X

വയസു പതിനാറില്‍ വിമാനം പറത്തി മലയാളി മിടുക്കി

കൊച്ചി: ആകാശത്തിന്റെ മുറ്റത്തൂടെ വിമാനം പറത്തണമെന്നത് കുഞ്ഞായിരിക്കെ തന്നെ നിലോഫറിനെ മദിച്ച മോഹമായിരുന്നു. ഒപ്പം പഠിച്ചവരെല്ലാം പത്തു കഴിഞ്ഞു പ്ലസ്ടുവിനു ചേര്‍ന്നപ്പോഴും നിലോഫര്‍ ആ മോഹത്തെ പടിക്കു പുറത്തുനിര്‍ത്തിയില്ല. പൈലറ്റ് എന്ന ഒറ്റ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയായിരുന്നു പിന്നീട് അവളുടെ നീക്കങ്ങളെല്ലാം. മകളു കണ്ട സ്വപ്‌നത്തില്‍ ആവേശിച്ച് മാതാപിതാക്കളും കൂടെ നിന്നതോടെ കണ്ട കിനാവ് ജീവിതാനുഭവത്തില്‍ കൈവരികയായിരുന്നു നിലോഫറിന്. ഒടുക്കം,വിമാനം പറത്തുന്നതിനുള്ള പ്രാഥമിക കടമ്പയായ സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ് (എസ്പിഎല്‍) നിലോഫര്‍ സ്വന്തമാക്കി. പതിനാറാം വയസ്സില്‍!

ഓണക്കാലത്ത് ഒരു പച്ചക്കറി വിപ്ലവം
മകളുടെ ആഗ്രഹത്തിനു മുന്നില്‍ ആദ്യം ഒന്നു പകച്ചെങ്കിലും അതിന്റെ തീക്ഷ്ണത തിരിച്ചറിഞ്ഞതോടെ, ദുബായില്‍ ബിസിനസുകാരനായ കാക്കനാട് സ്വദേശി മുനീര്‍ അബ്ദുല്‍ മജീദ് ഒപ്പം നിന്നു. പിന്നെ, അച്ഛനും മകള്‍ക്കും അന്വേഷണത്തിന്റെ ദിനങ്ങളായിരുന്നു. മൈസുരുവിലെ ഓറിയന്റ് ഫ്‌ലൈറ്റ് ഏവിയേഷന്‍ അക്കാദമിയിലാണ് ആ അന്വേഷണങ്ങള്‍ എത്തി നിന്നത്. സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ് നേടിയാല്‍ പൈലറ്റ് പഠനം ആരംഭിക്കാമെന്നും കുറഞ്ഞതു 40 മണിക്കൂര്‍ വിമാനം പറത്തുന്നവര്‍ക്കു െ്രെപവറ്റ് പൈലറ്റ് ലൈസന്‍സ് (പിപിഎല്‍) നേടാമെന്നും മനസ്സിലായി. ഇതോടെ അക്കാദമിയില്‍ ചേര്‍ന്നു കഠിന ശ്രമങ്ങള്‍ക്കു തുടക്കമിട്ടു. മൈസുരുവില്‍ത്തന്നെ താമസിച്ചു പഠിക്കേണ്ടി വന്നു.

വൈദ്യപരിശോധനയ്ക്കും രണ്ടര മാസത്തെ പഠനത്തിനും പരീക്ഷയ്ക്കുമൊടുവില്‍ എസ്പിഎല്‍ സ്വന്തം. അക്കാദമിയിലെ ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടിയും സംസ്ഥാനത്തു സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടിയുമാണു നിലോഫറെന്നു മുനീര്‍ പറയുന്നു.

ഇനിയുള്ള കടമ്പ കോക്പിറ്റ് സാഹചര്യങ്ങള്‍ കൃത്രിമമായി സൃഷ്ടിക്കുന്ന സിമുലേഷന്‍ പരിശീലനമാണ്. 5 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ പരിശീലനം കൂടി വിജയിച്ചാല്‍ നിലോഫറിന്റെ സ്വപ്നങ്ങള്‍ക്കു ചിറകുവിരിച്ചു പറക്കാം. രണ്ടര വര്‍ഷത്തെ പഠനവും പരിശീലനവുമാണു പിപിഎല്ലിനു വേണ്ടത്. ഈ ലൈസന്‍സ് ഉള്ളവര്‍ക്കു വിനോദ ആവശ്യങ്ങള്‍ക്കായുള്ള സ്വകാര്യ വിമാനങ്ങള്‍ പറത്താനുള്ള അനുമതി ലഭിക്കും. പരിശീലനത്തോടൊപ്പം ഓപ്പണ്‍ സ്‌കൂളില്‍ പ്ലസ്ടുവിനും ചേര്‍ന്നിട്ടുണ്ടു നിലോഫര്‍. കാരണം, പൂര്‍ണസമയ പൈലറ്റാകാനുള്ള ആഗ്രഹം പൂര്‍ണമാകണമെങ്കില്‍ കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് (സിപിഎല്‍) കൂടി വേണം. പിപിഎല്ലും പ്ലസ്ടുവും ഉള്ളവര്‍ക്കു കേവലം 6 മാസത്തെ പഠനം മാത്രം മതി കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് നേടാന്‍. സിപിഎല്‍ കൂടി നേടാനായാല്‍ ഉയരെ പറക്കുന്ന കൊമേഴ്‌സ്യല്‍ വിമാനങ്ങളുടെ കോക്പിറ്റില്‍നിന്നു നിലോഫറിന്റെ ശബ്ദവും മുഴങ്ങും. നാടിന് അഭിമാനമായി.

web desk 1: