X
    Categories: Culture

വിവിപാറ്റ് ഘടിപ്പിച്ച വോട്ടിങ് യന്ത്രങ്ങളിലും കുഴപ്പങ്ങള്‍; ഗുജറാത്തില്‍ നിന്ന് 138 യന്ത്രങ്ങള്‍ പിടികൂടി

അഹമ്മദാബാദ്: ഗുജറാത്തില്‍ അസംബ്ലി തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ നൂറിലധികം വോട്ടിങ് യന്ത്രങ്ങളില്‍ കുഴപ്പങ്ങള്‍ കണ്ടെത്തി. ഡിസംബര്‍ 14-ലെ ഒന്നാം ഘട്ടത്തില്‍ വോട്ടിങ് നടക്കേണ്ട ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയില്‍ നിന്നാണ് വോട്ടിങ് കൃത്യമല്ലാത്ത 138 വോട്ടിങ് യന്ത്രങ്ങള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. വോട്ട് ആര്‍ക്കാണ് ചെയ്തതെന്ന് വോട്ടറെ ബോധ്യപ്പെടുത്തുന്ന രശീതി (വിവിപാറ്റ്) ഘടിപ്പിച്ച യന്ത്രങ്ങളാണിവ എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

ഇ.ടി.വി ന്യൂസ് ഗുജറാത്തിയാണ് സുരേന്ദ്രനഗറില്‍ നിന്ന് ഗുരുതരമായ കുഴപ്പമുള്ള യന്ത്രങ്ങള്‍ കണ്ടെത്തിയ കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. ബാംഗ്ലൂരിലെ കമ്പനിയില്‍ നിന്ന് എത്തിച്ചവയാണ് ഈ യന്ത്രങ്ങള്‍ എന്നാണ് ഇ.ടി.വി റിപ്പോര്‍ട്ടില്‍ പറയുന്നത്. കുഴപ്പം കണ്ടെത്തിയതോടെ ഇവ കമ്പനിയിലേക്കു തന്നെ തിരിച്ചയച്ചു. ഇ.ടി.വി ബുധനാഴ്ച ഈ വാര്‍ത്ത പുറത്തുവിട്ടെങ്കിലും മുഖ്യധാരാ ദേശീയ മാധ്യമങ്ങളൊന്നും ഇത് ഏറ്റെടുത്തിട്ടില്ല.

വോട്ടര്‍ക്ക് രശീതി കാണാന്‍ സൗകര്യമുള്ള വിവിപാറ്റ് യന്ത്രങ്ങളാവും ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പൂര്‍ണമായും ഉപയോഗിക്കുക എന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അചല്‍ കുമാര്‍ ജോതി വ്യക്തമാക്കിയിരുന്നു. ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേട് നടത്തിയെന്ന് ബി.എസ്.പിയും ആം ആദ്മി പാര്‍ട്ടിയും അടക്കമുള്ള കക്ഷികള്‍ പരാതി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് കമ്മീഷന്‍ വിവിപാറ്റ് യന്ത്രങ്ങള്‍ ഏര്‍പ്പെടുത്താന്‍ തയ്യാറായത്. എന്നാല്‍, ഇത്തരം യന്ത്രങ്ങളിലും ക്രമക്കേട് സംഭവിക്കാം എന്നതിന്റെ തെളിവാണ് സുരേന്ദ്രനഗറില്‍ നിന്ന് പിടിച്ചെടുത്ത യന്ത്രങ്ങള്‍.

ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിക്കല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വൈകിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ചീഫ് സെക്രട്ടറിയായിരുന്ന എ.കെ ജോതി ബി.ജെ.പിക്ക് അനുകൂലമായി നിലപാടെടുക്കുകയായിരുന്നു എന്നായിരുന്നു പ്രധാന വിമര്‍ശനം. ഗുജറാത്തിലെ പ്രളയം കാരണമാണ് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാന്‍ വൈകിയത് എന്ന ജ്യോതിയുടെ വിശദീകരണത്തിലെ പൊള്ളത്തരം ദേശീയ മാധ്യമങ്ങള്‍ തുറന്നു കാട്ടിയിരുന്നു.

Related: ഗുജറാത്ത് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപനം വൈകിപ്പിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരത്തിയ ന്യായം പൊളിഞ്ഞു

ചന്ദ്രിക വെബ് ഡെസ്‌ക്‌: