മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ വൈറലായി ഒരു കുറിപ്പ്. മമ്മൂക്കയുടെ സന്നദ്ധപ്രവര്‍ത്തനങ്ങളെ കുറിച്ചാണ് അരുണ്‍ രാഘവന്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇന്ന് 69-ാം പിറന്നാള്‍ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആരാധകരും വിവിധ മേഖലകളിലുള്ളവരും ആശംസകള്‍ അറിയിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

എനിക്ക് മൂന്നുപതിറ്റാണ്ടിലേറെയായി മമ്മൂക്കയെ അറിയാം പക്ഷെ അദ്ദേഹത്തിന് എന്നെ അഞ്ചുവര്‍ഷത്തെ പരിചയമേ ഉള്ളൂ. ഗള്‍ഫില്‍ കുടുബം പോറ്റാന്‍ വന്ന് ഒടുവില്‍ വീട്ടുകാര്‍ക്ക് അന്യനായ അറുപതുകാരന്‍ ബഷീറിനെ കുറിച്ചു വാര്‍ത്ത ചെയ്ത സമയം. ഒരുദിവസം നട്ടുച്ചയ്‌ക്കൊരു വിളിവന്നു ഞാന്‍ മമ്മൂട്ടി!!
വാര്‍ത്തകണ്ടു നമുക്ക് എങ്ങനെയാ ബഷീറിനെ സഹായിക്കാന്‍ കഴിയുക? തൊട്ടടുത്ത ആഴ്ച ദുബായിലെത്തിയ മമ്മൂക്ക വീണ്ടും വിളിച്ചു നമുക്ക് ബഷീറിനെ കാണാന്‍ പോകാം? ബഷീറിനെയും കുടുംബത്തെയും കണ്ടാണ് അദ്ദേഹം അന്ന് മടങ്ങിയത്
അതിനുപിന്നാലെ ‘ഗള്‍ഫില്‍ ദുരിതമനുഭവിച്ച മലയാളികുടുംബത്തിനു മമ്മൂട്ടിയുടെ സഹായം’ എന്നതലക്കെട്ടോടെ വാര്‍ത്ത കൊടുത്തു. ദേ വരുന്നു അടുത്തവിളി ഗംഭീരായി എന്ന് പറയാനാവുമെന്നു കരുതി ഫോണ്‍ എടുത്തതുമാത്രമേ ഓര്‍മ്മയുള്ളു! ആ ബന്ധം അവിടെ തീര്‍ന്നെന്നു കരുതിയതാ.പക്ഷെ ഫോണ്‍ വെക്കാറാവുമ്പോള്‍ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചു ഇതുപോലെ ബുദ്ധിമുട്ടുന്നവരുടെ വാര്‍ത്തകള്‍ ഉണ്ടെങ്കില്‍ എനിക്കും കൂടി ഷെയര്‍ ചെയ്യൂ, പറ്റും വിധം സഹായിക്കാമല്ലോ??പക്ഷെ വാര്‍ത്ത കൊടുക്കരുത്!
പിന്നീടിങ്ങോട്ട് ഗള്‍ഫില്‍ പ്രയാസം അനുഭവിച്ച നിരവധിപേര്‍ക്ക് മമ്മൂട്ടി താങ്ങായി,ദുബായിലുള്ള മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ സഹായവുമായി ആ വീടുകളിലെത്തും പക്ഷെ മമ്മൂക്കയുടെ പടമുള്ള ടീ ഷര്‍ട്ടോ ഡയലോഗോ ഒന്നുമില്ല സാധാരണ ജീവകാരുണ്യപ്രവര്‍ത്തകരായി മാത്രം.
എറ്റവും ഒടുവില്‍ കോവിഡ് കാലത്തു നാട്ടിലേക്ക് മടങ്ങാന്‍ പ്രയാസം അനുഭവിച്ചവര്‍ക്കും ഈ മഹാനടന്‍ വഴി ടിക്കെറ്റുകളെത്തി. ചുരുക്കി പറഞ്ഞാല്‍ എന്നെ സംബന്ധിച്ചടുത്തോളം ഇതാണ് പാവങ്ങളുടെ മമ്മൂട്ടി??
ഒരായിരം ജന്മദിനാശംസകള്‍…