ന്യൂഡല്‍ഹി: എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എക്ക് പട്ടി കടിയേറ്റു. ഡല്‍ഹിയിലെ കേരള ഹൗസിനടുത്തുവെച്ച് ഇന്ന് പുലര്‍ച്ചെയാണ് കുന്നംപള്ളിക്ക് പട്ടിയുടെ കടിയേറ്റത്. നായ്ക്കളെ കൊല്ലുന്നതിനെതിരെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയ ആളാണ് എല്‍ദോസ് കുന്നപ്പള്ളി.

കേന്ദ്രമന്ത്രി മേനകാഗാന്ധിയുടെ വീട് സ്ഥിതി ചെയ്യുന്ന അതേ റോഡില്‍ നിന്നാണ് കടിയേറ്റത്. കൂട്ടമായി എത്തിയ പട്ടികള്‍ എല്‍ദോയെ ആക്രമിച്ചു. ഓടിയെത്തിയ രണ്ട് പട്ടികള്‍ കടിക്കുകയായിരുന്നു. ധരിച്ചിരുന്ന പാന്റ്‌സും കടിച്ചുകീറി. എല്‍ദോയുടെ ഇടതു കാലില്‍ വലിയ മുറിവ് പറ്റിയിട്ടുണ്ട്. എന്നാല്‍ പട്ടികള്‍ അടുത്തുവന്നപ്പോള്‍ മൃഗസ്‌നേഹി ആയതുകൊണ്ടുതന്നെ അത്ര വലിയ കാര്യമാക്കിയില്ലെന്ന് എല്‍ദോ പ്രതികരിച്ചു.

മേനകാ ഗാന്ധി രാത്രി പുറത്തിറങ്ങാത്തത് കൊണ്ടാവാം ഇതൊന്നും കാണാത്തത്. കേരളത്തില്‍ മാത്രമാണ് തെരുവ് നായ്ക്കള്‍ ആക്രമിക്കുന്നതെന്ന വാദം ഇതോടെ പൊളിയുകയാണ്. ഒറ്റയ്ക്ക് പുറത്തിറങ്ങുന്നവരെയെല്ലാം കേരളത്തിലായാലും ദില്ലിയിലായാലും പട്ടി കടിക്കുമെന്നും എല്‍ദോസ് കുന്നപ്പള്ളി പറയുന്നു.