തൃക്കാക്കര: ഫ്‌ളാറ്റില്‍ അഭ്യസ്ത വിദ്യാരായ പെണ്‍കുട്ടികളെ വശീകരിച്ചു അടിമകളാക്കിയശേഷം പൂജയുടെയും ജോലിയുടെയും മറ്റു പേരില്‍ പണം തട്ടിച്ചും ലൈംഗികമായി ഉപയോഗിച്ചും കഴിഞ്ഞിരുന്നയാളെ ഇന്‍ഫോപാര്‍ക്ക് പോലീസ് അറസ്റ്റു ചെയ്തു. തൃശ്ശൂര്‍ എങ്ങണ്ടിയൂര്‍ എം.എ. ആശുപത്രിക്ക് സമീപം താമസിക്കുന്ന കല്ലുങ്കല്‍ വീട്ടില്‍ കണ്ണന്‍ എന്നു വിളിക്കുന്ന ഉണ്ണികൃഷ്ണ (30) നാണ് പിടിയിലായത്. ഇന്‍ഫോപാര്‍ക്കിന് സമീപമുള്ള സ്വകാര്യ ഫ്‌ളാറ്റ് വാടകക്കെടുത്തു പെണ്‍കുട്ടികളോടൊപ്പം ഇയാള്‍ താമസിച്ചു വരുകയായിരുന്നു. ഇന്‍ഫോപാര്‍ക്കില്‍ ജോലിക്കായി പോയിരുന്ന സഹോദരിയെയും കൂട്ടുകാരികളായ രണ്ടുപേരെയും കാണാനില്ലെന്നു പറഞ്ഞു കോട്ടയം സ്വദേശിനിയുടെ പരാതിയെ തുടര്‍ന്നാണ് കേസ്സെടുത്ത് അന്വേഷണം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി 12.30 ഓടെയാണ് പെണ്‍കുട്ടികളോടൊപ്പം ഫ്‌ളാറ്റില്‍ കഴിഞ്ഞിരുന്ന ഇയാളെ അറസ്റ്റു ചെയ്തത്. ഇയാള്‍ പൂജാരിയാണെന്ന് പെണ്‍കുട്ടികളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പ്ലാസ്ടു മാത്രം യോഗ്യതയുള്ള ഇയാള്‍ അമേരിക്കയില്‍ നിന്നും ന്യൂറോ സര്‍ജറിയില്‍ ബിരുദം നേടിയ ഡോക്ടറാണെന്നു പറഞ്ഞാണു ഫ്‌ളാറ്റ് വാടകക്കെടുത്തത്. ഇയാള്‍ തന്നെ ഇന്റര്‍വ്യു നടത്തി എം.ബി.എ. ബി.ടെക് മറ്റു ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള പെണ്‍കുട്ടികളെ കാക്കനാട് വ്യവസായമേഖലക്കു സമീപം പുതിയ കമ്പനി തുടങ്ങാനെന്ന വ്യാജേന ഈ ഫ്‌ളാറ്റില്‍ എത്തിച്ചു താമസിപ്പിച്ചിരിക്കുകയായിരുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നും ഇയാള്‍ പെണ്‍കുട്ടികളെ ഇന്റര്‍വ്യു നടത്തി എടുത്തിരുന്നു. ഫ്‌ളാറ്റില്‍ നിത്യ സന്ദര്‍ശകനായിരുന്ന ഇയാള്‍ തനിക്ക് ദിവ്യതം ഉണ്ടെന്നും കല്‍ക്കിയുടെ അവതരാമാണ് താനെന്നു പറഞ്ഞു പെണ്‍കുട്ടികളെ വിശ്വസിപ്പിച്ചിരുന്നു. കൂടാതെ ഇതില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ പത്താം ക്ലാസ് മാത്രമുള്ള ഇയാളുടെ പരിചയക്കാരനെ കൊണ്ടു വിവാഹം നടത്തി. ഈ പെണ്‍കുട്ടിയുടെ സഹോദരനെയും ഭാര്യയെയും ഈ ഫ്‌ളാറ്റില്‍ തന്നെ വരുത്തി താമസിപ്പിക്കുകയും ചെയ്തു. അതിനിടെ സഹോദരന്റെ ഭാര്യയോടു തനിക്ക് വിധവ യോഗമുണ്ടെന്നും ഭര്‍ത്താവിന് അപകീര്‍ത്തി വരുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു അതിനു വേണ്ടി ഒരു പൂജ ചെയ്യണമെന്നും പറഞ്ഞു അതിന് വന്‍തുക ആവശ്യപ്പെടുകയും ചെയ്തു. തുക കൈപ്പറ്റിയശേഷം കഴിഞ്ഞ ഫെബ്രുവരി 28ന് ഹോമത്തിനായി എല്ലാ ഒരുക്കങ്ങളും നടത്തി ഓരോരുത്തരായി കുളിമുറിയില്‍ എത്തിക്കുകയും ചെയ്തു. അതിനു ശേഷം വിധവ യോഗം ഉണ്ടെന്നു പറഞ്ഞ പെണ്‍കുട്ടിയെ കുളിമുറിയില്‍വച്ച് ലൈംഗികമായി പീഡിപ്പിച്ചു. പെണ്‍കുട്ടികളുടെ ഈ പരാതിയിന്മേലാണ്ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്.
ഇയാളുടെ സ്വദേശമായ തൃശ്ശൂരില്‍ ഒരു ഭാര്യ നിലനില്‍ക്കെ ഇടുക്കിയില്‍ നിന്നുള്ള ഒരു യുവതിയെ ഇയാള്‍ ഭാര്യയാക്കുകയും ഇവരെ കാക്കനാട്ടെ ഒരു ഫ്‌ളാറ്റില്‍ താമസിപ്പിച്ചു വരുകയുമായിരുന്നു. ഫ്‌ളാറ്റ് ബിസിനസ്സാണ് തനിക്കെന്ന പറഞ്ഞു ഈ ഭാര്യയെ വിശ്വസിപ്പിച്ചു. ഇടുക്കി സ്വദേശിനിയുടെ പരാതിയിന്മേല്‍ ഇയാള്‍ക്കെതിരെ മാറ്റൊരു കേസ്സുകൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ വശീകരിച്ച പെണ്‍കുട്ടികളെ കൊണ്ടു പലകാര്യങ്ങള്‍ പറയിപ്പിച്ചും ഭീഷണിപ്പെടുത്തിയും സ്വര്‍ണ്ണപണയം വച്ചും വന്‍ തുക കൈപ്പറ്റി. ഈ തുക ഉപയോഗിച്ചു പെണ്‍കുട്ടികളോടൊപ്പം വേളാങ്കണ്ണി, രാമേശ്വരം മുതലായ സ്ഥലങ്ങളില്‍ ഇയാള്‍ ഉല്ലാസയാത്ര നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പണമായി പെണ്‍കുട്ടികളില്‍ നിന്നും 1.75 ലക്ഷം രൂപ കൈപ്പറ്റിയിണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഇയാളെ അറസ്റ്റു ചെയ്ത ഫ്‌ളാറ്റില്‍ നിന്നും ഒരു ഡെമ്മി പിസ്റ്റല്‍, ഇരുതല മൂര്‍ച്ചയുള്ള ആധുനിക കത്തി, നെഞ്ചക്ക്, ലാപ് ടോപ്പ്, വിവിധ കമ്പനികളുടെ മൊബൈല്‍ ഫോണ്‍, റെഡിമെയ്ഡ് ഹോമകുണ്ടം ഉള്‍പ്പെടെ അനേകം പൂജ സാധനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പേരാമംഗലം, വാടനപ്പള്ളി എന്നി പൊലീസ് സ്‌റ്റേഷനുകളില്‍ വീസ തട്ടിപ്പ് ഉള്‍പ്പെടെ ഇയാള്‍ക്കെതിരെ രണ്ടു കേസുകള്‍ നിലവിലുണ്ട്. ഇയാള്‍ കൂടെ താമസിപ്പിച്ചിരിക്കുന്ന പെണ്‍കുട്ടി മാത്രമാണ് പരാതി നല്‍കിയിട്ടുള്ളതെന്നും മറ്റുള്ളവര്‍ക്കൊന്നും പരാതികള്‍ ഇല്ലെന്നും പൊലീസ് പറഞ്ഞു. അവര്‍ സാധരണ മാനസികാവസ്ഥയില്‍ അല്ലെന്നും കൗണ്‍സിലിങ് ചികിത്സ കൊണ്ടു മാത്രമേ അവരെ നോര്‍മല്‍ അവസ്ഥയിലേക്കു എത്തിക്കാന്‍ കഴിയുവെന്നും പൊലീസ് പറയുന്നു.
തൃക്കാക്കര അസി. കമ്മീഷണര്‍ എം. ബെനോയ് ഇന്‍ഫോപാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ. രാധമണി, സബ് ഇന്‍സ്‌പെക്ടര്‍ തൃദീപ് ചന്ദ്രന്‍, വനിത എസ്.ഐ. ട്രീസ തുടങ്ങിയവരും മറ്റു പോലീസുകാരം ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂട്ട് പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടികളുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പം പറഞ്ഞുവിട്ടു.