെട്ടിപ്പിക്കുന്നതാണ്.

ഈ പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കി ഇന്ത്യന്‍ പാര്‍ലിമെന്റിന്റെ സുരക്ഷാ ക്രമീകരണങ്ങളെ പോലും അപമാനപ്പെടുത്തുന്ന വിധത്തില്‍ ഉണ്ടായ സംഭവവികാസങ്ങളെ അത് അര്‍ഹിക്കുന്ന രീതിയില്‍ കണക്കിലെടുത്തുകൊണ്ട് തുടര്‍നടപടികള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നാണക്കേട് സൃഷ്ടിച്ചിരിക്കുകയാണ്.

ഈ പ്രശ്‌നത്തില്‍ പാര്‍ലിമെന്റില്‍ വന്ന് പാര്‍ലമെന്റ് അംഗങ്ങളുടെയും രാഷ്ട്രത്തിൻ്റെച്ചം ലോകരാജ്യങ്ങളുടെയും മുമ്പില്‍ കൃത്യമായി കാര്യങ്ങള്‍ പറയുന്നതിന് പകരം എല്ലാ കാര്യങ്ങളും ഒഴുക്കന്‍ മട്ടില്‍ കൊണ്ടുപോകുകയും തങ്ങള്‍ക്കെന്തോ മറച്ചുവെക്കാന്‍ ഉണ്ടെന്ന ഭാവേന പ്രവര്‍ത്തിക്കുകയുമാണ് ഗവണ്‍മെന്റ് ചെയ്തുകൊണ്ടിരിക്കുന്നത്.

ഈ പ്രശ്‌നം പ്രതിപക്ഷ പാര്‍ട്ടികള്‍ അതര്‍ഹിക്കുന്ന ഗൗരവത്തില്‍ തുറന്നു കാട്ടിയപ്പോള്‍ പ്രതിപക്ഷ പ്രസ്ഥാനത്തെ തന്നെ ഒതുക്കുവാനും നിശബ്ദമാക്കുവാനുമുള്ള പരിശ്രമത്തിലാണ് ഗവണ്‍മെന്റ് ഏര്‍പ്പെട്ടിരിക്കുന്നത്.

ഈ സര്‍ക്കാരിനെതിരെ ആരും ഒന്നും പറയാന്‍ പാടില്ലെന്ന സമീപനം ഗവണ്‍മെന്റ് എടുക്കുന്നത് തീര്‍ച്ചയായും ലജ്ജാകരമാണ്. തങ്ങള്‍ക്ക് കുഴലൂത്ത് നടത്തുന്നവരുടെ പ്രതികരണങ്ങള്‍ മാത്രം ഉയര്‍ത്തിക്കാട്ടുവാന്‍ ക്രൂരമായ അവസരമുണ്ടാക്കുകയാണ് ഗവണ്‍മെന്റ് ചെയ്തു വരുന്നത്.

ഇന്ത്യയില്‍ സമീപകാലത്തായി നടക്കുന്ന ഏറ്റവും വലിയ അതിക്രമം ഇന്ത്യന്‍ ഭരണഘടന നല്‍കിയിട്ടുള്ള കാര്യങ്ങളില്‍ പ്രതികരിക്കുവാനുള്ള പൗരന്മാരുടെ അവകാശത്തിന്മേല്‍ നടന്നുകൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങളാണ്.

ഒട്ടനവധി മാധ്യമങ്ങളും ജനനേതാക്കളും പൊതുപ്രവര്‍ത്തകരും സ്വതന്ത്ര ചിന്തകന്മാരുമെല്ലാം ഈ കടന്നാക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്.

ഇത്രയേറെ ജനപ്രതിനിധികളെ ഒന്നിച്ച് ഇന്ത്യന്‍ പാര്‍ലമെന്റില്‍ നിന്ന് സസ്പെൻഡ് ചെയ്യുന്ന ആദ്യ സംഭവമാണ്. മാത്രമല്ല ഗവണ്‍മെന്റിന് ഒരു ഒളി അജണ്ട കൂടിയുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന മൂന്ന് ബില്ലുകള്‍ വരാന്‍ പോകുകയാണ്. ഈ ബില്ലുകള്‍ വരുന്ന സമയത്ത് അക്കാര്യത്തില്‍ തങ്ങള്‍ക്ക് ഇഷ്ടം പോലെ ചെയ്യുവാനും രാജ്യത്തിന്റെ കുറ്റപരിഹാര നടപടി ക്രമങ്ങളെ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റിയെടുക്കാനുമുള്ള ഒരു അജണ്ടയുണ്ട്. ആ അജണ്ട തങ്ങള്‍ക്ക് ഇഷ്ടപ്രകാരം ഏകപക്ഷീയമാക്കി നടത്തിയെടുക്കാന്‍ മറ്റു എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാനും വേണ്ടിയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഈ സസ്‌പെന്‍ഷന്‍ എന്നതില്‍ സംശയമില്ല.

ഇനിയും തുടര്‍ച്ചയായി ഇത്തരം രാഷ്ട്രീയത്തിലെ ധാര്‍മികതയെ ഉയര്‍ത്തിക്കാണിച്ചു കൊണ്ടുള്ള നീക്കങ്ങള്‍ പാര്‍ലിമെന്റിന് അകത്തും പുറത്തും നടത്തുമെന്ന് എംപിമാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

webdesk13: