X
    Categories: CultureNewsViews

തൊഴിലുറപ്പ് പദ്ധതിയുടെ ഉപജ്ഞാതാവായ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡ്രീസിനെ കസ്റ്റഡിയിലെടുത്തു


ഗര്‍വ: പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ ഴോണ്‍ ഡ്രീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജാര്‍ഖണ്ഡില്‍ പരിപാടിയില്‍ പങ്കെടുക്കവെയാണ് പൊലീസ് നടപടി. മുന്‍കൂര്‍ അനുമതിയില്ലാതെ പരിപാടി നടത്തിയതിനാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു.
ഗര്‍വ ജില്ലയിലെ ബിഷ്ണുപുര ഗ്രാമീണമേഖലയില്‍ നിന്നാണ് ഴോണ്‍ ഡ്രീസിനെയടക്കം മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഈ പ്രദേശത്തെ റേഷന്‍, പെന്‍ഷന്‍ വിതരണം മുടങ്ങിക്കിടക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പരാതികേള്‍ക്കുന്നതിനായി സംഘടിപ്പിക്കപ്പെട്ട ജന്‍ സുന്‍വായ് പരിപാടിയാണ് അധികൃതരെ പ്രകേപിപ്പിച്ചത്. പരിപാടിക്ക് നേരത്തെ അനുമതി തേടിയിരുന്നുവെന്നാണ് ഴോണ്‍ ഡ്രീസ് പറയുന്നത്. എന്നാല്‍ അപേക്ഷ പരിഗണിച്ചതായോ തള്ളിയതായോ അധികൃതര്‍ അറിയിച്ചിരുന്നില്ല. മൂന്നുപേരെയും പിന്നീട് വിട്ടയച്ചു.
ബെല്‍ജിയന്‍ സാമ്പത്തിക വിദഗ്ധനായ ജാക്വിസ് ഡ്രീസിന്റെ മകനായ ഴോണ്‍ ഡ്രീസ് 1979 മുതല്‍ ഇന്ത്യയിലുണ്ട്. 2002ലാണ് ഇന്ത്യന്‍ പൗരത്വം ലഭിച്ചത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ അധ്യാപകനായിരുന്ന ഴോണ്‍ ഡ്രീസ് ഇപ്പോള്‍ ഡല്‍ഹി സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിലും റാഞ്ചി സര്‍വകലാശാലയിലും വിസിറ്റിങ് പ്രഫസറാണ്. യുപിഎ സര്‍ക്കാറിന്റെ ഉന്നത ഉപദേശക സമിതിയായിരുന്ന നാഷണല്‍ അഡൈ്വസറി കൗണ്‍സില്‍ അംഗമായിരുന്നു. തൊഴിലുറപ്പ് പദ്ധതി എന്ന ആശയം ആദ്യം അവതരിപ്പിച്ചതും അദ്ദേഹമാണ്.
അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതില്‍ ആശങ്കയുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: