X

നിറം മങ്ങുന്ന ന്യൂനപക്ഷ അവകാശങ്ങള്‍-റസാഖ് ആദൃശ്ശേരി

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ അടുത്ത കാലത്തായി വര്‍ധിച്ചിട്ടുണ്ട്. മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയും മുസ്‌ലിംകളുടെ കടകള്‍, കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങിയവ ബലമായി അടച്ചുപൂട്ടുകയും ചെയ്ത സംഭവങ്ങള്‍ കര്‍ണാടകയില്‍നിന്നും ഡല്‍ഹിയില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചു ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന രീതി കേരളത്തിലടക്കം സംഘ്പരിവാര്‍ ശീലമാക്കി. പാവപ്പെട്ടവരുടെ വീടുകളും കടകളും ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തുന്നത് യു.പിയില്‍ നിന്നു തുടങ്ങി മധ്യപ്രദേശ്, ഗുജറാത്ത്, ഡല്‍ഹി വരെ എത്തി. മാരകായുധങ്ങളുമായി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ജനക്കൂട്ടം മുസ്‌ലിംകളെ നിരന്തരം പീഡിപ്പിക്കുന്നതും ബാക്കിയുള്ളവര്‍ നോക്കിനില്‍ക്കുന്നതുമെല്ലാം രാജ്യത്ത് സ്ഥിരം കാഴ്ചകളായി മാറിയിരിക്കുന്നു.

ന്യൂനപക്ഷങ്ങള്‍ക്കെതിരെ, പ്രത്യേകിച്ച് മുസ്‌ലിംകള്‍ക്കെതിരെ അവരുടെ സാമൂഹികവും സാമ്പത്തികവുമായ ജീവിതത്തെ ബാധിക്കുന്ന നിരവധി അക്രമസംഭവങ്ങള്‍ തീവ്ര വലതുപക്ഷ ഹിന്ദു ഗ്രൂപ്പുകള്‍ നടത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഈദിന്റെ തലേ ദിവസം, താരതമ്യേന സമാധാനപരമായ ജോധ്പൂരില്‍ പോലും വര്‍ഗീയ സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ഇത് അവിടെ നീണ്ട കര്‍ഫ്യു ഏര്‍പ്പെടുത്തുന്നതിലേക്ക് നയിച്ചു. റമസാന്‍ കാലത്ത് കര്‍ണാടകയില്‍ മുസ്‌ലിം മാമ്പഴ വ്യാപാരികള്‍, വഴിയോര കച്ചവടക്കാര്‍, ടൂര്‍ ഓപറേറ്റര്‍മാര്‍, ഇറച്ചി കടയുടമകള്‍ എന്നിവരെ ബഹിഷ്‌കരിക്കാന്‍ തീവ്രഹിന്ദുത്വ ഗ്രൂപ്പുകള്‍ ആഹ്വാനം ചെയ്യുകയും അതിനു സോഷ്യല്‍ മീഡിയയില്‍ വന്‍പ്രചാരണം നല്‍കുകയും ചെയ്തു. ഹൈന്ദവ മതപരമായ ഉത്സവങ്ങളില്‍ ക്ഷേത്രങ്ങള്‍ക്ക് ചുറ്റും യാതൊരു കച്ചവടവും നടത്താന്‍ മുസ്‌ലിംകളെ സമ്മതിച്ചില്ല. മുസ്‌ലിംകള്‍ക്ക് നേരെ സാമ്പത്തിക ബഹിഷ്‌കരണമാണ് ലക്ഷ്യംവെക്കുന്നത്.

ഒരു സമൂഹത്തെ തകര്‍ക്കാന്‍ സാമ്പത്തിക ബഹിഷ്‌കരണത്തിന്റെ തന്ത്രം പുതിയതല്ല. ബഹിഷ്‌കരണങ്ങള്‍ ചരിത്രം മാറ്റിമറിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി ബ്രിട്ടീഷ് ചരക്കുകളും സ്ഥാപനങ്ങളും ബഹിഷ്‌കരിക്കാന്‍ സ്വാതന്ത്ര്യസമരകാലത്ത് ആഹ്വാനം ചെയ്യുകയും ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് നിര്‍ത്താന്‍ സിവില്‍ സേവകരോടു ആവശ്യപ്പെടുകയും ചെയ്തു. ബ്രിട്ടീഷ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിച്ചും ബ്രിട്ടീഷ് ഉദ്യോഗങ്ങളില്‍നിന്ന് രാജിവെച്ചുമുള്ള സമരം ഇംഗ്ലീഷുകാരെ കുറച്ചൊന്നുമല്ല പ്രയാസപ്പെടുത്തിയത്. എന്നാല്‍ ഇന്നു ഇന്ത്യയില്‍ കാണുന്നത് ഒരു കൂട്ടം ഇന്ത്യക്കാര്‍ ‘ബഹിഷ്‌കരണം’ ഉപയോഗിച്ച് മറ്റൊരു കൂട്ടം ഇന്ത്യക്കാരെ സാമ്പത്തികമായി ഒതുക്കാന്‍വേണ്ടി പ്രയത്‌നിക്കുന്നതാണ്.

ദലിത് സമൂഹത്തോടു സവര്‍ണ വിഭാഗം സ്വീകരിച്ച നടപടികള്‍ ഇതിന്റെ മറ്റൊരു ഉദാഹരണമായി കാണാവുന്നതാണ്. അയിത്തത്തിന്റെയും ജാതി അടിസ്ഥാനത്തിലുള്ള തൊഴില്‍ വേര്‍തിരിവിന്റെയും രൂപത്തിലുള്ള സാമ്പത്തിക ബഹിഷ്‌കരണംമൂലം ദലിതര്‍ ഇപ്പോഴും പിന്തള്ളപ്പെട്ടവരുടെ കൂട്ടത്തില്‍ നിലകൊള്ളുന്നു. സവര്‍ണ വിഭാഗം ഉണ്ടാക്കിയെടുത്ത ഈ രൂപകല്‍പനയുടെ ബലത്തില്‍, ദലിതര്‍ ചരിത്രപരമായി കുറഞ്ഞ വേതനമുള്ള തൊഴിലുകളിലേക്ക് സ്ഥിരമായി തള്ളപ്പെടുന്നു. മുസ്‌ലിംകള്‍ക്കെതിരെയും സമാനമായ പ്രവണതയിന്ന് ദൃശ്യമാണ്. തൊഴില്‍ രംഗത്തും മതത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനം നിലനില്‍ക്കുന്നുണ്ട്. ഡല്‍ഹിയിലും മറ്റും ജോലിക്കുള്ള അഭിമുഖങ്ങളില്‍ പലപ്പോഴും മുസ്‌ലിംകള്‍ യോഗ്യതയുണ്ടായിട്ടും തള്ളപ്പെടുന്നതായും അവിടങ്ങളില്‍ ഹിന്ദു ഉയര്‍ന്ന ജാതിപ്പേരുള്ളവരെ നിയമിക്കുകയും ചെയ്യുന്നതായി തൊഴില്‍ രംഗത്തെ ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു. 2002ല്‍ ഗുജറാത്തിലാണ് സംഘ്പരിവാര്‍ ഈ പരീക്ഷണത്തിനു തുടക്കം കുറിച്ചത്. ഇപ്പോള്‍ പഴയ പരീക്ഷണത്തിന്റെ പുതിയ ലബോറട്ടറിയായി കര്‍ണാടക മാറുകയാണ്. ഇത്തരം ഭീഷണിപ്പെടുത്തുന്ന വര്‍ഗീയ തന്ത്രങ്ങള്‍ കര്‍ണാടകയില്‍മാത്രം ഒതുങ്ങുന്നതല്ല. മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു കൊണ്ടിരിക്കുന്നുവെന്നതിനു സമകാലിക ഇന്ത്യ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്.

മുസ്‌ലിംകള്‍ക്ക് നേരെ ഇപ്പോള്‍ നടക്കുന്ന വര്‍ഗീയ അക്രമങ്ങള്‍ മുന്‍കാലങ്ങളില്‍നിന്നും വ്യത്യസ്തമാണെന്നും ഇന്ത്യ വംശഹത്യയുടെ ഘട്ടത്തിലേക്ക് കടന്നേക്കാമെന്നും ചില വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പൂര്‍ണ മുസ്‌ലിം ഉന്മൂലനം മാത്രമല്ല വംശഹത്യ. ഇന്ത്യയില്‍ അത് സാധ്യവുമല്ല. കാരണം 20 കോടിയോളം വരുന്ന മുസ്‌ലിം സമൂഹത്തെ ഇല്ലാതാക്കാന്‍ എത്ര ശ്രമിച്ചാലും സാധ്യമാവില്ല. അതേസമയം മുസ്‌ലിം വിരുദ്ധ കലാപങ്ങളും കൂട്ടക്കൊലകളും നിരന്തരം നടത്തികൊണ്ടിരിക്കുന്നതും സാമൂഹികമായും സാംസ്‌കാരികമായും സാമ്പത്തികമായും അവരെ തകര്‍ക്കാന്‍ ശ്രമിക്കുന്നതും മുസ്‌ലിംകളെ രണ്ടാംതരം പൗരന്മാരാക്കി അവഗണിക്കുന്നതുമെല്ലാം വംശഹത്യയുടെ മറ്റൊരു രൂപം തന്നെയാണ്.

മുസ്‌ലിംകളുടെ സ്വത്വം, ഉപജീവന മാര്‍ഗം, സംസ്‌കാരം, മതപരമായ ആചാരങ്ങള്‍ എന്നിവക്കെതിരായ ആക്രമണം നിരന്തരം രാജ്യത്ത് അരങ്ങേറുമ്പോള്‍ നാടിന്റെ സ്ഥാപക പിതാക്കളുടെ സ്വപ്‌നങ്ങള്‍ക്കാണ് മങ്ങലേല്‍ക്കുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ഇന്ത്യന്‍ മുസ്‌ലിംകള്‍ അര്‍പ്പിച്ച ത്യാഗവും അവരുടെ സഞ്ചാരവഴികളും ആധുനിക ഇന്ത്യ മറന്നു പോകുന്നു. ഈ രാജ്യത്തിന്റെ സംസ്‌കാരം സമ്പന്നമാക്കുന്നതില്‍ ആ സമുദായം വഹിച്ച പങ്ക് എത്ര മാത്രമായിരുന്നുവെന്നതും അവഗണിക്കപ്പെടുന്നു. മാത്രമല്ല, മുസ്‌ലിംകളുടെ സ്വത്വത്തെയും ഇന്ത്യന്‍ മാതൃരാജ്യത്തിനുമേലുള്ള അവരുടെ അവകാശത്തെയും എത്രയോ കാലമായി ചോദ്യം ചെയ്യപ്പെടുന്നു. ഇത്തരം ആക്രമണങ്ങളും വര്‍ധിച്ചുവരുന്ന ഭൂരിപക്ഷ അക്രമങ്ങളും സ്വാതന്ത്ര്യസമര കാലത്തും രാജ്യത്തിന്റെ ഭരണഘടന അംഗീകരിച്ചതിനുശേഷവും ‘വിഭാവനം ചെയ്ത ഇന്ത്യ’ എന്ന ആശയത്തിലേക്കു നോക്കാന്‍ പ്രേരിപ്പിക്കുന്നു.

ഹിന്ദുത്വ വാദികള്‍ അംഗീകരിക്കുന്ന ഒരേയൊരു ദേശീയ പുരുഷനാണ് സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍. 1930ലെ കറാച്ചി കോണ്‍ഗ്രസിന്റെ അധ്യക്ഷനായിരിക്കെ പട്ടേല്‍ പ്രഖ്യാപിച്ചു. ‘ഒരു ഹിന്ദുവായിക്കൊണ്ടു തന്നെ ന്യൂനപക്ഷങ്ങള്‍ക്ക് ഒരു സ്വദേശി ഫൗണ്ടന്‍ പേനയും കടലാസും ഞാന്‍ നല്‍കും. അതില്‍ അവരുടെ ആവശ്യങ്ങള്‍ അവര്‍ രേഖപ്പെടുത്തട്ടെ അതേപടി അംഗീകരിക്കാന്‍ ഞാന്‍ തയ്യാറാണ്. ഭാവി ഭരണഘടനയില്‍ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടാവുമെന്നു കോണ്‍ഗ്രസിന്റെ ഈ സമ്മേളനം മുസ്‌ലിങ്ങള്‍, സിഖുകാര്‍ തുടങ്ങിയ എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും ഉറപ്പ് നല്‍കുന്നു.’ ഈയുറപ്പിനു വല്ല വിലയും കല്‍പ്പിക്കുന്നുവെങ്കില്‍ മത ന്യൂനപക്ഷങ്ങള്‍ക്ക്‌നേരെ ഇത്തരം ആക്രമണങ്ങളും വിവേചനങ്ങളും നടക്കുമോ?

ഇന്ത്യന്‍ ഭരണഘടനയില്‍ മൗലികാവകാശങ്ങള്‍ വിവരിക്കുന്ന മൂന്നാം അധ്യായത്തിലെ 14 മുതല്‍ 18 വരെയുള്ള അനുച്ഛേദങ്ങള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് തുല്യതയ്ക്കുള്ള അവകാശം ഉറപ്പുനല്‍കുന്നവയാണ്. ഇതില്‍ 14ാം അനുച്ഛേദമനുസരിച്ച് ഇന്ത്യയിലെ എല്ലാ പൗരന്മാരും നിയമത്തിന്റെ മുമ്പില്‍ സമന്‍മാരാണെന്നും എല്ലാവര്‍ക്കും തുല്യ സംരക്ഷണം ഉറപ്പുവരുത്തുന്നുവെന്നും പറയുന്നു. 15ാം അനുച്ഛേദമനുസരിച്ച് ജാതി, മതം, വംശം, ജനിച്ച പ്രദേശം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തില്‍ പൗരന്മാരുടെ കാര്യത്തില്‍ യാതൊരു വിവേചനവും പാടില്ല എന്നു വ്യവസ്ഥ ചെയ്തിരിക്കുന്നു. എന്നാല്‍ ഇന്നു ഇന്ത്യയില്‍ ഭരണഘടനയുടെ ഈ വകുപ്പുകള്‍ക്ക് എന്ത് വിലയാണുള്ളത്?

ബ്രിട്ടീഷ് ചരിത്രകാരനായ ലോര്‍ഡ് ആക്ടണ്‍ സൂചിപ്പിച്ചതു പോലെ ‘ജനാധിപത്യത്തിന്റെ നിലവിലുള്ള ഒരു തിന്മ ഭൂരിപക്ഷത്തിന്റെ സ്വേച്ഛാധിപത്യമാണ്. ജനാധിപത്യത്തില്‍ സ്വാതന്ത്ര്യത്തിന്റെ അടയാളം ന്യൂനപക്ഷങ്ങളുടെ സുരക്ഷയാണ്.’ ന്യൂനപക്ഷങ്ങളോട് വര്‍ധിച്ചു വരുന്ന അസഹിഷ്ണുത, ഭരണ കക്ഷിയില്‍പെട്ട നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍, പൊതു അധികാരികളുടെ അനാസ്ഥ എന്നിവയെല്ലാമാണ് ഇന്ത്യയിലിന്നു നടന്നുകൊണ്ടിരിക്കുന്നത്. ഇത് ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കിയ അവകാശങ്ങള്‍ക്ക് ഒരു വിലയും ഇല്ലാതാക്കുന്നു. ഒരു കൂട്ടം ആളുകളെ അവരുടെ ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും വ്യക്തിഗത തിരഞ്ഞെടുപ്പുകളുടെയും പേരില്‍ ആക്രമിക്കാന്‍ ഭരണകൂടവും പിന്തുണക്കുന്നവരും ചേരുമ്പോള്‍ ഭരണഘടനയുടെ അതിരുകള്‍ക്ക് നിറം മങ്ങുന്നു.

ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം വര്‍ഗീയ കലാപങ്ങള്‍ 2019 ല്‍ 438 ആയിരുന്നത് 2020ല്‍ 857 ആയി ഉയര്‍ന്നു. അക്രമത്തിന്റെ രൂപങ്ങളില്‍ സാമൂഹികവും സാമ്പത്തികവും സാമുദായികവും ഉള്‍പ്പെടുന്നു. ഇക്കൂട്ടത്തില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വരെയുണ്ട്. മുസ്‌ലിംകളെയും ദലിതരെയും ആദിവാസികളെയും കുറ്റമറ്റ രീതിയില്‍ ആക്രമിക്കുന്ന നിയമലംഘരായ ആള്‍ക്കൂട്ടത്തിന്റെ ഉദയത്തിനു ഇന്ത്യ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നു. കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി അധികാരത്തിലെത്തിയതിനുശേഷം വിദ്വേഷ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതായാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഭരണഘടനയില്‍ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ള നിരവധി വ്യവസ്ഥകള്‍ അടങ്ങിയിരിക്കുന്നു. കൂടാതെ ഇന്ത്യന്‍ സമൂഹത്തിന്റെ ഐക്യവും സാഹോദര്യവും സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിനു അത് ജീവന്‍ നല്‍കുകയും ചെയ്യുന്നു. എന്നിട്ടും ഭരണഘടനാപരമായ റിപ്പബ്ലിക് ഉദ്ഘാടനം ചെയ്യപ്പെട്ട് ഏഴ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും, ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ അന്യവത്കരിക്കപ്പെടുന്നു. വര്‍ധിച്ചുവരുന്ന ആക്രമങ്ങള്‍ക്കിടയില്‍ ഭരണഘടനാസിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള അന്തരം ഭരണഘടനയില്‍ വിശ്വസിക്കുന്ന എല്ലാവരെയും ആശങ്കപ്പെടുത്തുന്നതാണ്. ന്യൂനപക്ഷാവകാശങ്ങള്‍ പ്രോല്‍സാഹിപ്പിക്കുകയും അവ സംരക്ഷിക്കുന്നതിന് ഭരണകൂടം ശ്രമം നടത്തുകയും വേണം. അപ്പോള്‍ മാത്രമെ ഭരണഘടനാവിശ്വാസം പുന:സ്ഥാപിക്കപ്പെടുകയുള്ളു. ബി.ആര്‍ അംബേദ്കര്‍ പറഞ്ഞത് പോലെ, ‘ഒരു ഭരണഘടന എത്ര മികച്ചതാണെങ്കിലും, അത് ജനസാമാന്യത്തിന്റെ വിവേകവും അധികാരത്തിലിരിക്കുന്നവരുടെ രാഷ്ട്രീയ ധാര്‍മികതയും ജുഡീഷ്യറിയുടെ സര്‍ക്ഷാത്മകതയും ഇല്ലാതെ പ്രവര്‍ത്തിക്കില്ല.’ എന്നാല്‍ ഇത് പ്രസംഗങ്ങളില്‍ ഇന്ന് കാണാന്‍ കഴിയും. പക്ഷേ പ്രവര്‍ത്തനങ്ങളില്‍ കാണാനില്ലയെന്നതാണ് ഖേദകരം.

Chandrika Web: