X
    Categories: Newsworld

‘സ്വീഡനില്‍ മുസ്‌ലിംകള്‍ കലാപം നടത്തുന്നു’; പ്രചാരണത്തിന് പിന്നിലെ വസ്തുതകള്‍

മാല്‍മോ: ആദ്യം അവര്‍ അഭയം ചോദിച്ചു വന്നു, അഭയം കൊടുത്തപ്പോള്‍ സമാധാനം നിലനിന്നിരുന്ന രാജ്യത്ത് കലാപം നടത്തി. മുസ്‌ലിംകള്‍ എവിടെപ്പോയാലും ഇതാണ് അവസ്ഥ. സ്വീഡനിലെ കലാപവുമായി ബന്ധപ്പെട്ട് സംഘപരിവാറും യുക്തിവാദികളും കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയ പ്രചാരണം ഇങ്ങനെയാണ്. എന്താണ് സ്വീഡനില്‍ നടന്നത്? മുസ്‌ലിംകളാണോ കലാപമുണ്ടാക്കിയത്? വസ്തുതകള്‍ പറയുന്നത് തിരിച്ചാണ്.

യെമന്‍, അഫ്ഗാനിസ്ഥാന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ത്ഥികളെ സ്വീകരിച്ചിട്ടുള്ള രാജ്യമാണ് സ്വീഡന്‍. അതേസമയം കുടിയേറ്റ വിരുദ്ധ രാഷ്ട്രീയം പറയുന്ന ഒരു വിഭാഗം സ്വീഡനിലുണ്ട്. റാസ്മസ് പാലുദാന്‍ എന്നാണ് ഇവരുടെ നേതാവിന്റെ പേര്. ഡെന്‍മാര്‍ക്ക് ആസ്ഥാനമാക്കിയാണ് ഇയാളുടെ പ്രവര്‍ത്തനം. മുസ്‌ലിം വിരുദ്ധ വംശീയ പ്രചാരണങ്ങള്‍ കൊണ്ട് ശ്രദ്ധേയനായ വ്യക്തിയാണ് ഇയാള്‍. ഖുര്‍ആനില്‍ പന്നിയിറച്ചികൊണ്ട് ഉണ്ടാക്കുന്ന ബേക്കണ്‍ എന്ന വിഭവം കെട്ടിവെച്ച് കത്തിച്ചതിന് ഇയാള്‍ക്കെതിരെ കേസുണ്ട്.

ഇയാളുടെ നേതൃത്വത്തില്‍ നടത്തിയ മുസ്‌ലിം വിരുദ്ധ റാലിയാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമായത്. സംഘര്‍ഷം മുന്‍കൂട്ടി കണ്ട പൊലീസ് റാലിക്ക് അനുമതി നിഷേധിച്ചിരുന്നു. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് ഇയാളുടെ അനുയായികള്‍ ഖുര്‍ആന്‍ കത്തിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച തന്നെ റാലിക്ക് തിരഞ്ഞെടുത്തതിലും മനപ്പൂര്‍വ്വം കലാപം സൃഷ്ടിക്കാനുള്ള ലക്ഷ്യമായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

കലാപം തുടങ്ങിവെച്ചത് പാലുദാന്റെ അനുയായികള്‍ തന്നെയാണ്. കുടിയേറ്റക്കാര്‍ ഏറെയുള്ള മാല്‍മാവോയില്‍ തന്നെ റാലി നടത്തിയതും കലാപത്തിന് ലക്ഷ്യമിട്ടായിരുന്നു. പാലുദാനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹത്തിന്റെ അനുയായികള്‍ വ്യാപകമായി അക്രമം അഴിച്ചുവിട്ടത്. മുസ്‌ലിംകള്‍ നടത്തിയ ഒരു കലാപമല്ല സ്വീഡനില്‍ നടന്നത്. സംഭവശേഷം പാലുദാനെ പൊലീസ് സ്വീഡനില്‍ നിന്ന് നാടുകടത്തി. രണ്ട് വര്‍ഷത്തേക്ക് ഇയാളെ രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്.

സ്വീഡിഷ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മുസ്‌ലിം അനുകൂല നിലപാടാണ് സ്വീകരിച്ചത്. വംശീയത പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. ഈ വസ്തുത മറച്ചുവെച്ചാണ് ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കെതിരെ പ്രചാരണം നടത്തുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: