X
    Categories: gulfNews

ഇന്ത്യന്‍ ഹാജിമാരുടെ ആദ്യ സംഘത്തിന് മദീനയില്‍ ഊഷ്മള സ്വീകരണം

അഷ്റഫ് വേങ്ങാട്ട്

റിയാദ് : ഇക്കൊല്ലത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ മദീനയിലെത്തിയ ഇന്ത്യയില്‍ നിന്നുള്ള ആദ്യ തീര്‍ത്ഥാടക സംഘത്തിന് ഊഷ്മള സ്വീകരണം. തല്‍ബിയത്തിന്റെ മാസ്മരിക ധ്വനികളുമായി പ്രവാചക നഗരിയിലറങ്ങിയ തീര്‍ത്ഥാടകരെ അംബാസഡര്‍ ഉള്‍പ്പടെ ഇന്ത്യന്‍ മിഷനും കെഎംസിസി ഉള്‍പ്പടെയുള്ള സന്നദ്ധ സംഘടന ഭാരവാഹികളും ചേര്‍ന്നാണ് സ്വീകരിച്ചത്.. കൊല്‍ക്കത്തയില്‍ നിന്നുള്ള 256 ഹാജിമാരുമായി എയര്‍ ഇന്ത്യയുടെ 5451വിമാനമാണ് ഇന്നലെ ഉച്ചക്ക് രണ്ടരയോടെ മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാന താവളത്തില്‍ എത്തിയത്. ഇതോടെ ഇക്കൊല്ലത്തെ ഹജ്ജിനുള്ള ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ വരവിന് തുടക്കമായി. കൊല്‍ക്കത്തയെ കൂടാതെ ലക്‌നൗ, ജയ്പൂര്‍ എന്നിവടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരും ഇന്നലെ മദീനയിലെത്തി.

ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ്ഖാന്‍, ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം, മദീന ഹജ്ജ് മിഷന്‍ ഇന്‍ചാര്‍ജ് സയ്യിദ് തബീഷ് എന്നിവരും സഊദി കെഎംസിസി ഹജ്ജ് സെല്‍ നേതാക്കളായ അഹമ്മദ് പാളയാട്ട്, കുഞ്ഞിമോന്‍ കാക്കിയ, വി പി മുസ്തഫ, നാസര്‍ കിന്‍സാറ,ശരീഫ് കാസര്‍ഗോഡ്, സൈദ് മൂന്നിയൂര്‍, ഗഫൂര്‍ പട്ടാമ്പി, ജലീല്‍ മദീന, വി പി മുസ്തഫ, അഷ്റഫ് അഴിഞ്ഞിലം, നഫ്സല്‍ മാസ്റ്റര്‍ തുടങ്ങി ഹജ്ജ് സെല്‍ നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചു. കെഎംസിസിയുടെ വെല്‍ക്കം കിറ്റുകള്‍ തീര്‍ത്ഥാടകര്‍ക്ക് വിതരണം ചെയ്തു.

മദീന കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ ജലീല്‍ കുറ്റ്യാടി, അഷ്റഫ് തില്ലങ്കേരി, ഇബ്രാഹിം ഫൈസി, ഫസലുറഹ്മാന്‍ പുറങ്ങ് തുടങ്ങിയവരും ഇന്ത്യന്‍ സംഘത്തെ സ്വീകരിക്കാനെത്തിയിരുന്നു.ഹജ്ജ് സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റു സംഘടനാ പ്രതിനിധികളും വിമാനത്താവളത്തിലെത്തിയിരുന്നു. താമസ സ്ഥലത്തെത്തിയ തീര്‍ഥടകരെ മദീന കെഎംസിസി വനിതാ വിഭാഗവും കുട്ടികളുമടക്കം ഊഷ്മള സ്വീകരണം നല്‍കി.

കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഒന്നേമുക്കാല്‍ ലക്ഷം തീര്‍ത്ഥാടകരാണ് ഇക്കൊല്ലം ഹജ്ജ് കര്‍മ്മത്തിനായി ഇന്ത്യയില്‍ നിന്നെത്തുന്നത്. ഇതില്‍ അമ്പത്തി അയ്യായിരം പേര്‍ പ്രവാചക നഗരിയിലാണ് വിമാനമിറങ്ങുക. ബാക്കി വരുന്ന ഒരു ലക്ഷത്തി ഇരുപതിനായിരം പേര്‍ ജിദ്ദ വിമാനത്താവളം വഴി മക്കയിലെത്തും. കേരളത്തില്‍ നിന്നുള്ള ഹാജിമാരും ഇത്തവണ ജിദ്ദയിലാണെത്തുന്നത്. കൊല്‍ക്കത്ത, ലക്‌നൗ, ജയ്പൂര്‍ എന്നിവടങ്ങളില്‍ നിന്നായി 1494 ഹാജിമാരാണ് ഇന്ന് മദീനയിലെത്തുന്നത്.മദീനയിലെത്തുന്ന ആദ്യ സംഘ ഹാജിമാര്‍ക്ക് മസ്ജിദുനബവ്വിക്ക് സമീപമുള്ള മര്‍ക്കസ്സിയയിലാണ് താമസ സൗകര്യമെരുക്കിയിരിക്കുന്നത് മദീനയിലെ എട്ട് ദിവസത്തെ താമസത്തിന് ശേഷം ആദ്യ തീര്‍ഥാടക സംഘങ്ങള്‍ മക്കയിലേക്ക് തിരിക്കും പിന്നീട് ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ശേഷം ജിദ്ധവിമാനതാവളം വഴി നാട്ടിലേക്ക് തിരിക്കും.

webdesk11: