X

യൂറോപ്പിനെതിരെ തുറന്നടിച്ച് ഫിഫ

സുറിച്ച്:ജൂലൈ അവസാനത്തില്‍ ഓസ്‌ട്രേലിയയും ന്യുസിലന്‍ഡും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ തല്‍സമയം ആസ്വദിക്കാന്‍ പ്രമുഖ യൂറോപ്യന്‍ ഫുട്‌ബോള്‍ രാജ്യങ്ങളായ ബ്രിട്ടന്‍, സ്‌പെയിന്‍, ഇറ്റലി, ജര്‍മനി, ഫ്രാന്‍സ് എന്നിവര്‍ക്ക് അവസരമുണ്ടാവില്ലേ…? ഈ രാജ്യങ്ങളില്‍ നിന്നുള്ള മല്‍സര സംപ്രേഷണാവകാശ താല്‍പ്പര്യങ്ങളില്‍ ടെലിവിഷന്‍ കമ്പനികള്‍ പ്രകടിപ്പിക്കുന്ന സാമ്പത്തിക വിമുഖതയില്‍ ഫിഫ പരസ്യമായി നിരാശ പ്രകടിപ്പിച്ചതാണ് പ്രശ്‌നമായിരിക്കുന്നത്.

ഒരു മാസം ദീര്‍ഘിക്കുന്ന വനിതാ ഫുട്‌ബോളിലെ ഏറ്റവും വലിയ ചാമ്പ്യന്‍ഷിപ്പിന്റെ സ്‌പോണ്‍സര്‍ഷിപ്പിനായി ഈ രാജ്യങ്ങളിലെ ടെലിവിഷന്‍ കമ്പനികള്‍ ചെറിയ തുകയാണ് ഓഫര്‍ ചെയ്തിരിക്കുന്നത്. ഖത്തറില്‍ സമാപിച്ച പുരുഷ ലോകകപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ മാറ്റം. ഒരു തരത്തിലും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഫിഫ തലവന്‍ ജിയാനി ഇന്‍ഫാന്‍ഡിനോ പറയുന്നത്. ലോകത്താകമാനമുള്ള വനിതാ ഫുട്‌ബോളര്‍മാരുടെ മുഖത്തേക്കുള്ള അടി എന്നാണ് കരാര്‍ തുകയെ പ്രസിഡണ്ട് വിശേഷിപ്പിച്ചത്. ഇത് അംഗീകരിക്കാനാവില്ല. നിരാശാജനകമാണ്-അദ്ദേഹം പറഞ്ഞു. ഈ അഞ്ച് രാജ്യങ്ങള്‍ യൂറോപ്പിലെ പ്രബല ഫുട്‌ബോള്‍ സംഘങ്ങളാണ്. ഇവരാണ് ഇത്രയും ചെറിയ തുക മല്‍സര സംപ്രേഷണാവകാശ കാര്യത്തില്‍ ഉന്നയിച്ചിരിക്കുന്നത്. ഇതില്‍ മാറ്റമില്ലെങ്കില്‍ ഫിഫ ഈ രാജ്യങ്ങളില്‍ വനിതാ ലോകകപ്പ് മല്‍സരങ്ങള്‍ സംപ്രേഷണം ചെയ്യാതിരിക്കാന്‍ നിര്‍ബന്ധിതരാവുമെന്ന് അദ്ദേഹം മുന്നറിയിപ്പും നല്‍കി. വനിതാ ഫുട്‌ബോളിനെ ഈ വിധം അവഗണിക്കരുത്. ഇതിനെതിരെ കളിക്കാരും ആരാധകരും ഫുട്‌ബോള്‍ അധികാരികളും പ്രധാനമന്ത്രിമാരും രാഷ്ട്രീയക്കാരും മാധ്യമ പ്രവര്‍ത്തകരും ലോകത്താകമാനം ഒരുമിക്കണം.

പുരുഷ ഫുട്‌ബോളിന് ലഭിക്കുന്ന അതേ പിന്തുണ വനിതാ ഫുട്‌ബോളിനും ലഭിക്കണം. അത് മാത്രമാണ് ഫിഫ ആവശ്യപ്പെടുന്നത്. സംപ്രേഷണാവകാശം വഴി ലഭിക്കുന്ന പണം ലോകത്താകമാനം വനിതാ ഫുട്‌ബോളിന്റെ വികസനത്തിനായാണ് ഫിഫ ഉപയോഗിക്കുക. അത് മാത്രമല്ല വന്‍കിട കമ്പനികളും മാധ്യമ സ്ഥാപനങ്ങളും വനിതാ ഫുട്‌ബോളിന്റെ പുരോഗതിക്കായി രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഖത്തറില്‍ നടന്ന പുരുഷ ലോകകപ്പിന് മാത്രം അഞ്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍ ടെലിവിഷന്‍ അവകാശത്തിലുടെ 800 ലധികം കോടിയാണ് ഫിഫക്ക് ലഭിച്ചത്. എന്നാല്‍ വനിതാ ലോകകപ്പിനായി ഇതേ അഞ്ച് രാജ്യങ്ങളില്‍ നിന്നായി എട്ട് കോടിയോളം രൂപ മാത്രമാണ് വന്‍കിട ടെലിവിഷന്‍ കമ്പനികള്‍ ക്വാട്ട് ചെയ്തിരിക്കുന്നത്.

webdesk11: