X
    Categories: MoreViews

മതേതര കക്ഷികളുടെ യോജിപ്പ് അനിവാര്യം: മുസ്ലിംലീഗ്

കോഴിക്കോട്: ഭിന്നിപ്പിച്ച് നേട്ടം കൊയ്യുന്നത് തടയിടാന്‍ മതേതര ചേരി ശക്തിപ്പെടുത്തേണ്ടതിന്റെ അനിവാര്യതയാണ് അഞ്ചു സംസ്ഥാനങ്ങളിലെ വിധിയെഴുത്ത് വ്യക്തമാക്കുന്നതെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. മോദി പ്രഭാവത്തെ കൊട്ടിഘോഷിക്കുന്നവര്‍ രണ്ടു സംസ്ഥാനങ്ങളില്‍ ബി.ജെ.പി മുന്നണിയെ ജനം പുറത്താക്കിയതിനെ കണ്ടില്ലെന്ന് നടിക്കുകയാണ്. സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരായ തരംഗമാണ് പൊതുവെ പ്രകടമായത്. പഞ്ചാബില്‍ ബി.ജെ.പി സഖ്യം മൂന്നാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്.
നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയാവുന്നതിനും മുമ്പ് യു.പി ഭരിച്ച പാര്‍ട്ടിയാണ് ബി.ജെ.പി. ഉത്തരാഖണ്ഡും ഉത്തര്‍പ്രദേശും ഒന്നായിരുന്നപ്പോള്‍ ബി.ജെ.പി ഭരിച്ച സംസ്ഥാനങ്ങളിലെ അവരുടെ തിരിച്ചുവരവ് കേന്ദ്ര ഭരണത്തിന് അനുകൂലമാണെന്നും മോദിതരംഗമാണെന്നും പ്രചരിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ല. രാജ്യത്തെ വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ എസ്.പി-ബി.എസ്.പി-ഇടതുകക്ഷികളായി ഭിന്നിച്ചത് മുതലെടുത്തും വര്‍ഗീയ കാര്‍ഡിറക്കിയും ബി.ജെ.പിനേടിയ വിജയം സ്ഥായിയല്ല.
യു.പിയിലെ സംഘ്പരിവാര്‍ മുന്നേറ്റം ആശങ്കപ്പെടുത്തുന്നതാണെങ്കിലും മറ്റിടങ്ങളില്‍ പ്രതീക്ഷയുടെ വെളിച്ചമാണ് കാണുന്നത്. ബി.ജെ.പിയെ പഞ്ചാബിലും ഗോവയിലും ജനം പുറംതള്ളിയത് നിസ്സാരമല്ല. മണിപ്പൂരില്‍ കോണ്‍ഗ്രസ്സിലെ എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് ഒഴുകിയിട്ടും ഭരണ വിരുദ്ധ വികാരം പ്രചരിപ്പിച്ചിട്ടും ബി.ജെ.പിക്ക് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനായില്ല. ഗോവയിലെ മുഖ്യമന്ത്രി പോലും തോല്‍വി ഏറ്റുവാങ്ങിയാണ് അധികാരം വിടുന്നത്.
പഞ്ചാബിലും ഗോവയിലും തിരിച്ചുവരവ് നടത്തിയ കോണ്‍ഗ്രസ്സിന്റെ വിജയം ചെറുതായി കാണാനാവില്ല. കോണ്‍ഗ്രസ്സ് മുക്തഭാരതം എന്നത് ബി.ജെ.പിയുടെ ദിവാസ്വപ്‌നമാണെന്ന് വ്യക്തമായ തെരഞ്ഞെടുപ്പുകൂടിയാണിതെന്നത് മതേതര ചേരിക്ക് ആശ്വാസം പകരും. മതേതര-ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിന്റെ അനിവാര്യതയെ അടിവരയിടുന്നതാണ് വിധിയെഴുത്ത്. ഇതേ കുറിച്ച് ഇനിയെങ്കിലും ഉത്തരവാദപ്പെട്ട കക്ഷികള്‍ ഉണര്‍ന്നു ചിന്തിക്കണം.
പ്രാദേശിക-ദേശീയ പാര്‍ട്ടികള്‍ക്കെല്ലാം ഇക്കാര്യത്തില്‍ തുല്ല്യ ഉത്തരവാദിത്വമാണുള്ളത്. മാസങ്ങള്‍ക്കകം രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് രണ്ടു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ പരസ്പരം കലഹം അവസാനിപ്പിച്ച് പൊതു എതിരാളിക്കെതിരെ യോജിപ്പോടെ നീങ്ങണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.

chandrika: