X

ട്രംപിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ തെറിയഭിഷേകം. അന്തരിച്ച ക്യൂബന്‍ വിപ്ലവനേതാവ് ഫിദല്‍ കാസ്‌ട്രോയെ വിമര്‍ശിച്ചതിനാണ് ട്രംപിന് മലയാളികള്‍ മറുപടി നല്‍കിയത്. ഫിദലെന്ന ക്രൂരനായ ഏകാധിപതിയുടെ കാലം കഴിഞ്ഞുവെന്ന ട്രംപിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ കമന്റ് ബോക്‌സിലാണ് മലയാളികള്‍ കൂട്ടത്തോടെ ആക്രമിച്ചത്. മലയാളത്തില്‍ തന്നെയാണ് അധികം പേരും കമന്റ് ചെയ്തിരിക്കുന്നത്. മലയാളികളെ കൂടാതെ ട്രംപിന്റെ പോസ്റ്റിനെതിരെ ആഗോളതലത്തില്‍ നിരവധി പേര്‍ പ്രതിഷേധമറിയിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ ശക്തിയെന്ന വീമ്പിളക്കുന്ന അമേരിക്കയുടെ മുന്നില്‍ നെഞ്ച് വിരിച്ചു നിന്ന ഫിദലിനെ മരണത്തില്‍ പോലും അമേരിക്ക ഭയപ്പെടുകയാണ്, അമേരിക്കന്‍ ജനതക്കു സംഭവിച്ച ഏറ്റവും വലിയ അബദ്ധമാണ് തുടങ്ങിയ കമന്റുകളാണ് ട്രംപിന്റെ പോസ്റ്റിനു താഴെ പ്രത്യക്ഷപ്പെട്ടത്. പച്ചമലയാളത്തിലുള്ള തെറിവിളികളും കുറവല്ല.

ആറു പതിറ്റാണ്ടുകാലം ക്യൂബന്‍ ജനതയെ ഫിദല്‍ കാസ്‌ട്രോ അടിച്ചമര്‍ത്തുകയായിരുന്നുവെന്നാണ് ട്രംപ് പറഞ്ഞത്. ലോകത്ത് കാസ്‌ട്രോയുണ്ടാക്കിയ സ്വാധീനം ചരിത്രം അടയാളപ്പെടുത്തുമെന്ന് പ്രസിഡന്റ് ബറാക് ഒബാമ അനുസ്മരിച്ചതിനു പിന്നാലെയാണ് ട്രംപ് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്. കാസ്‌ട്രോയുടെ കാലഘട്ടത്തില്‍ കൊള്ളയും ദാരിദ്ര്യവും മനുഷ്യാവകാശ ലംഘനങ്ങളും കുപ്രസിദ്ധി നേടിയതായിരുന്നുവെന്ന് ട്രംപ് ആരോപിച്ചു. കാസ്‌ട്രോ കാരണമുണ്ടായ ദുരന്തങ്ങളും മരണങ്ങളും ഒരിക്കലും മറക്കാനാവില്ല. റൗള്‍ കാസ്‌ട്രോയുടെ ഭരണത്തിനു കീഴിലും ക്യൂബ ഏകാധിപത്യ രാജ്യമാണ്. ക്യൂബന്‍ ജനതയുടെ മുന്നേറ്റത്തിനു വേണ്ടി ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്നുമായിരുന്നു ട്രംപ് പറഞ്ഞത്. ഇതിനെതിരെയാണ് മലയാളികള്‍ രംഗത്തുവന്നത്.

chandrika: