X
    Categories: Video Stories

രാഷ്ട്രീയ ഗതിമാറ്റത്തിന്റെ ‘ന്യായ്’

രാജ്യത്തെ 130 കോടി ജനങ്ങളുടെ ഭാവി നിര്‍ണയിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ‘ന്യായ്’ അഥവ ന്യായം എന്ന പേരില്‍ എല്ലാവര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കാനുള്ള പദ്ധതി അധികാരത്തിലെത്തിയാല്‍ നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. രാജ്യത്തെ അഞ്ചുകോടി നിര്‍ധന കുടുംബങ്ങള്‍ക്കു പ്രതിവര്‍ഷം 72,000 രൂപ വീതം നല്‍കുന്ന ‘ന്യായ്’ പദ്ധതി കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധി പരിചയപ്പെടുത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നോട്ടുവെച്ച ഏറ്റവും ശക്തമായ വാഗ്ദാനമായ, കുറഞ്ഞ വരുമാന പദ്ധതിയായ ന്യായ് രാജ്യത്തെ 20 ശതമാനത്തോളം നിര്‍ധന കുടുംബങ്ങള്‍ക്ക് ഗുണം ലഭിക്കുന്നതാണ്. പദ്ധതി പ്രകാരം 12,000 രൂപക്ക് താഴെ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ബാക്കി വരുന്ന തുക സര്‍ക്കാര്‍ പ്രതിമാസ സഹായമായി നല്‍കും. പ്രതിവര്‍ഷം 72,000 രൂപ പാവപ്പെട്ടവര്‍ക്ക് നല്‍കുമെന്നാണ് പ്രഖ്യാപനം. ലോകത്തെ തന്നെ ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിനായുള്ള ഏറ്റവും ബൃഹത് പദ്ധിയായാണ് ന്യായ് അവതരിപ്പിക്കുന്നത്. അക്കൗണ്ടിലേക്ക് നേരിട്ട് പണം എത്തിക്കുന്ന വിധത്തിലായിരിക്കും പദ്ധതിയെന്നത് ഇതിന്റെ സുതാര്യത വര്‍ധിപ്പിക്കുന്നതാണ്. സര്‍ക്കാരിന് ഇതിനുളള തുക കണ്ടെത്താന്‍ സാധിക്കുമെന്നു രാഹുല്‍ കാര്യ കാരണ സഹിതം പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി 2014ലെ തെരഞ്ഞെടുപ്പിന് മുമ്പ് നല്‍കിയ ഓരോ ഇന്ത്യക്കാരന്റേയും അക്കൗണ്ടില്‍ 15 ലക്ഷം എന്ന പൊള്ള വാഗ്ദാനം പോലുള്ള ഒന്നല്ല ന്യായ് എന്ന് ഇതിന്റെ ഘടന പരിശോധിച്ചാല്‍ തന്നെ വ്യക്തം. രാഹുല്‍ ഗാന്ധി പരിചയപ്പെടുത്തിയ ന്യായ് പദ്ധതി കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പൊളിറ്റിക്കല്‍ ഗെയിം ചേഞ്ചര്‍ ആയി മാറുമെന്ന് തന്നെയാണ് സാമ്പത്തിക വിദ്ഗധരുടെ വിലയിരുത്തല്‍. എന്നാല്‍ രാജ്യത്തിന്റെ ബാലന്‍സ് ഷീറ്റില്‍ കനത്ത സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് വിലയിരുത്തുന്നവരും ഉണ്ട്. പ്രതിവര്‍ഷം 3.6 ലക്ഷം രൂപയോളം പദ്ധതിക്കായി ചെലവാകും. ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഈ പദ്ധതിയെ ‘ബ്ലഫ്’ (കോമാളിത്തരം) എന്നാണ് വിളിച്ചത്. ചെയ്തു കൂട്ടിയ കോമാളിത്തരങ്ങളുടെ ഓര്‍മകള്‍ തികട്ടി വരുന്നതിനാലാവാം ഇത്തരത്തിലൊരു ആരോപണം പദ്ധതി നടപ്പിലാക്കുംമുമ്പേ ധനമന്ത്രിയില്‍നിന്നും ഉണ്ടായത്. പാവപ്പെട്ടവരെ വീണ്ടും ചതിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. വെറുമൊരു ആരോപണത്തില്‍ കവിഞ്ഞ് ഇതിന് വസ്തുതകളുടെ പിന്‍ബലമില്ലതാനും. ഔദ്യോഗിക സ്ഥാനത്തിരിക്കെ കോണ്‍ഗ്രസിന്റെ മിനിമം വരുമാനം ഉറപ്പാക്കല്‍ പദ്ധതിയെ വിമര്‍ശിച്ച് നീതി അയോഗ് വൈസ് ചെയര്‍മാന്‍ തന്നെ രംഗത്തുവന്നത് പദ്ധതിയില്‍ സര്‍ക്കാറിനുള്ള ഭീതി ചെറുതല്ലെന്ന സൂചനകളാണ് നല്‍കുന്നത്.
ന്യായ് പ്രഖ്യാപിച്ചതിന് പിന്നാലെ ആകാശത്ത് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയെന്ന അവകാശവാദവുമായി മോദി തന്നെ രംഗത്തുവന്നത് പദ്ധതി മോദിയേയും ബി.ജെ.പിയേയും അമ്പരപ്പിച്ചുവെന്നത് വ്യക്തമാക്കുന്നു. മുന്‍ ധനകാര്യമന്ത്രി പി ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് കമ്മിറ്റി കഴിഞ്ഞ കുറെ മാസങ്ങളായി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പട്ടികയ്ക്കുപിന്നില്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്നുണ്ട്. 2015ല്‍ നോബല്‍ സമ്മാനം നേടിയ ബ്രിട്ടീഷ് സാമ്പത്തിക ശാത്രജ്ഞന്‍ ആന്‍ഗസ് ഡേറ്റണ്‍, ഫ്രഞ്ച് സാമ്പത്തിക വിദഗ്ധന്‍ തോമസ് പിക്കറ്റി, എസ്.ബി.ഐ ഗവര്‍ണറായിരുന്ന രഘുറാം രാജന്‍ എന്നിവരും പദ്ധതിയില്‍ പങ്കെടുത്തിരുന്നു. അടിസ്ഥാന വരുമാനം ഉറപ്പുവരുത്തല്‍ പദ്ധതി രാഹുല്‍ഗാന്ധി പ്രഖ്യാപിച്ചത് തന്റെകൂടി ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് തോമസ് പിക്കറ്റി നേരത്തെ സ്ഥീരികരിച്ചിരുന്നു.

അധികാരമേറ്റെടുത്താല്‍ എല്ലാവര്‍ക്കും മിനിമം വരുമാനം നല്‍കുമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയില്‍ നടപ്പാക്കുമെന്നും പട്ടിണി ഇല്ലാതാക്കാനുള്ള ചരിത്രപരമായ നീക്കമാണെന്നുമാണ് കോണ്‍ഗ്രസിന്റെ അവകാശവാദം. തോമസ് പിക്കറ്റിയാണ് രാഹുല്‍ഗാന്ധിയുടെ മിനിമം വരുമാന ആശയത്തിന് പിന്നിലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യയിലെ വരുമാന അസമത്വം കുറയ്ക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും തീര്‍ച്ചയായും പിന്തുണയ്ക്കുന്നതായും തോമസ് പിക്കറ്റി പറയുന്നു. ഇത്തരത്തിലുള്ള ആഗോള സാമ്പത്തിക വിദഗ്ധരുമായി കൂടിയാലോചിച്ച് ബൃഹത് പദ്ധതി കൊണ്ടുവരുമ്പോള്‍ അതിന്റെ വരും വരായ്കകള്‍ വേണ്ട രീതിയില്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞുവെന്ന് സാരം. കൂടിയാലോചനകള്‍ നടത്താതെ മോദി തിരക്കിട്ട് നടപ്പിലാക്കിയ നോട്ട് നിരോധനവും ജി.എസ്.ടിയുമുണ്ടാക്കിയ വന്‍ ദുരന്തം നമ്മുടെ മുന്നിലുണ്ട്. ഇത് തീര്‍ത്ത പ്രതിബന്ധങ്ങളില്‍ നിന്നും രാജ്യം ഇനിയും കരകയറിയിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. ഛത്തീസ്ഗഡിലെ കര്‍ഷക റാലിയില്‍ ആയിരുന്നു പ്രഖ്യാപനം. മിനിമം വരുമാനം സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടില്‍ ഉറപ്പുവരുത്തുമെന്നും പദ്ധതി നടപ്പായാല്‍ രാജ്യത്തെ പട്ടിണിയും ദാരിദ്ര്യവും തുടച്ചുനീക്കപ്പെടുമെന്നും രാഹുല്‍ പറഞ്ഞിരുന്നു. 2016-17 കാലഘട്ടത്തിലെ സാമ്പത്തിക സര്‍വേയില്‍ ഓരോ ദരിദ്ര ഗ്രാമീണ കുടുംബത്തിനും യൂണിവേഴ്‌സല്‍ ബേസിക് ഇന്‍കം (യുബിഐ) പ്രതിമാസം 1,500 രൂപ എന്ന ആശയം മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യമാണ് മുന്നോട്ടുവെച്ചത്. 2017 ജൂണില്‍ യുബിഐ പദ്ധതിയില്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ജെയ്റ്റ്‌ലി പറഞ്ഞിരുന്നു. എന്നാല്‍, രാഷ്ട്രീയ പരിമിതികള്‍ കാരണം അത് പ്രായോഗികമായില്ല. ന്യായ് പദ്ധതി കൊണ്ടുവരുന്നതിന്റെ പേരില്‍ മറ്റൊരു പദ്ധതിയും റദ്ദാക്കില്ലെന്നും സബ്‌സിഡികള്‍ വെട്ടികുറയ്ക്കില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
പണം കുടുംബ നാഥയുടെ അക്കൗണ്ടിലാണ് നിക്ഷേപിക്കുക. നോട്ട് നിരോധനം തകര്‍ത്ത കര്‍ഷകര്‍, ചെറുകിട, ഇടത്തരം വ്യവസായികള്‍, തൊഴില്‍ രഹിതരായ യുവജനങ്ങള്‍, രാജ്യത്തെ അമ്മമാര്‍ തുടങ്ങി കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ട് മുഴുവന്‍ സമ്പാദ്യവും നഷ്ടമായവര്‍ക്ക് നീതി ഉറപ്പാക്കാന്‍ കൂടിയാണ് പദ്ധതിയെന്നാണ് രാഹുല്‍ പറയുന്നത്. ന്യായ് ഒരു ഗെയിം ചെയ്ഞ്ചര്‍ തന്നെയാണ് ദാരിദ്രമുക്തിക്കായുള്ള അന്തിമ പോരാട്ടം. ഇത് നോട്ട് നിരോധനത്തെ പോലെയോ, ജി.എസ്.ടിയെ പോലെയോ അല്ല, നടപ്പിലാക്കാനാവുന്ന പദ്ധതി മാത്രമാണെന്ന് രാഹുല്‍ പറയുന്നു. രാഹുലിനെ അവിശ്വസിക്കേണ്ട കാര്യം തല്‍ക്കാലമില്ല. അദ്ദേഹം നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ വാഗ്ദാനം നല്‍കിയ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്ന പദ്ധതി കോണ്‍ഗ്രസ് അധികാരത്തിലെത്തിയ സംസ്ഥാനങ്ങളില്‍ ദിവസങ്ങള്‍ക്കകം നടപ്പിലാക്കിയതിനാല്‍ വാക്കും പ്രവൃത്തിയും ഒന്നു തന്നെയാണെന്നതിന് മറ്റു തെളിവുകള്‍ വേണ്ടതാനും. പുലരട്ടെ പാവപ്പെട്ടവര്‍ക്ക് ഭാസുരമായ ഒരു ന്യായ് ദിനം. അതിനായുള്ള മാറ്റത്തിനാവട്ടെ ജനാധിപത്യ ഇന്ത്യയുടെ നോട്ടം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: