ന്യൂഡല്‍ഹി: തന്റെ ജീവനെക്കുറിച്ചോര്‍ത്ത് ഒരു ഭയവുമില്ലെന്ന് 2010-ലെ ഇ.വി.എം ഹാക്കിനു പിന്നില്‍ പ്രവര്‍ത്തിച്ച ഹൈദരാബാദ് സ്വദേശിയായ സാങ്കേതിക വിദഗ്ധന്‍ ഹരിപ്രസാദ്. രാജ്യത്തിനുവേണ്ടിയാണ് താന്‍ പ്രവര്‍ത്തിച്ചത്. അപ്പോള്‍ നമുക്കു ലഭിക്കുന്ന ധൈര്യം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. ദ ക്വിന്റിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹരിപ്രസാദ്.

രാജ്യത്തിനുവേണ്ടി പൊരുതുമ്പോള്‍ നമ്മള്‍ അത് ആസ്വദിക്കുമെന്നും ഇത്തരം ഭീഷണികളൊന്നും നമ്മളെ ബാധിക്കില്ലെന്നും ഹരിപ്രസാദ് പറഞ്ഞു. ആ സംഭവത്തോടെ ഒരുപാട് അനുഭവിച്ചു. നാല് വര്‍ഷത്തോളം പ്രൊഫഷണല്‍ കരിയര്‍ നഷ്ടമായി. തനിക്കൊപ്പം ജോലി ചെയ്യാന്‍ ഒരു എഞ്ചിനീയര്‍മാരും തയ്യാറായില്ലെന്നും ഹരിപ്രസാദ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്യാന്‍ കഴിയുന്നതാണെന്ന് ഡെമോണ്‍സ്ട്രേറ്റ് ചെയ്തു കാട്ടിയിരുന്നു ഹരിപ്രസാദ്. ഹരിപ്രസാദ്, അലക്സ് ഹാള്‍ഡര്‍മാന്‍, റോബ് ഗോങ്രിജ്ബ് എന്നിവരായിരുന്നു 2010-ല്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്തു കാട്ടിയത്. ഇതിനു പിന്നാലെ ഇയാളെ അറസ്റ്റു ചെയ്യുകയും എട്ടുദിവസത്തോളം കസ്റ്റഡിയില്‍ വെക്കുകയും ചെയ്തിരുന്നു. പിന്നീട് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.