X

‘ഗോഡ്‌സെയെ പ്രകീര്‍ത്തിക്കുന്നവര്‍ രാജ്യദ്രോഹികള്‍ അല്ല, കത്തയച്ച നമ്മള്‍ രാജ്യദ്രോഹികള്‍’: രൂക്ഷ വിമര്‍ശനവുമായി അടൂര്‍

ന്യൂഡല്‍ഹി: താന്‍ അടക്കമുള്ള ആരും രാഷ്ട്രീയ താത്പര്യത്തോടെയല്ല പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയതെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. കത്തെഴുതിയവരില്‍ ആരും രാഷ്ട്രീയക്കാരല്ല. എല്ലാവരും സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആണ്. സര്‍ക്കാരിനെതിരെ ആയിരുന്നില്ല ആ കത്തെന്നും അടൂര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ജനാധിപത്യ രാജ്യത്ത് വിനീതരായി ആള്‍ക്കൂട്ടക്കൊലപാതക വിഷയത്തില്‍ത്തില്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയും ഇടപെടലും ഉണ്ടാകണം എന്നായിരുന്നു കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. ഇതിന് പരിഹാരം വേണം എന്ന രീതിയിലാണ് കത്തെഴുതിയത്. ശരിയായ രീതിയില്‍ അതിന്റെ അര്‍ഥം മനസിലാക്കിയിരുന്നെങ്കില്‍ കോടതി തങ്ങള്‍ക്കെതിരെ കേസെടുക്കില്ലായിരുന്നു. ഗോഡ്‌സെയെ ദൈവത്തെ പോലെ പ്രകീര്‍ത്തിക്കുന്നവര്‍ രാജ്യദ്രോഹികള്‍ അല്ല. ഒരു കോടതിയും അവരെ ചോദ്യം ചെയ്യുന്നില്ല. അങ്ങനെയുള്ളവരെ നമ്മള്‍ വോട്ട് ചെയ്തു വിജയിപ്പിച്ചു വിടുന്നു. ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകുന്നില്ല. ഇത്തരം ഒരു കേസ് കോടതി അംഗീകരിച്ചത് തന്നെ ആശങ്കാജനകവും ജനാധിപത്യ വിരുദ്ധവും ജനാധിപത്യ വ്യവസ്ഥയെ ചോദ്യം ചെയ്യുന്നതുമാണെന്ന് അടൂര്‍ പ്രതികരിച്ചു.

ഗാന്ധിജിയുടെ ചിത്രത്തില്‍ വെടിയുതിര്‍ത്ത ശേഷം എല്ലാ വര്‍ഷവും തങ്ങള്‍ ഇത് ആവര്‍ത്തിക്കുമെന്ന് പറഞ്ഞവരും രാജ്യദ്രോഹികളല്ലെന്ന് അടൂര്‍ പ്രതികരിച്ചു. ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ പ്രതിഷേധമറിയിച്ചു കൊണ്ട് പ്രധാനമന്ത്രിക്ക് കത്തയച്ച 50 ഓളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഗവേഷകനായ രാമചന്ദ്ര ഗുഹ, സംവിധായകന്‍ മണി രത്‌നം അഭിനേതാക്കളായ രേവതി, അപര്‍ണ സെന്‍ തുടങ്ങിയവര്‍ക്കെതിരെയാണ് എഫ്‌ഐആര്‍. എന്ത് നടപടി സ്വീകരിച്ചു എന്നും കത്തില്‍ ചോദിച്ചിരുന്നു.

chandrika: