മഥുര: നന്ദ്ഗാവിലെ നന്ദ്ബാബ നന്ദ് മഹല്‍ ക്ഷേത്രത്തില്‍ നമസ്‌കരിച്ച രണ്ടു യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ക്ഷേത്ര ഭരണസമതിയുടെ പരാതി പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഡല്‍ഹിയിലെ ഖിദ്മത്ത് നഗറില്‍ നിന്നുള്ള ഫൈസല്‍ ഖാനും മുഹമ്മദ് ചന്ദിനുമെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇവര്‍ ക്ഷേത്രത്തില്‍ നമസ്‌കരിക്കുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഗാന്ധിയന്‍ നിലേഷ് ഗുപ്ത, അലോക് രത്‌ന എന്നിവര്‍ക്കൊപ്പമാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്. ളുഹര്‍ നമസ്‌കാരത്തിന്റെ സമയമായ വേളയില്‍ ഇവര്‍ നമസ്‌കാരം നിര്‍വഹിക്കുകയായിരുന്നു.

നമസ്‌കരിക്കാന്‍ സമ്മതം നല്‍കിയിരുന്നില്ല എന്ന് ക്ഷേത്രത്തിന്റെ ഭരണചുമതലയുള്ള കന്‍ഹ ഗോസ്വാമി പറയുന്നു. ചിത്രങ്ങള്‍ പ്രചരിച്ചതോടെ ഹിന്ദു സംഘടനകള്‍ തീവ്ര നിലപാടുകളുമായി രംഗത്തെത്തുകയായിരുന്നു. ശിക്ഷാ നിയമത്തിലെ വകുപ്പ് 153എ, 295, 505 പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.