X

പനി പടരുന്നു: കോഴിക്കോട്ട് നാല് മരണം; മതിയായ സൗകര്യങ്ങളില്ലാതെ ആതുരാലയങ്ങള്‍

കോഴിക്കോട്: നാടെങ്ങും പനി പടരുമ്പോള്‍ മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആസ്പത്രികള്‍ പരിമിതികളുടെ നടുവില്‍. ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ചവര്‍ മെഡിക്കല്‍ കോളജിലെ മെഡിസിന്‍ വാര്‍ഡുകളില്‍ ഇടം കിട്ടാതെ വരാന്തകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. അതിനിടെ കൂരൂച്ചുണ്ടില്‍ ഒരാള്‍ കൂടി പനി മൂലം മരിച്ചു. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ചെട്ടിയാംതൊടിയില്‍ ഹസീന(27)യാണ് മരിച്ചത്.മെഡിക്കല്‍ കോളജില്‍ തന്നെ ചികിത്സയിലായിരുന്നു.

ചേരാപുരം വേളം പെരുവയലിലെ ഉണിക്കോള്‍ മണ്ണില്‍ കുഞ്ഞാമി (80) പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മൊയ്തു. മക്കള്‍: അമ്മത്, അബ്ദുറഹിമാന്‍, അബ്ദുല്‍ അസീസ്, ഖാസിം (മസ്‌ക്കറ്റ്), ഹാജറ. മരുമക്കള്‍: കെ.കെ ഇബ്രാഹിം ഹാജി, പാത്തു, ആയിശു, റംല, ഉമ്മു കുല്‍സു. സഹോദരങ്ങള്‍: സൂപ്പി, കുഞ്ഞബ്ദുല്ല, പാത്തു, ആയിഷ, ഹലീമ,ബിയ്യാത്തു, ബിരിയം, പരേതരായ പോക്കര്‍, മറിയം.
മെഡിക്കല്‍ കോളജിലെ ഒന്നു മുതല്‍ ഏഴ് വരെയുള്ള വാര്‍ഡുകളിലാണ് പനി ബാധിതരെ പ്രവേശിപ്പിക്കുന്നത്. ഓരോ വാര്‍ഡിലും 32 പേര്‍ക്ക് കിടക്കാനുള്ള സൗകര്യമാണുള്ളത്. എന്നാല്‍ നൂറു മുതല്‍ 150 പേര്‍ വരെ ഓരോ വാര്‍ഡിലും എത്തുന്നുണ്ട്. ഓരോ വാര്‍ഡിലും മൂന്ന് നഴ്‌സുമാരുടെ സേവനമാണ് ലഭിക്കുന്നത്. കട്ടിലില്‍ കിടക്കുന്ന രോഗികളെ പോലും പരിചരിക്കാന്‍ സമയം കിട്ടുന്നില്ലെന്നാണ് നഴ്‌സുമാരുടെ പരാതി. അതിനിടെ വരാന്തയിലും വാര്‍ഡില്‍ നിലത്തും കഴിയുന്നവരെ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്ന്്് നഴ്്‌സുമാര്‍ പറയുന്നു.
ഡ്ങ്കിപ്പനി, എലിപ്പനി എന്നിവ ബാധിച്ചവരെ പ്രവേശിക്കുന്ന വാര്‍ഡുകളില്‍ തന്നെ മറ്റു രോഗികളെ പ്രവേശിപ്പിക്കുന്നതും പ്രശ്‌നമാണ്. മെഡിക്കല്‍ കോളജില്‍ പനി ബാധിതര്‍ക്ക് പ്രത്യേക വാര്‍ഡ്്് തയാറാക്കണമെന്ന ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. പന്ത്രണ്ട് നഴ്‌സുമാരെ അടിയന്തരമായി നിയമിക്കുമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, ഹെല്‍ത്ത് സെന്ററുകളില്‍നിന്നും ഗ്രാമങ്ങളിലെ ആസ്പത്രികളില്‍ നിന്നും നിരവധി പേര്‍ മെഡിക്കല്‍ കോളജില്‍ എത്തുന്നുണ്ട്. ഇന്നലെ 197 പേര്‍ മെഡിക്കല്‍ കോളജില്‍ മാത്രം പനി ബാധയെ തുടര്‍ന്ന് അഡ്മിറ്റായിട്ടുണ്ട്്്. ഡങ്കിപ്പനി ബാധിച്ച് 65 പേരാണ് ചികിത്സയിലുള്ളത്. എലിപ്പനി ബാധിച്ച് ഒമ്പത് പേര്‍ ചികിത്സയിലാണ്. ഡിഫ്ത്തീരിയ ബാധിച്ചതിനെതുടര്‍ന്ന്്് 10 പേരാണ് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയിട്ടുള്ളത്. ഇതില്‍ എട്ടുപേരും മലപ്പുറം ജില്ലക്കാരാണ്. മൈസൂരില്‍ നിന്നെത്തിയ ഒരാള്‍ എച്ച്.വണ്‍ എന്‍.വണ്‍ ബാധിച്ച് ചികിത്സ തേടി. മലേരിയ ബാധിച്ച ഒരാളും ചികിത്സയിലാണ്.

chandrika: