X

തിരിച്ചടിച്ച് ഈജിപ്ത്; ഭീകരര്‍ക്ക് നേരെ വ്യോമാക്രമണം

കെയ്‌റോ: ഭീകരാക്രമണത്തിനു പിന്നാലെ ഈജിപ്ഷ്യന്‍ വ്യോമസേന നടത്തിയ വ്യോമാക്രമണത്തില്‍ ഒട്ടേറെ ഭീകരര്‍ കൊല്ലപ്പെട്ടു. ഭീകരാക്രമണത്തില്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രസിഡന്റ് അബ്ദുല്‍ ഫത്ത അല്‍സിസി വ്യക്തമാക്കിയതിനു പിന്നാലെയായിരുന്നു സൈനിക ആക്രമണം.

ഉത്തര സിനായിയോടു ചേര്‍ന്ന ഭീകരതാവളങ്ങളില്‍ വ്യോമസേന ശക്തമായ ആക്രമണം നടത്തിയതായി സൈനിക വക്താവ് തമര്‍ എല്‍റെഫായ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഭീകരരുടെ വാഹനങ്ങളും ഒളിത്താവളങ്ങളും തകര്‍ത്തു. അവരുടെ ആയുധശേഖരങ്ങളെയും തങ്ങള്‍ ലക്ഷ്യമിട്ടിരുന്നുവെന്നും എല്‍റെഫായ് അറിയിച്ചു. പള്ളിയുടെ പരിസര പ്രദേശങ്ങളില്‍ വ്യോമസേന കനത്ത ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. ഭീകരരുടെ ഒളിത്താവളങ്ങള്‍ ലക്ഷ്യമാക്കിയാണ് വ്യോമാക്രമണമെന്ന് തമെര്‍ എല്‍റെഫായ് കൂട്ടിച്ചേര്‍ത്തു.

 

ആക്രണം തികച്ചും ഭീരുത്വമാണെന്നും രാജ്യത്തിന്റെ ഐക്യത്തെയും ശക്തിയെയും ചോദ്യം ചെയ്യരുതെന്നും പ്രസിഡന്റ് അബ്ദുല്‍ ഫത്ത അല്‍സിസി പറഞ്ഞു. എന്തുതന്നെയായാലും ഇതിലൂടെ രാജ്യത്തെ തളര്‍ത്താനാവില്ല. പകരം തീവ്രവാദത്തിനെതിരെ പോരാടാന്‍ കൂടുതല്‍ ശക്തിപകരും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉന്നതതല മന്ത്രിമാരുമായി ചര്‍ച്ച നടത്തിയ പ്രസിഡന്റ് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണത്തിന് ഉത്തരവിട്ടു അതിര്‍ത്തി കടക്കുന്നതിന് മുന്‍പു ഭീകരരെ പിടികൂടണമെന്ന് ഭരണകൂടം സൈന്യത്തിന് നിര്‍ദേശം നല്‍കി.

സിനായി മുനമ്പില്‍ ഐഎസ് ഭീകരര്‍ ഇതിനു മുന്‍പും ഒറ്റപ്പെട്ട അക്രമങ്ങള്‍ നടത്തിയിട്ടുണ്ട്. രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിനാണ് ഈജിപ്ത് സാക്ഷ്യം വഹിച്ചത്. വടക്കന്‍ സിനായില്‍ സൂഫികളുടെ സംഗമകേന്ദ്രമാണ് അല്‍ റൗദാ പള്ളി. ഇവരെയാണ് തീവ്രവാദികള്‍ ലക്ഷ്യംവച്ചത്. അക്രമം നടത്താന്‍ തിരക്കുള്ള വെള്ളിയാഴ്ച തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. പള്ളി വളഞ്ഞ ഭീകരര്‍ ഉള്ളിലെ തിരക്കിലേക്ക് ബോംബെറിഞ്ഞു. രക്ഷപെടാനായി നിലവിളിച്ച് പുറത്തേക്കോടിയവര്‍ ചെന്നെത്തിയത് ഭീകരുടെ തോക്കിന്‍ മുനയിലേക്കായിരുന്നു. പുറത്തേക്ക് എത്തിയവരെയെല്ലാം വെടിവച്ചു വീഴ്ത്തി. നാല് വാഹനങ്ങളിലായി 40തോളം ഭീകരര്‍ അക്രമത്തില്‍ പങ്കാളിയായതെന്നാണ് വിവരം. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടയില്‍ പൊലീസും സൈനികരും ഉള്‍പ്പെടെ ഒട്ടേറെ പേര്‍ ഐഎസ് പ്രവര്‍ത്തകരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.

chandrika: