X
    Categories: NewsSports

അഞ്ചാം ടി20 ഇന്ന്; ജയിക്കുന്നവര്‍ക്ക് പരമ്പര

ബെംഗളൂരു: ഡല്‍ഹിയിലും കട്ടക്കിലും ആധികാരിക വിജയം കരസ്ഥമാക്കിയത് ദക്ഷിണാഫ്രിക്ക. വിശാഖപ്പട്ടണത്തും രാജ്‌ക്കോട്ടിലും ആധികാരികമായി തിരിച്ചടിച്ച് ഇന്ത്യ. 2-2 ല്‍ നില്‍ക്കുന്ന ടി-20 പരമ്പരയിലെ അവസാന മല്‍സരം ഇന്ന് ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുമ്പോള്‍ വര്‍ധിത ആത്മവിശ്വാസം ഇന്ത്യക്ക്.

പഞ്ചമല്‍സര ടി-20 പരമ്പരയിലെ ആദ്യ രണ്ട് മല്‍സരങ്ങളില്‍ നിറം മങ്ങിയ ഇന്ത്യന്‍ ബൗളിംഗും ബാറ്റിംഗും അവസാന രണ്ട് മല്‍സരങ്ങളില്‍ നിലവാരത്തിനൊത്തുയര്‍ന്നിരിക്കുന്നു. രാജ്‌ക്കോട്ടിലെ നാലാം മല്‍സരത്തില്‍ മുന്‍നിരയിലെ നാല് പേര്‍ വേഗത്തില്‍ പുറത്തായിട്ടും ഇന്ത്യ 169 റണ്‍സ് സ്വന്തമാക്കിയത് മധ്യനിരയില്‍ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് എന്നിവര്‍ പ്രകടിപ്പിച്ച മികവിലാണ്. അവസാന അഞ്ച് ഓവറുകളില്‍ 78 റണ്‍സാണ് ഇരുവരും നേടിയത്. ബൗളിംഗിലും ഇന്ത്യ കരുത്തരായി. മൂന്നാം മല്‍സരത്തില്‍ മൂന്ന് വിക്കറ്റ് നേടിയ യൂസവേന്ദ്ര ചാഹല്‍ നാലാം മല്‍സരത്തില്‍ രണ്ട പേരെ പുറത്താക്കി. ആവേശ് ഖാന്‍ എന്ന മീഡിയം പേസര്‍ നാല് വിക്കറ്റ് നേടി. ഭുവനേശ്വര്‍ കുമാര്‍ ആദ്യ ഓവറുകള്‍ ഗംഭീരമാക്കി. ഫീല്‍ഡിംഗിലും കാര്യമായ പിഴവുകല്‍ വന്നില്ല.

അതേ സമയം ദക്ഷിണാഫ്രിക്കക്ക് തൊട്ടതെല്ലാം പിഴച്ചു. നായകന്‍ ടെംപോ ബവൂമ പരുക്കില്‍ പുറത്തായി. ഇന്ന് അദ്ദേഹം കളിക്കാന്‍ സാധ്യതയില്ല. ആദ്യ രണ്ട് മല്‍സരങ്ങളിലും ഗംഭീര ബാറ്റിംഗ് നടത്തിയ ഡേവിഡ് മില്ലര്‍, ഹെന്‍ട്രിക് ക്ലാസണ്‍, വാന്‍ഡര്‍ ഡൂസര്‍ എന്നിവര്‍ക്കൊന്നും കൂറ്റനടികള്‍ക്കായില്ല. ബൗളിംഗിലും ഇത് തന്നെ അവസ്ഥ. കാഗിസോ റബാദ നാലാം മല്‍സരത്തില്‍ മാറി നിന്നപ്പോള്‍ പകരക്കാരനായി പന്തെറിഞ്ഞ ലുന്‍ഗി എന്‍ഗിടിക്ക് ഇന്ത്യന്‍ മധ്യനിരക്കെതിരെ കൃത്യത പുലര്‍ത്താനായില്ല. സ്പിന്നര്‍മാരായ ഷംസിക്കും കേശവ് മഹാരാജിനും ഇന്ത്യന്‍ ബാറ്റര്‍മാരെ കബളിപ്പിക്കാനാവുന്നില്ല.

ചിന്നസ്വാമി സ്‌റ്റേഡിയം ഇന്ത്യയുടെ ഭാഗ്യ വേദിയാണ്. ഇവിടെ നടന്ന മല്‍സരങ്ങളില്ലെല്ലാം ഇന്ത്യ കരുത്തരായിരുന്നു. ദിനേശ് കാര്‍ത്തിക് വ്യക്തമാക്കിയത് ഐ.പി.എല്ലില്‍ ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സിന്റെ താരമായിട്ടും ചിന്നസ്വാമിയില്‍ കളിക്കാന്‍ കഴിയാത്ത നിരാശ ഇന്ന് അതേ വേദിയില്‍ കളിച്ച് തീര്‍ക്കണമെന്നാണ്. മല്‍സരം 7-00 മുതല്‍. പക്ഷേ മഴ മല്‍സരത്തില്‍ വില്ലനാവാന്‍ സാധ്യതയുണ്ട്.

Chandrika Web: