X

ഭീതിയാണ് ഇപ്പോഴും; ദുരന്തം ഇവരുടെ മാനസിക നിലയും തെറ്റിച്ചു

ഫൈസല്‍ മാടായി

കണ്ണൂര്‍: നിനച്ചിരിക്കാത്ത നേരത്ത് എത്തിയ പ്രളയം പലരുടെയും മാനസിക നിലയെയാണ് തെറ്റിച്ചത്. കിടപ്പാടം ഇല്ലാതായി. മാറ്റിയുടുക്കാന്‍ വസ്ത്രമില്ല. സമ്പത്തും രേഖകളും പ്രളയം കവര്‍ന്നു. പട്ടിണി മാറ്റാന്‍ മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടേണ്ട അവസ്ഥയാണിന്ന്. ശാരീരികവും മാനസികമായും തളര്‍ന്ന് പോയവരെ പിടിച്ചുലക്കുകയായിരുന്നു ദുരന്തം.
ഇരിട്ടി, ആലുവ, കമ്പിനിപ്പടി, കുന്നത്തൂര്‍ മേഖലകളില്‍ സാമൂഹ്യ പ്രവര്‍ത്തക സാജിത ഹാരിസും സഹപ്രവര്‍ത്തകരും നടത്തിയ യാത്രാ അനുഭവം വേദനാജനകമാണ്. നേരില്‍ കണ്ടതിന് സമാനം സാജിതയുടെ വാക്കുകള്‍. പ്രളയവും ഉരുള്‍പൊട്ടലും നാശം വിതച്ച പ്രദേശങ്ങളിലെ വീടുകളും വിദ്യാലയങ്ങളും ആസ്പത്രികളും സ്ഥാപനങ്ങളും ശുചീകരിക്കുന്നതില്‍ പങ്കാളികളാകുകയെന്ന ലക്ഷ്യത്തോടെയാണ് കണ്ണൂരില്‍ നിന്ന് അവര്‍ പോയത്. ദുരന്തത്തിന് ഇരയായ കുടുംബങ്ങള്‍ക്ക് തങ്ങളെ കൊണ്ടാകുന്ന സഹായം എത്തിക്കുകയുമായിരുന്നു ലക്ഷ്യം. കേട്ടറിഞ്ഞതിനേക്കാള്‍ ഭീകരമായിരുന്നു ദുരന്ത മേഖലകളിലെ കാഴ്ചകള്‍. 14 കുടുംബങ്ങളെയാണ് ആ സന്നദ്ധ സംഘ

ത്തിന് നേരില്‍ കാണാനായത്. അവരുടെ കണ്ണുകളില്‍ ഇപ്പോഴും ഭീതിയൊഴിഞ്ഞിട്ടില്ല. ദുരന്തം അവരുടെ മനസിലും ആഘാതമേല്‍പ്പിച്ചിരിക്കുന്നു. ഇവരില്‍ ചില കുടുംബങ്ങളുടെ അവസ്ഥ അതീവ ദയനീയമാണ്. മനസും ശരീരവും തളര്‍ന്ന് പോയ സാഹില്‍, അവന്റെ ഉമ്മ നസിയ ഇവരുടെ ഇപ്പോഴത്തെ ജീവിതാവസ്ഥ കരളലിയിക്കും. രോഗം തളര്‍ത്തിയ സാഹിലിന്റെയുള്ളില്‍ ദുരന്തം കടുത്ത ആഘാതമേല്‍പ്പിച്ചിരിക്കുന്നു. പരസഹായമില്ലാതെ നടക്കാന്‍ സാധിക്കാത്ത അവനെ തളര്‍ത്തിയിരിക്കുന്നു കലിപൂണ്ടെത്തിയ പ്രകൃതിയുടെ സംഹാര താണ്ഡവം. മാനസികാസ്വാസ്ഥ്യമുള്ള യുവാവ് നാസറിനും പേടിയാണ്. ഉമ്മ ഫാത്തിമയാണ് അവന് താങ്ങും തണലും. അവര്‍ക്കും നഷ്ടപ്പെട്ടിരിക്കുന്നു സര്‍വവും.
പ്രളയത്തില്‍ നിന്നും ജീവിതത്തിലേക്ക് കര കയറിയ കുഞ്ഞിബീവിയുടെ അവസ്ഥയും വ്യത്യസ്ഥമല്ല. ഭര്‍ത്താവ് ഉപേക്ഷിച്ച ആ സ്ത്രീ കൂലിപണിയെടുത്തും വിദേശത്ത് ഹോം നഴ്‌സ് ജോലി ചെയ്തുമാണ് ജീവിതം കരുപ്പിടിപ്പിച്ചത്. മൂന്ന് മക്കളാണ് ഇവര്‍ക്ക്. എല്ലാവരും വിവാഹിതര്‍. മകള്‍ക്ക് വീടും വെച്ച് കൊടുത്തു. ഭര്‍ത്താവ് ഉപേക്ഷിച്ച മകളും രണ്ട് മക്കളും ഇപ്പോള്‍ കുഞ്ഞിബീവിയുടെ തണലിലാണ്. കുഞ്ഞ് മക്കളുടെ വിശപ്പ് മാറ്റാന്‍ രാവിലെ ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് ചാലക്കുടി പുഴയുടെ തീരത്തെ കൊച്ചുകടവ് ഗ്രാമത്തിലെ വീട്ടിലേക്ക് വെള്ളം ഇരച്ചെത്തിയത്. സര്‍വവും മുക്കിയെടുത്തു പ്രളയ ജലം. വലിയ പാത്രങ്ങളുമായി എത്തിയ രക്ഷാ പ്രവര്‍ത്തകരാണ് കുഞ്ഞിബീവിയെയും പേര മക്കളെയും ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത്. സമീപത്തെ വീടുകളിലും വെള്ളം കയറി.
പ്രളയം തകര്‍ത്തവര്‍ക്കരികില്‍ ഇപ്പോഴും എത്തുന്ന സന്നദ്ധ പ്രവര്‍ത്തകരാണ് ഏക ആശ്വാസം. ദൈവത്തിന്റെ പരീക്ഷണങ്ങള്‍ക്ക് മുന്നില്‍ തളര്‍ന്ന് പോയ കുറെ ജന്മങ്ങള്‍ ചുറ്റുവട്ടത്തുണ്ട്. ഇവരിലേക്ക് എത്തണം സര്‍ക്കാര്‍ സഹായം. പൂജ്യത്തില്‍ നിന്ന് ജീവിതം തുടങ്ങുകയാണിവര്‍. ആരോഗ്യവും മാനസികവുമായ പരിചരണവും കൂടി ഇവര്‍ക്ക് അത്യാവശ്യമാണ്. സര്‍ക്കാര്‍ കണക്കില്‍ ആരും പുറത്താകരുത്. ഔദാര്യമല്ല സഹായം നഷ്ടപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട അവകാശമാണ്. തിരിച്ച് പിടിക്കട്ടെ കുഞ്ഞിബീവിയും സാഹിലും നാസറുമുള്‍പ്പെടുന്ന കുടുംബത്തോടൊപ്പം ദുരിത ബാധിതര്‍ ഓരോരുത്തരായി.

chandrika: