X

ആള്‍ക്കൂട്ട ആക്രമണത്തില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ 50 പ്രശസ്തര്‍ക്കെതിരെ എഫ്.ഐ.ആര്‍

മുസാഫര്‍പുര്‍: രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണം വര്‍ധിക്കുന്നതിലെ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതിയ 50 പ്രശസ്ത വ്യക്തികള്‍ക്കെതിരെ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു.രാമചന്ദ്ര ഗുഹ, സംവിധായകന്‍ മണി രത്‌നം, അടൂര്‍ ഗോപാലകൃഷ്ണന്‍, രേവതി, അപര്‍ണാ സെന്‍, അനുരാഗ് കശ്യപ്, ശ്യാം ബെനഗള്‍, സൗമിത്ര ചാറ്റര്‍ജി എന്നിവരടക്കമുള്ള 50 പ്രശസ്തരുടെ ഒപ്പോടുകൂടിയായിരുന്നു കത്ത്. ഇവര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍. സമര്‍പ്പിച്ചിരിക്കുന്നത്.

സുധീര്‍ കുമാര്‍ ഓജ എന്ന അഭിഭാഷകന്‍ സമര്‍പ്പിച്ച പരാതിയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സൂര്യകാന്ത് തിവാരിയാണ് രണ്ട് മാസം മുമ്പ് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്.

ഉന്നതര്‍ പ്രധാനമന്ത്രിക്കയച്ച കത്ത് രാജ്യത്തിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കിയതായും പ്രധാനമന്ത്രിയുടെ പ്രകടനത്തെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രമിച്ചതായും ആരോപിച്ചാണ് സുധീര്‍ കുമാര്‍ പരാതി നല്‍കിയത്. കത്ത് വിഘടനവാദ പ്രവണതകളെ പിന്തുണയ്ക്കുന്നതാണെന്നും പരാതിയിലുണ്ട്.

രാജ്യദ്രോഹം, പൊതുജന ശല്യം, മതവികാരം വ്രണപ്പെടുത്തല്‍, സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ അപമാനിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

വിയോജിപ്പുകളില്ലാത്ത ജനാധിപത്യമില്ല. ജയ് ശ്രീറാം ഇപ്പോള്‍ പോര്‍വിളി ആയി മാറിയിട്ടുണ്ടെന്നും മുസ്ലികള്‍ക്കും ദളിതുകള്‍ക്കുമെതിരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ആശങ്കയുണ്ടെന്നും കാണിച്ച് ജൂലായിലാണ് 50 ഓളം സാഹിത്യചലച്ചിത്ര പൊതുരംഗത്തെ പ്രമുഖര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്.

web desk 1: