X

സാമ്പത്തിക മാന്ദ്യം: ചെലവുചുരുക്കല്‍ നീക്കവുമായി മോദി സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ചെലവ് ചുരുക്കല്‍ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടില്‍ പിടിമുറുക്കിയാണ് ചെലവു ചുരുക്കലിന്റെ ആദ്യഘട്ടം നടപ്പാക്കുന്നത്. സാമ്പത്തിക പിന്നോക്കാവസ്ഥ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇക്കാര്യത്തിലാണ് തീരുമാനമായത്. സാമ്പത്തിക വളര്‍ച്ചാനിരക്ക് താഴുന്നതില്‍ ആശങ്കപ്പെട്ടാണ് ഇന്നലെ യോഗം ചേര്‍ന്നത്. ഇതാദ്യമായാണ് സാമ്പത്തിക തകര്‍ച്ച തിരിച്ചറിഞ്ഞ് മോദി സര്‍ക്കാര്‍ യോഗം വിളിച്ചത്. നീതി ആയോഗ് വൈസ് ചെയര്‍മാന്‍, ധനമന്ത്രാലയ സെക്രട്ടറിമാര്‍, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. അടിസ്ഥാന സൗകര്യ വികസന-നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പണം ചെലവഴിക്കുന്നത് വെട്ടിചുരുക്കാന്‍ റെയില്‍മന്ത്രി പിയൂഷ് ഗോയലുമായും വാണിജ്യസഹമന്ത്രി സി.ആര്‍ ചൗധരിയുമായും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ചര്‍ച്ച ചെയ്തിരുന്നു.
നോട്ട് നിരോധനം, ജി.എസ്.ടി നടപ്പിലാക്കല്‍ തുടങ്ങി വ്യക്തമായ ആസൂത്രണമില്ലാതെ കേന്ദ്രം നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കാരമാണ് സമ്പദ് വ്യവസ്ഥയെ തിരിച്ചടിച്ചതെന്നാണ് പരക്കെയുള്ള ആക്ഷേപം.

chandrika: