X

ചിക്കൻ ബിരിയാണി ആസ്വദിക്കുന്ന കർഷകർ, പക്ഷിപ്പനി പടരാൻ കാരണമാകുന്നു: ബി.ജെ.പി എം.എൽ.എ

കർഷക പ്രക്ഷോഭത്തെ ഇകഴ്ത്തികാണിച്ച് ബി.ജെ.പി എം.എൽ.എ യുടെ പ്രസ്താവന. രാജ്യത്ത് പക്ഷിപ്പനി വർധിച്ചു വരുന്ന സാഹചര്യത്തിൽ ചിക്കൻ ബിരിയാണി കഴിച്ച് ആസ്വദിക്കുകയാണ് കർഷകരെന്നാണ് രാജസ്ഥാനിലെ ബി ജെ പി എം എൽഎ മദൻ ദിലാവർ പറഞ്ഞത്. കർഷകർ എന്ന് വിളിക്കപ്പെടുന്നവർ രാജ്യത്ത് കർഷക പ്രക്ഷോഭത്തിന്റെ പേരിൽ പിക്‌നിക് നടത്തുകയാണെന്നും ഈ കർഷകരുടെ പ്രവർത്തിയോട് താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

അവർ ഒരു പ്രക്ഷോഭത്തിലും പങ്കെടുക്കുന്നില്ല, വിശ്രമത്തിനായി ചിക്കൻ ബിരിയാണിയും ഉണങ്ങിയ പഴങ്ങളും ആസ്വദിച്ചു കഴിച്ചു കഴിയുകയാണ്, ഇതുവഴി പക്ഷിപ്പനി പടർത്താനുള്ള ഗുഢശ്രമങ്ങൾ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഈ കർഷകരെ പ്രക്ഷോഭ സ്ഥലത്ത് നിന്നും നീക്കം ചെയ്തില്ലെങ്കിൽ പക്ഷിപ്പനി രാജ്യത്താകെ വ്യാപിക്കും, അതിനാൽ ഇവരെ ഉടൻ നീക്കം ചെയ്യുകയാണ് വേണ്ടതെന്നും ദിലാവർ കൂട്ടിച്ചേർത്തു.
കർഷകർ പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കി റോഡുകൾ തടഞ്ഞിരിക്കുകയാണ്. അവർ പെട്ടന്ന് തന്നെ റോഡുകൾ ഒഴിവാക്കി തിരികെ പോകണം. കർഷകർ മാത്രമല്ലെന്നും രാജ്യത്തിന്റെ ശത്രുക്കളായ വേഷംമാറിയ തീവ്രവാദികളും കൊള്ളക്കാരും പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.

ദിലാവറിന്റെ പ്രസ്താവനയെ ഷാജഹാൻപൂരിലെ കർഷക നേതാക്കൾ വിമർശിച്ചു. പക്ഷിപനി പടർത്തുന്നവരുടെയും പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന തീവ്രവാദ/കൊള്ളക്കാരുടെ പട്ടിക ദിലാവർ നൽകാൻ തയ്യാറാകണമെന്നും കിസാൻ പഞ്ചായത്ത് ദേശീയ പ്രസിഡന്റ് രാംപാൽ ജാട്ട് ആവശ്യപ്പെട്ടു. മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാനാണ് ദിലാവർ ഇത്തരം അവാസ്ഥവമായ ആരോപണങ്ങൾ ഉന്നയിച്ചതെന്നും രാംപാൽ കൂട്ടിച്ചേർത്തു.

zamil: