മസ്‌കത്ത്: യെമനിലെ ഏദനില്‍നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലിനെ മോചിപ്പിച്ചു.

ഒമാന്‍ സര്‍ക്കാറിന്റെ നിര്‍ണായക ഇടപെടലുകളാണ് ഫാദറിന്റെ മോചനത്തിലേക്ക് എത്തിയത്.

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നിര്‍ണായക നീക്കം. വിഷയത്തില്‍ ഇടപെട്ട ഒമാന്‍ വിദേശകാര്യ മന്ത്രാലയം ഫാദറിന്റെ മോചനം സാധ്യമാക്കുകയായിരുന്നു.

2016 മാര്‍ച്ച് 4 നാണ് ഫാദര്‍ ടോം ഉഴുന്നാലിനെ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയത്.

ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനം ഇന്ത്യ സ്ഥിരീകരിച്ചു.  വാര്‍ത്ത പുറത്ത് വന്ന് അരമണിക്കൂറിന് ശേഷമായിരുന്നു ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ സ്ഥിരീകരണം. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് മോചന വിവരം ട്വീറ്റ് ചെയ്തു.

ഫാദറിന്റെ മോചനത്തിനായി മാസങ്ങളായി ശ്രമങ്ങള്‍ നടന്നുവരികയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ എംബസിക്ക് യെമനില്‍ കൂടുതല്‍ പ്രവര്‍ത്തനം നടത്താന്‍ സാധിക്കാത്തത് മോചനത്തിന് വിഷമം സൃഷ്ടിക്കുകയായിരുന്നു. ഇതോടെ ഒമാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കം ഫാദരിന്റെ മോചനത്തിലേക്ക് എത്തുകയായിരുന്നു.

ഒമാന്‍ സമയം ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഫാദര്‍ ടോം ഒഴുന്നാല്‍ മോചിതനാകുന്നത്. ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെ ഒമാന്‍ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചതോടെയാണ് ലോകം മോചന വാര്‍ത്ത അറിയുന്നത്. ഫാദര്‍ വിമാനത്താവളത്തില്‍ ഇറങ്ങിവരുന്ന ചിത്രം ഒമാന്‍ വിദേശകാര്യ മന്ത്രാലം പുറത്ത് വിട്ടു. അറബ് മാധ്യമങ്ങളും വാര്‍ത്തയും ചിത്രങ്ങളും പുറത്ത് വിട്ടിരുന്നു.

അതേസമയം വാര്‍ത്ത പുറത്ത് വന്ന് അരമണിക്കൂറിന് ശേഷമാണ് ഇന്ത്യ മോചനം സ്ഥിരീകരിച്ചത്.