X

ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകരെ തടവിലാക്കി വീണ്ടും ഇസ്രാഈല്‍

ജറുസലേം: ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകരെ ഇസ്രാഈല്‍ സൈന്യം അറസ്റ്റു ചെയ്തു. ഫലസ്തീന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ് മീഡിയയുടെ മാധ്യമപ്രവര്‍ത്തകരായ ഇബ്രാഹിം, അമീര്‍ അല്‍ജാബരി എന്നിവരാണ് അറസ്റ്റിലായതെന്ന് ഖുദ്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ അടുത്തിടെ ഇസ്രാഈല്‍ സുരക്ഷാ സേന തടവിലാക്കിയ മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 24 ആയി. വെസ്റ്റ്ബാങ്കില്‍ നടന്ന സൈനിക പരിശോധനക്കിടെയാണ് ഇവരെ അറസ്റ്റു ചെയ്തത്. 24 പേരില്‍ ആറു പേര്‍ ദീര്‍ഘകാലമായി തടവുശിക്ഷ അനുഭവിച്ചു വരികയാണ്. 1993 മുതല്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മഹ്മൂദ് മൂസയും ഇതിലുള്‍പ്പെടും. 2015 ഒക്ടോബറില്‍ അറസ്റ്റിലായ ബാസം അല്‍ സായിക്കു രക്തത്തിലും അസ്തിയിലും അര്‍ബുധബാധയെത്തുടര്‍ന്ന് ദീര്‍ഘനാളായി അവശത അനുഭവിക്കുകയാണ്. ബാസിമിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുന്നതിനിടെയാണ് വീണ്ടും മാധ്യമപ്രവര്‍ത്തകരെ അറസ്റ്റു ചെയ്തത്.
നേരത്തെ ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ സസ്‌പെന്റു ചെയ്തിരുന്നു. ഷെഹബ് ന്യൂസ് ഏജന്‍സി, ഖുദ്‌സ് ന്യൂസ് നെറ്റ്‌വര്‍ക്ക് എന്നീ മാധ്യമങ്ങളുടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകളാണ് സസ്‌പെന്റു ചെയ്തിരുന്നത്.

chandrika: