കല്‍പ്പറ്റ: വയനാട്ടില്‍ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. തലപ്പുഴ തോപ്പില്‍ വിനോദ് (45), ഭാര്യ മിനി(40), മക്കളായ അനുശ്രീ (17), അഭിനവ് (12) എന്നിവരാണ് മരിച്ചത്.
വീടിനു സമീപത്തെ കശുമാവിന്‍ തോട്ടത്തിലാണ് ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

സാമ്പത്തിക ബുദ്ധിമുട്ടുകളെത്തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കൃഷിയാണ് വിനോദിന്റെ പ്രധാന വരുമാന മാര്‍ഗം. ഇതുമായി ബന്ധപ്പെട്ട് ചില കടബാധ്യതകള്‍ വിനോദിനുണ്ടായിരുന്നതായാണ് വിവരം. ഇന്നലെ രാത്രി മുതല്‍ ഇവരെ കാണാനില്ലായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു.

തിരച്ചില്‍ നടത്തിയെങ്കിലും ഇന്നു രാവിലെയാണ് കശുമാവിന്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിവരമറിയിച്ചതിനെത്തുടര്‍ന്ന് തലപ്പുഴ പൊലീസ് ആദ്യം സ്ഥലത്തെത്തി. പിന്നീട് മാനന്തവാടി ഡിവൈഎസ്പി കെ.എം ദേവസ്യ, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ മണി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി.