X

യുക്രെയിന്‍- റഷ്യ യുദ്ധത്തിന് ഒരു വര്‍ഷം ; നഷ്ടം യുക്രെയിനും ലോകത്തിനും

കെ.പി ജലീല്‍

2022 ഫെബ്രുവരി 21നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ യുക്രെയിന്റെ രണ്ട് പ്രവിശ്യകളായ ഡോണസ്‌കും ലുഹാന്‍സ്‌കും സ്വതന്ത്ര രാഷ്ട്രങ്ങളാണെന്ന് പ്രഖ്യാപിച്ചത്. 2014ല്‍ ക്രിമിയയും പിടിച്ചെടുത്ത റഷ്യയുടെ ഭാഗത്തുനിന്നുള്ള ഏകപക്ഷീയനടപടിക്കെതിരെ പ്രതികരിക്കുന്നതിന് മുമ്പ് തന്നെ യുക്രെയിനിലേക്ക് സൈന്യത്തെ അയച്ചതായി പുട്ടിന്‍ പ്രഖ്യാപിച്ചു. യൂറോപ്യന്‍ രാജ്യമായയുക്രെയിനെ യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ പുട്ടിന്‍ നേരത്തെതന്നെ പ്രതിഷേധം അറിയിച്ചിരുന്നതാണ്. യുക്രെയിനെ ആക്രമിക്കുക വഴി യൂറോപ്യന്‍ ശക്തികളെ പാഠം പഠിപ്പിക്കുകയാണ് പുട്ടിന്‍ ലക്ഷ്യമിട്ടത്, അമേരിക്കയെയും. അതുതന്നെയാണ് കഴിഞ്ഞ 365 ദിവസത്തിനിടെ സംഭവിച്ചതും. റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിവെക്കാനാകാതെ യൂറോപ്പിലെ പല രാജ്യങ്ങളും വിഷമിക്കുമ്പോള്‍തന്നെയാണ് ആ രാജ്യങ്ങള്‍ ഇപ്പോള്‍ യുക്രെയിനെ സൈനികമായും സാമ്പത്തികമായും സഹായിക്കുന്നതും.

ഇക്കാലയളവില്‍ യുക്രെയിന്റെ ഗോതമ്പുശേഖരം കയറ്റുമതി ചെയ്യാനാകാതെ കിടന്നു. കോടിക്കണക്കിന് ഡോളറാണ് രാജ്യത്തിന് നഷ്ടമായത്. ഇതോടെ ഇന്ത്യയുടെ ഗോതമ്പിന് പ്രിയമേറി. പക്ഷേ ആവശ്യത്തിന് അത് തികയുന്നുമില്ല. ഇതോടെ സകലവസ്തുക്കള്‍ക്കും യൂറോപ്പില്‍ മിക്കയിടത്തും വിലവര്‍ധനയുണ്ടായി . യുക്രെയിന്‍ ജനതയുടെ പ്രയാസങ്ങള്‍ വിവരണാതീതവും. പല വന്‍നഗരങ്ങളും തരിപ്പണമായി. മരണസംഖ്യ ലക്ഷം പിന്നിട്ടു. എന്നിട്ടും ഒരു തലവന്റെ പിന്നില്‍ രാജ്യം ഒറ്റക്കെട്ടായി പിടിച്ചുനില്‍ക്കുകയാണ്. അതെ,വൊളോഡിമിര്‍ സെലന്‍സ്‌കി എന്ന ചെറുപ്പക്കാരന് പിന്നില്‍.


ഏതാനും നാളുകള്‍കൊണ്ട് തീരുമെന്ന ്കരുതിയ യുദ്ധമാണ് ഇന്ന് രാത്രിയോടെ രണ്ടാം വര്‍ഷത്തേക്ക് കടക്കുന്നത്. ഐക്യരാഷ്ട്രസഭക്ക് നോക്കിനില്‍ക്കുകയല്ലാതെ നിവൃത്തിയില്ലെന്നായി. അമേരിക്കക്കെതിരായി അടിയുറച്ചുനില്‍ക്കുന്ന ചൈനയുടെ താല്‍പര്യങ്ങളുംഈ യുദ്ധത്തില്‍കാണാം. റഷ്യക്ക് രഹസ്യമായി സഹായം ചെയ്യുകയാണ് ചൈന. അമേരിക്കയുടെ ആകാശത്ത് ഇതിനകം പ്രത്യക്ഷപ്പെട്ട ചൈനയുടെ ചാരവാഹനങ്ങള്‍ വെളിപ്പെടുത്തുന്നത് ചൈനയുടെയും റഷ്യയുടെയും കണ്ണുകളാണവയെന്നാണ്.
യുക്രെയിന്റെ തെക്ക്-വടക്കന്‍ പ്രദേശങ്ങളില്‍ യുക്രെയിന് ഇതിനകം കാര്യമായി പിടിച്ചുനില്‍ക്കാനായിട്ടില്ലെങ്കിലും തലസ്ഥാനമായ കീവില്‍ റഷ്യന്‍ സേനയെ അടുപ്പിക്കാതിരിക്കാന്‍ സൈന്യത്തിന് കഴിഞ്ഞു. രാജ്യത്തെ ചെറുപ്പക്കാരെയെല്ലാം അണിനിരത്തിയാണ് സൈന്യത്തെസെലന്‍സ്‌കി സജ്ജമാക്കിയിരിക്കുന്നത്. എങ്കിലും യുദ്ധം എത്രകാലത്തേക്ക് തുടരുമെന്ന് പറയാനാവില്ല.


കാരണം ഇതൊരു യുദ്ധമല്ല, വിജയിക്കുന്നത് പെട്ടെന്ന് വേണ്ടെന്ന നിലപാടാണത്രെ പുട്ടിനുള്ളത.് ആഭ്യന്തരമായ ഭീഷണികളെ തടയാനും വിദേശശക്തികള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും പുട്ടിന്‍ ലക്ഷ്യമിടുന്നു. നിരവധി സൈനികരെ റഷ്യക്ക് നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും ഏകാധിപതിയായ പുട്ടിന് അതിലൊന്നും പ്രയാസമില്ല. അദ്ദേഹം ശാരീരികമായി അവശനാണെന്ന വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും അതെല്ലാം പാശ്ചാത്യമാധ്യമങ്ങളുടെ സൃഷ്ടിയാണെന്ന തോന്നലും സജീവമാണ്.
സുമി, ഖാര്‍കീവ്, മരിയോപോള്‍, ഖേര്‍സണ്‍, ഒഡേസ എന്നിവിടങ്ങളിലാണ് റഷ്യയും യുക്രെയിനും കാര്യമായി പോരാടുന്നത്. തെക്കോട്ടേക്ക് കൂടുതല്‍ വരുന്നതിന് റഷ്യക്ക് തടസ്സമുണ്ട്. കടല്‍തന്നെയാണ് പ്രധാന തടസ്സം. അതോടൊപ്പം റഷ്യക്ക് കീവോ രാജ്യമോ പിടിക്കാന്‍ താല്‍പര്യമില്ലെന്ന പ്രചാരണവും വസ്തുതയാണ്. യുദ്ധം തുടര്‍ന്നുകൊണ്ട് യുക്രെയിനെ പാപ്പരാക്കുകയാണ് പുട്ടിന്റെ ഉന്നമെന്ന വ്യാഖ്യാനവും ശക്തമാണ്. അതേസമയം പുട്ടിനെതിരെ രാജ്യത്തിനകത്ത് ഉയരുന്ന പ്രക്ഷോഭം വരും നാളുകളില്‍ അദ്ദേഹത്തെ താഴെയിറക്കുമെന്ന് വിശ്വസിക്കാനാണ് യുക്രെന്‍കാര്‍ക്ക് താല്‍പര്യം. അത് സാധ്യമായാല്‍തന്നെ ക്രിമിയ പോലുള്ള നിര്‍ണായക കേന്ദ്രങ്ങള്‍ ഇനി തിരിച്ചുപിടിക്കാന്‍ യുക്രെയിന് കഴിയില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ഏതായാലും പെട്ടെന്നൊരു പരിഹാരം അസാധ്യമാകുമെന്നുതന്നെയാണ് യുദ്ധവിദഗ്ധരുടെ വിലയിരുത്തല്‍.


ചുരുക്കത്തില്‍, പുട്ടിന് യുദ്ധംതുടരണമെന്നത് എല്ലാംകൊണ്ടും ആവശ്യമാണെങ്കില്‍, സെലന്‍സ്‌കിക്ക് വേണ്ടത് രാജ്യത്തെ പ്രതിരോധിക്കലാണ്. എത്രകാലം ഇതില്‍ യൂറോപ്പിന് ഇടപെടാനാകുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയയുദ്ധം മൂന്നാമതൊരു ലോകയുദ്ധത്തിലേക്ക് നയിക്കുമോ എന്നാണ് പലരും നിരീക്ഷിക്കുന്നത്. രാസായുധം പ്രയോഗിക്കുമെന്ന ഭീഷണികളും ഇതിനിടെ ലോകത്തിന്റെ ഭീതി വര്‍ധിപ്പിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈജന്‍ യുക്രെയിനിലെത്തിയത് റഷ്യക്കെതിരെ സഹായം ഏതുവരെയും ആകുമെന്നതിന്റെ സൂചനയാണ്. എഫ് -16 യുദ്ധവിമാനങ്ങള്‍ വേണമെന്ന യുക്രെയിന്റെ ആവശ്യം ബൈഡന്‍ അംഗീകരിച്ചതുമില്ല. യൂറോപ്പില്‍ റഷ്യക്കെതിരെ വ്യോമനിരോധനമേഖല ഏര്‍പെടുത്തണമെന്ന സെലന്‍സ്‌കിയുടെ ആവശ്യം നാറ്റോ അംഗീകരിക്കാത്തതും യുക്രെയിനെ കൂടുതല്‍ വിഷമത്തിലാക്കുകയാണ്. അത് തങ്ങളുടെ രാജ്യക്കാരുടെതാല്‍പര്യങ്ങള്‍ക്ക് കൂടി എതിരാകുമെന്നാണ് അവരുടെ ന്യായം.
ലോകം മറ്റൊരു സാമ്പത്തികമാന്ദ്യത്തിലേക്ക് കടക്കുമ്പോള്‍ യൂറോപ്പിനും റഷ്യക്കും ചൈനക്കും അമേരിക്കക്കും എല്ലാം അതിന്റെ പാപഭാരം പേറേണ്ടിവരും.പാക്കിസ്താനും ശ്രീലങ്കയും ബ്രിട്ടനുമെല്ലാം അതിന്റെ പാതയിലാണ്. ജി-20യിലെ നേതൃസ്ഥാനം വെച്ച് ഇന്ത്യയുടെ പങ്കെന്താകുമെന്ന ചിന്തക്കും പ്രസക്തിയുണ്ട്. ആണവകരാറില്‍നിന്ന് പി്ന്മാറുമെന്ന പുട്ടിന്റെ ഏറ്റവും പുതിയ പ്രഖ്യാപനും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയേ ഉള്ളൂ.

 

Chandrika Web: