X

ഹജ്ജ്ക്യാമ്പിന് ഭക്തിനിര്‍ഭര തുടക്കം; ആദ്യ സംഘം ഇന്ന് യാത്ര തിരിക്കും

കൊണ്ടോട്ടി: നാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കരിപ്പൂരില്‍ ഒരിക്കല്‍കൂടി സംസ്ഥാന ഹജ്ജ് ക്യാമ്പിന് തുടക്കം. ഭക്തിനിര്‍ഭരമായ ചടങ്ങിലായിരുന്നു ഹജ്ജ് ക്യാമ്പിന്റെ ഉദ്ഘാടനം. 300 പേരടങ്ങുന്ന ആദ്യ സംഘം ഇന്ന് ഉച്ചകഴിഞ്ഞ് 2.25ന് യാത്ര തിരിക്കും. മദീന സന്ദര്‍ശനത്തിനു ശേഷമാണ് തീര്‍ത്ഥാടകര്‍ മക്കിയിലെത്തുക. രണ്ടാമത്തെ സംഘം മൂന്ന് മണിക്കും യാത്ര തിരിക്കും. ഇരു സംഘവും ഇന്നലെ ക്യാമ്പിലെ ത്തി. 20 വരെ 36 സര്‍വ്വീസുകളാണ് ഹജ്ജ് യാത്രക്കായി സഊദി എയര്‍ലൈന്‍സ് ഒരുക്കുന്നത്. 2014ലാണ് കരിപ്പൂരില്‍ അവസാനമായി ഹജ്ജ് സര്‍വ്വീസ് നടന്നത്. സംസ്ഥാന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ ഉള്ളതും ഈ വര്‍ഷമാണ്. നെടുമ്പാശ്ശേരിയും ഇത്തവണ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ് ആണങ്കിലും ആകെയുള്ള 13,472 തീര്‍ത്ഥാടകരില്‍ 11,094 പേരും കരിപ്പൂര്‍ വഴിയാണ് തിരിക്കുന്നത്. 2378 പേര്‍ ജൂലൈ 14 മുതല്‍ 17 വരെ നെടുമ്പാശ്ശേരി വഴി പുറപ്പെടും. കരിപ്പൂര്‍ ഹജ്ജ് ഹൗസ് അങ്കണത്തില്‍ വൈകിട്ട് 5 മണിക്ക് നടന്ന പ്രൗഢ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. പുതുതായി നിര്‍മ്മിക്കുന്ന വനിതാ ബ്ലോക്കിന്റെ തറക്കല്ലിടല്‍ കര്‍മ്മവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.

chandrika: