തിരുവനന്തപുരം: ഫസല്‍ വധക്കേസില്‍ പുതിയ വഴിത്തിരിവുമായി ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ ഫോണ്‍ സംഭാഷണം പുറത്ത്. സുബീഷിന്റെ പൊലീസ് മൊഴിയുമായി ബന്ധപ്പെട്ട വീഡിയോ പുറത്തു വന്നതിന് പിന്നാലെയാണ് ആര്‍.എസ്.എസ് നേതാവുമായി നടത്തിയ ഫോണ്‍ സംഭാഷണം കൂടി പുറത്തായിരിക്കുന്നത്.

ഫസലിനെ എങ്ങനെയാണ് കൊലപ്പെടുത്തിയത് എന്നതടക്കം വിശദമായി തന്നെ വിവരിക്കുന്ന ഫോണ്‍ സംഭാഷണമാണ് വാര്‍ത്താ മാധ്യമങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. സൈക്കിളില്‍ പോയിരുന്ന ഫസല്‍ തങ്ങളെ കണ്ടതോടെ സൈക്കിള്‍ ഉപേക്ഷിച്ച് ഓടുകയായിരുന്നു. അവസാനം ഒരു വലിയ വീടിന്റെ ഗേറ്റില്‍ പിടിച്ച് വച്ച് അവിടെ വെച്ചു തന്നെ കാര്യം തീര്‍ക്കുകയായിരുന്നു എന്നും സംഭാഷണ മധ്യേ പറയുന്നു.

ഇന്നലെ പൊലീസിന് സുബീഷ് നല്‍കിയ മൊഴി പുറത്തു വന്നെങ്കിലും ബിജെപി നേതൃത്വം ഇത് നിഷേധിച്ചു. ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. കേസ് വഴിതിരിച്ചു വിടാനുള്ള ഫസലിന്റെ സഹോദരന്‍ സത്താറിന്റെ ശ്രമമാണിതെന്നും കേസിനെ ഇത് ഒരു തരത്തിലും ബാധിക്കില്ലെന്നും സിബിഐ വിശദീകരിച്ചിരുന്നു.

എന്നാല്‍, സുബീഷിന്റെ ഫോണ്‍ സംഭാഷണം കൂടി പുറത്തു വന്നതോടെ സിബിഐ തങ്ങളുടെ നിലപാട് പുന:പരിശോധിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ബിജെപിയുടെ ഭയപ്പെടുത്തി പറയിപ്പിച്ചെന്ന ആരോപണത്തിനും ഇപ്പോള്‍ നിലനില്‍പ്പില്ലാതായിരിക്കുന്നു.